AmericaCrimeLatest News

ഹൂസ്റ്റണിൽ  യുവാവിനെ വെടിവെച്ചുകൊന്ന കേസ്: ഒളിവിൽ കഴിയുന്ന പ്രതികളെ  കണ്ടെത്താൻ  പോലീസ് പൊതുജനങ്ങളുടെ സഹായം തേടി.

ഹൂസ്റ്റൺ: ഹൂസ്റ്റണിലെ ഷുഗർ ലാൻഡിന് സമീപമുള്ള സ്ട്രിപ്പ് സെന്റർ പാർക്കിംഗ് ലോട്ടിൽ കഴിഞ്ഞ ശനിയാഴ്ച ഉണ്ടായ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികളായ യുവാവിനും യുവതിക്കുമെതിരെ കൊലക്കുറ്റം ചുമത്തി. ഇദ്രിസ് ഉമാരു (23), ആക്സി മോജിക്ക (22) എന്നിവരാണ് കേസിലെ പ്രതികൾ. നിലവിൽ ഒളിവിൽ കഴിയുന്ന ഇവരെ കണ്ടെത്താൻ ഹൂസ്റ്റൺ പോലീസ് പൊതുജനങ്ങളുടെ സഹായം തേടിയിട്ടുണ്ട്.

വെടിവെപ്പിന് ശേഷം സംഭവസ്ഥലത്തുനിന്ന് പ്രതികൾ രക്ഷപ്പെടുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ചൊവ്വാഴ്ച (ജൂൺ 9) ഫോർട്ട് ബെൻഡ് കൗണ്ടി അധികൃതർ ഇവർക്കെതിരെ കൊലക്കുറ്റം ചുമത്തിയത്.

വെടിയേറ്റ് മരിച്ചത് 39 കാരനായ സീൻ ബ്രീ ആണെന്ന് പോലീസ് തിരിച്ചറിഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ ബെൽകനാപ് റോഡിലെ പാർക്കിംഗ് ലോട്ടിലാണ് സീന് വെടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രതികളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഹൂസ്റ്റൺ പോലീസ് ഹോമിസൈഡ് ഡിവിഷനെയോ (713-308-3600), ക്രൈം സ്റ്റോപ്പേഴ്സിനെയോ (713-222-TIPS) വിവരമറിയിക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചു. വിവരങ്ങൾ നൽകുന്നവരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും.

പി പി ചെറിയാൻ

Show More

Related Articles

Back to top button