KeralaLatest NewsPolitics

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്: സി.പി.എം നേതാക്കളുള്‍പ്പെടെ 28 പ്രതികള്‍ വിചാരണ നേരിടണം; പ്രത്യേക കോടതിയുടെ ഉത്തരവ്

കൊച്ചി: കരുവന്നൂര്‍ സഹകരണ ബാങ്ക് കള്ളപ്പണ ഇടപാട് കേസില്‍ സി.പി.എം നേതാക്കളുള്‍പ്പെടെ മുഴുവന്‍ പ്രതികളും വിചാരണ നേരിടണമെന്ന് കൊച്ചി കലൂരിലെ പ്രത്യേക പി.എം.എല്‍.എ കോടതി ഉത്തരവിട്ടു. കേസിലെ 28 പ്രതികള്‍ക്കെതിരെയും പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കോടതി നിരീക്ഷിച്ചു.

തങ്ങള്‍ക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്ന പ്രതികളുടെ വാദം കോടതി തള്ളി. മുന്‍ മന്ത്രിയും എം.എല്‍.എയുമായ എ.സി. മൊയ്തീന്‍, എം.പി കെ. രാധാകൃഷ്ണന്‍, സി.പി.എം തൃശൂര്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെയാണ് കോടതി നടപടി സ്വീകരിച്ചത്. സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയെയും കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്.

പ്രതികള്‍ അടുത്ത മാസം നാലിന് കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് നിര്‍ദേശിച്ച് സമന്‍സ് അയച്ചിട്ടുണ്ട്.

വ്യാജരേഖകള്‍ ഉപയോഗിച്ചും ഒരേ വസ്തു പലതവണ പണയപ്പെടുത്തിയുമാണ് കോടിക്കണക്കിന് രൂപയുടെ ബെനാമി വായ്പകള്‍ അനുവദിച്ചതെന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍. തട്ടിപ്പിലൂടെ സമ്പാദിച്ച തുകയുടെ ഒരു ഭാഗം സി.പി.എം തൃശൂര്‍ ജില്ലാ കമ്മിറ്റിയുടെ അറിവോടെ പാര്‍ട്ടി ഫണ്ടിലേക്കും ചില നേതാക്കളിലേക്കും എത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ആരോപിക്കുന്നത്.

കേസില്‍ ഏകദേശം 180 കോടി രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡി വ്യക്തമാക്കുന്നത്. ഇതില്‍ 128 കോടി രൂപയോളം ഇതിനകം പ്രതികളില്‍നിന്ന് കണ്ടുകെട്ടിയതായും അന്വേഷണ ഏജന്‍സി അറിയിച്ചു.

ബാങ്കില്‍ തട്ടിപ്പ് നടന്ന വിവിധ കാലഘട്ടങ്ങളില്‍ തൃശൂര്‍ ജില്ലയിലെ സി.പി.എം സെക്രട്ടറിമാരായിരുന്ന നേതാക്കളാണ് ഇപ്പോള്‍ വിചാരണ നേരിടേണ്ട സാഹചര്യമുണ്ടായിരിക്കുന്നതെന്നത് കേസിന്റെ ശ്രദ്ധേയമായ വശമാണ്.

Show More

Related Articles

Back to top button