FeaturedIndiaLatest News

ഡൽഹി ഹോട്ടലിൽ വൻ തീപിടിത്തം; 20 മരണം, 11 പേർക്ക് ഗുരുതര പരുക്ക്

ന്യൂഡൽഹി: തെക്കൻ ഡൽഹിയിലെ മാളവ്യ നഗറിലുള്ള ഹോട്ടലിൽ ഉണ്ടായ മാരകമായ തീപിടിത്തത്തിൽ 20 പേർ മരിച്ചു. 11 പേർക്ക് ഗുരുതരമായി പൊള്ളലേറ്റു. ബുധനാഴ്ച രാവിലെ 8.50 ഓടെ ഹൗസ് റാണി പ്രദേശത്തെ ‘മികാസ ഇൻ’ ഹോട്ടലിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിലെത്തിയ വിദേശ പൗരന്മാരാണെന്നാണ് പ്രാഥമിക വിവരം.

അഞ്ച് നിലകളുള്ള ഹോട്ടലിന്റെ ബേസ്‌മെന്റിൽ പ്രവർത്തിച്ചിരുന്ന ‘ലെമൺ ഗ്രീൻ’ റസ്റ്റോറന്റിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ബേസ്‌മെന്റിൽ നിന്നു പടർന്ന തീയും കനത്ത പുകയും അതിവേഗം ഹോട്ടലിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിച്ചു. ശ്വാസംമുട്ടിയാണ് നിരവധി പേർ മരിച്ചതെന്ന് അധികൃതർ അറിയിച്ചു.

പുക നിറഞ്ഞതിനെ തുടർന്ന് രക്ഷപ്പെടാനായി ചിലർ കെട്ടിടത്തിന്റെ മുകളിൽ നിന്ന് താഴേക്ക് ചാടിയതായും ദൃക്‌സാക്ഷികൾ പറഞ്ഞു. വിവരമറിഞ്ഞെത്തിയ ഡൽഹി ഫയർ സർവീസിന്റെ പത്തോളം അഗ്നിശമന യൂണിറ്റുകൾ മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

ഫയർഫോഴ്സും പൊലീസും ചേർന്ന് കെട്ടിടത്തിൽ കുടുങ്ങിക്കിടന്ന 37 ഓളം പേരെ രക്ഷപ്പെടുത്തി. പൊള്ളലേറ്റവരെയും ശ്വാസതടസ്സം അനുഭവപ്പെട്ടവരെയും സാകേതിലെ മാക്സ് ആശുപത്രി ഉൾപ്പെടെയുള്ള സമീപത്തെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ആരംഭിച്ചു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button