‘ദാമോദര മേനോൻ’ വീണ്ടും ആവർത്തിച്ച് വി.ഡി. സതീശൻ; എംഎൽഎമാരുടെ സത്യപ്രതിജ്ഞ പൂർത്തിയായി.

തിരുവനന്തപുരം: മുഖ്യമന്ത്രിയായുള്ള സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ എംഎൽഎയായുള്ള സത്യപ്രതിജ്ഞയിലും പിതാവിന്റെ പേര് ചേർത്ത് വി.ഡി. സതീശൻ സത്യവാചകം ചൊല്ലി. ‘വടശേരി ദാമോദര മേനോൻ സതീശൻ’ എന്ന പൂർണനാമം ഉപയോഗിച്ചാണ് മുഖ്യമന്ത്രി നിയമസഭയിൽ സത്യപ്രതിജ്ഞ ചെയ്തത്.
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ‘ദാമോദര മേനോൻ’ എന്ന പേര് ഉപയോഗിച്ചത് വലിയ രാഷ്ട്രീയ-മാധ്യമ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. ജാതിപ്പേര് ഉയർത്തിക്കാട്ടുന്നതാണെന്ന വിമർശനങ്ങളും ഉയർന്നു. എന്നാൽ ഔദ്യോഗിക രേഖകളിലുള്ള തന്റെ പൂർണനാമമാണ് ഉപയോഗിച്ചതെന്നും, മാതാപിതാക്കളുടെ പേര് അത്തരമൊരു വേദിയിൽ പറയുന്നത് അഭിമാനകരമാണെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. അതേ നിലപാട് ആവർത്തിക്കുന്നതായിരുന്നു ഇന്നത്തെ സത്യപ്രതിജ്ഞയും.
പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയ്ക്ക് ശേഷം നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രോടെം സ്പീക്കർ ജി. സുധാകരന് മുന്നിലായിരുന്നു അംഗങ്ങൾ സത്യവാചകം ചൊല്ലിയത്. അക്ഷരമാലാക്രമത്തിലായിരുന്നു സത്യപ്രതിജ്ഞ. ഇംഗ്ലീഷിലും കന്നഡയിലുമായി ചില അംഗങ്ങൾ സത്യവാചകം ചൊല്ലി.
ഇത്തവണ ചരിത്രത്തിൽ ആദ്യമായി മൂന്ന് ബിജെപി അംഗങ്ങൾ നിയമസഭയിലെത്തി. ബിജെപിയുടെ ഭാഗത്തുനിന്ന് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് ചാത്തന്നൂർ എംഎൽഎ ബി.ബി. ഗോപകുമാറാണ്. പിതാവ് ഉമ്മൻചാണ്ടിയുടെ ചിത്രമുള്ള ടീഷർട്ട് ധരിച്ചാണ് പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ സഭയിലെത്തിയത്.
സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ സ്പീക്കറുടെ ഡയസിലെത്തി പ്രോടെം സ്പീക്കർ ജി. സുധാകരനുമായി പിണറായി വിജയൻ ഹസ്തദാനം നടത്തി. ഇരുവരും സൗഹൃദ സംഭാഷണത്തിലേർപ്പെട്ടു. സ്പീക്കറുടെ കസേരയിൽ നിന്ന് എഴുന്നേറ്റ് തൊഴുത സുധാകരന്റെ തോളിൽ തട്ടിയാണ് പിണറായി സംസാരിച്ചത്.
നാളെയാണ് സ്പീക്കർ തെരഞ്ഞെടുപ്പ്. 29ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം നടക്കും. ജൂൺ 1 മുതൽ 3 വരെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയത്തിൽ സഭ ചർച്ച നടത്തും.




