ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം; രണ്ട് പേർ കൂടി പിടിയിൽ, അറസ്റ്റിലായവർ ഏഴായി.

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് (ഇ.ഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. നരുവാമൂട് സ്വദേശി കിരൺ, വട്ടിയൂർക്കാവ് സ്വദേശി അനിൽ എന്നിവരാണ് പുതുതായി പിടിയിലായത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി.
ബുധനാഴ്ച രാത്രിയോടെ അഞ്ച് പ്രതികളുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിരുന്നു. പിടിയിലായ അഞ്ച് സിപിഎം പ്രവർത്തകരെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യും. ആക്രമണവുമായി ബന്ധപ്പെട്ട അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.
ഇതിനിടെ പ്രതികളെ കണ്ടെത്തുന്നതിനായി വിവിധ ജില്ലകളിലായി നാൽപ്പതോളം കേന്ദ്രങ്ങളിൽ പൊലീസ് ഒരേസമയം പരിശോധന നടത്തി. ആക്രമണത്തിൽ നേരിട്ട് പങ്കുണ്ടെന്നു കരുതുന്ന തിരുവനന്തപുരം കോർപറേഷൻ മുൻ കൗൺസിലർമാരായ ഐ.പി. ബിനു, ആറ്റുകാൽ ഉണ്ണി എന്നിവരുൾപ്പെടെയുള്ള പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
ഇവരെ കണ്ടെത്തുന്നതിനായി വീടുകളിലും ബന്ധുക്കളുടെ വസതികളിലും പൊലീസ് വ്യാപക പരിശോധന നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താനായിട്ടില്ല. ഒളിവിലുള്ള പ്രതികൾക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുന്നതടക്കമുള്ള നടപടികളിലേക്ക് പൊലീസ് കടന്നിട്ടുണ്ട്.
വധശ്രമം ഉൾപ്പെടെയുള്ള ഗുരുതര വകുപ്പുകൾ ചുമത്തിയാണ് നിലവിൽ പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിന് പുറമെ, ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരെ മർദ്ദിച്ച സംഭവത്തിലും സിപിഎം പ്രവർത്തകർക്കെതിരെ മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്യാനാണ് പൊലീസിന്റെ നീക്കം.




