AmericaLatest NewsNewsPolitics

കൊടുംകാറ്റ്: നാഷണൽ മാളിലെ ട്രംപിന്റെ പ്രസംഗത്തിന് സുരക്ഷാ നിയന്ത്രണം; ആഘോഷങ്ങൾക്കും തിരിച്ചടി.

വാഷിങ്ടൺ: യുഎസിന്റെ 250-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാഷിങ്ടണിലെ നാഷണൽ മാളിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്താനിരുന്ന പ്രസംഗത്തിന് മുന്നോടിയായി ഉണ്ടായ കൊടുംകാറ്റ് സുരക്ഷാ ആശങ്കകൾ ഉയർത്തി. ഇതിനെ തുടർന്ന് യു.എസ്. സീക്രട്ട് സർവീസ് പൊതുജനങ്ങളുടെ പ്രവേശനം താൽക്കാലികമായി നിർത്തിവയ്ക്കുകയും സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറാൻ ആളുകളോട് നിർദേശിക്കുകയും ചെയ്തു.

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ട്രംപ് നാഷണൽ മാളിൽ പ്രസംഗിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. പ്രസംഗത്തിന് പിന്നാലെ വെടിക്കെട്ട് ഉൾപ്പെടെയുള്ള ആഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നതായി അധികൃതർ അറിയിച്ചു.

അതേസമയം, കൊടുംകാറ്റിനും അതിശക്തമായ ചൂടിനും പിന്നാലെ ബോസ്റ്റൺ, ഫിലഡെൽഫിയ, ന്യൂയോർക്ക് സിറ്റി എന്നിവിടങ്ങളിലെ സ്വാതന്ത്ര്യദിനാഘോഷങ്ങളെയും ബാധിച്ചു. പരേഡുകളും വെടിക്കെട്ടും ഉൾപ്പെടെ നിരവധി പരിപാടികൾ തടസ്സപ്പെടുകയോ വൈകുകയോ ചെയ്തു.

വാഷിങ്ടണിൽ ചരിത്രം കുറിക്കുന്ന ജനക്കൂട്ടം എത്തിയിട്ടുണ്ടെന്ന് ട്രംപ് എക്‌സിൽ കുറിച്ചതിന് പിന്നാലെയാണ് നാഷണൽ മാളിലെ സുരക്ഷാ പരിശോധന സീക്രട്ട് സർവീസ് താൽക്കാലികമായി നിർത്തിവച്ചത്. “ചൂട് ഉണ്ടെങ്കിലും വാഷിങ്ടൺ ഡി.സിയിലെ ജനക്കൂട്ടം അവിശ്വസനീയമാണ്. നമ്മുടെ രാജ്യത്തോടുള്ള സ്നേഹം ഇത്ര ശക്തമായിരുന്നതായി മുമ്പ് കണ്ടിട്ടില്ല,” എന്നാണ് ട്രംപ് കുറിച്ചത്.

ട്രംപ് രാത്രി 10 മണിയോടെ ലിങ്കൺ മെമ്മോറിയലിൽ എത്തുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ഏറ്റവും ഒടുവിൽ ലഭിച്ച വിവരമനുസരിച്ച് അദ്ദേഹം വൈറ്റ് ഹൗസിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്.

Show More

Related Articles

Back to top button