സംസ്ഥാനത്ത് അതിശക്ത മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ.

തിരുവനന്തപുരം: കേരളത്തിൽ കാലവർഷം ശക്തിപ്രാപിച്ചതോടെ അടുത്ത അഞ്ച് ദിവസങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് (ഐ.എം.ഡി) മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ച് പുതുക്കിയ മഴ സാധ്യതാ പ്രവചനം പുറത്തിറക്കി.
ഇന്ന് (ജൂൺ 4) തിരുവനന്തപുരം മുതൽ തൃശൂർ വരെയുള്ള തെക്കൻ, മധ്യകേരളത്തിലെ എട്ട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ മഴ വടക്കൻ ജില്ലകളിലേക്കും വ്യാപിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. 24 മണിക്കൂറിനിടെ 115.6 മില്ലിമീറ്റർ മുതൽ 204.4 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് അതിശക്തമായ മഴയായി (Very Heavy Rainfall) കണക്കാക്കുന്നത്.
ജൂൺ 5 മുതൽ 8 വരെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് തുടങ്ങിയ ജില്ലകളിൽ വിവിധ ദിവസങ്ങളിലായി ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം, ഓറഞ്ച് അലർട്ട് ഇല്ലാത്ത മറ്റ് ജില്ലകളിൽ ശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു.
24 മണിക്കൂറിനിടെ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴയായി (Heavy Rainfall) വിശേഷിപ്പിക്കുന്നത്. ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മലയോര മേഖലകളിലും തീരദേശ പ്രദേശങ്ങളിലുമുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണമെന്നും, ദുരന്തനിവാരണ അതോറിറ്റിയുടെയും പ്രാദേശിക ഭരണകൂടങ്ങളുടെയും നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അറിയിച്ചു.
ഓറഞ്ച് അലർട്ട്
ജൂൺ 4: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ.
ജൂൺ 5: എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 6: പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 7: തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 8: കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
മഞ്ഞ അലർട്ട്
ജൂൺ 4: പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്.
ജൂൺ 5: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി.
ജൂൺ 6: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ.
ജൂൺ 7: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ജൂൺ 8: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം.




