ഭക്ഷ്യസംസ്കരണ ചേരുവകള്‍, മെഷീനറി, പാക്കിംഗ്, അനുബന്ധ സേവനങ്ങളുമായി 200ല്‍ പരം സ്റ്റാളുകളില്‍
കൊച്ചി: ഫുഡ്ടെക് കേരള പ്രദര്‍ശനത്തിന്റെ പതിനേഴാമത് പതിപ്പിന് കൊച്ചി കലൂരിലെ ജെഎന്‍ ഇന്റര്‍നാഷനല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഓണ്‍ലൈനിലും വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് തുടങ്ങിയവര്‍ ഓഫ്ലൈനിലുമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പിന്തുണയോടെ ഈ മേഖലയില്‍ പുതിയ സംരംഭങ്ങള്‍ക്കുള്ള സാമ്പത്തിക, സാങ്കേതിക സഹായങ്ങള്‍ നല്കാന് വ്യവസായ വകുപ്പ് പ്രതിജ്ഞാബദ്ധമാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. പി.എം.എഫ്.എം.ഇ. പദ്ധതിയില്‍ 1.5 ലക്ഷത്തില്‍പരം സൂക്ഷ്മ ഭക്ഷ്യഉല്‍പ്പന്ന സംരംഭങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു. അടുത്ത ഘട്ടത്തില്‍ കയറ്റുമതിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചി നഗരസഭ ചെയര്പേഴ്സന് അഡ്വ. വി.കെ. മിനിമോള്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദേവേഷ് ദേവല്‍, റിസര്‍വ്വ് ബാങ്ക് റീജണല്‍ ഡയറക്ടര്‍ പ്രവീണ്‍കുമാര്‍ വസന്തരാമചന്ദ്രന്, കേന്ദ്ര ഭക്ഷ്യസംസ്കരണ വ്യവസായ വകുപ്പ് ഡപ്യൂട്ടി സെക്രട്ടറി അരുണവ സെന്‍ഗുപ്ത, കിന്‍ഫ്ര മാനേജിംഗ് ഡയറക്ടര്‍ സന്തോഷ് കോശി തോമസ്, കെ ബിപ് സി.ഇ.ഒ സൂരജ് എസ്, ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് അഡീഷണല്‍ ഡയറക്ടര്‍ സിമി സി.എസ്, എസ്എല്‍ബിസി കേരളം കണ്‍വീനര്‍ വി.എസ്. സന്തോഷ്, നഗരസഭ കൗണ്‍സിലര്‍ അഡ്വ. ദീപ്തി മേരി വര്‍ഗീസ്, ഡിസ്ട്രിക്ട് ഇന്‍ഡസ്ട്രീസ് സെന്റര്‍ ജനറല്‍ മാനേജര്‍ രാകേഷ് വി.ആര്, എസ്ഐസിസിഐ കേരളം ചെയര്മാന് ഡോ. തോമസ് നെച്ചുപ്പാടം, ഇന്‍സ്ട്രീസ് ആന്‍ഡ് കൊമേഴ്സ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി, ക്രൂസ് എക്സ്പോസ് സിഇഒ ജോസഫ് കുര്യാക്കോസ് എന്നിവര്‍ പ്രസംഗിച്ചു.
ഇന്നും (ഒക്ടോ 10) നാളെയും തുടരുന്ന പ്രദര്‍ശനത്തില്‍ 185 സംരംഭകരുടെ 200ല്‍ അധികം സ്റ്റാളുകളാണുള്ളത്. മൂല്യവര്ധി ഭക്ഷ്യ ഉല്‍പ്പന്നങ്ങളെ കൂടാതെ ഭക്ഷ്യസംസ്ക്കരണത്തിനും സ്റ്റോറേജിനുമുള്ള ഉപകരണങ്ങള്‍ വിവിധ പാക്കിംഗ് ഉപകരണങ്ങളും പ്രദര്‍ശനത്തിലുണ്ട്. വ്യവസായ വകുപ്പ്, കേരള ബ്യൂറോ ഓഫ് ഇന്‍ഡസ്ട്രിയല്‍ പ്രമോഷന് (കെ-ബിപ്), എം.എഫ്.പി.ഒ.ഐ., നബാര്‍ഡ്, നോര്‍ക്ക-റൂട്ട്സ്, കേരള കാര്‍ഷിക സര്‍വകലാശാല എന്നിവയുടെ പിന്തുണയോടെയാണ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. പി.എം.എഫ്.എം.ഇ. പദ്ധതിയുടെ ഭാഗമായ സംസ്ഥാനത്തെ 100-ലേറെ എഫ്.പി.ഒ. യൂണിറ്റുകള്‍ ഭാഗമാകുന്ന പ്രത്യേക പവലിയനുമുണ്ട്. ഭക്ഷ്യസംസ്കരണ മേഖലയിലെ സംരംഭകരെയും യന്ത്രസാമഗ്രി, ഉപകരണ നിര്‍മാതാക്കളെയും വിതരണക്കാരെയും വാങ്ങലുകാരെയും ഇറക്കുമതിക്കാരെയും ഒരേ വേദിയിലെത്തിക്കുന്നതിലൂടെ കേരളത്തിലെ ഭക്ഷ്യവ്യവസായ മേഖലയ്ക്ക് കൂടുതല്‍ വിപണി സാധ്യതകള്‍ തുറക്കുന്ന പ്രദര്‍ശം പുതിയ സാങ്കേതികവിദ്യകളും വിപണി സാധ്യതകളും പുതിയ സംരംഭകര്‍ക്കു പരിചയപ്പെടാനുമുള്ള അവസരമാണെന്ന് സംഘാടകരായ ക്രൂസ് എക്സ്പോസ് സിഇഒ ജോസഫ് കുര്യാക്കോസ് പറഞ്ഞു.
പ്രദര്‍ശനത്തിന്റെ ആദ്യദിനം ആസ്സാമില്‍ നിന്നുള്ള ഇകെ എസ്റ്റേറ്റ്സ് ആതിഥ്യം വഹിച്ച ബി2ബി നെറ്റ്വര്ക്കിംഗ് സെഷന് നടന്നു. കേരളത്തിലെ സൂപ്പര്‍മാര്‍ക്കറ്റുകളുടെ നോഡല്‍ അസോസിയേഷനായ സ്വാക്, ഹോസ്പിറ്റാലിറ്റി പര്‍ച്ചേസ് മാനേജേഴ്സ് ഫോറം (എച്ച്പിഎംഎഫ്) കേരള ചാപ്റ്റര്‍ അംഗങ്ങള്‍, എഫ് ആന്‍ഡ് ബി പ്രൊഫഷനലുകള്‍, ഷെഫുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. രണ്ടാം ദിനമായ ഇന്ന് (ഒക്ടോ 10) ചെന്നൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാക്കേജിങ് (ഐ.ഐ.പി.) സംസ്ഥാനത്തെ ഭക്ഷ്യസംസ്കരണ സംരംഭകര്‍ക്കായി ഭക്ഷ്യപാക്കേജിങ് പരിശീലന പരിപാടിയും സംഘടിപ്പിക്കും.
കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ നടക്കുന്ന ഫുഡ് ടെക് 2026 പ്രദര്‍ശന സ്റ്റാള്‍ സംസ്ഥാന വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പിഎം. മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മിന്‍ഹാജ് ആലം, കൊച്ചി നഗരസഭ കൗണ്‍സിലര്‍ അഡ്വ. ദീപപ്തി മേരി വര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യുന്നു. ഇന്‍ഡസ്ട്രീസ് ആന്‍ഡ് കൊമേഴ്സ് അഡീഷണല്‍ ഡയറക്ടര്‍ രാജീവ് ജി , കേന്ദ്ര ഭക്ഷ്യ സംസ്ക്കരണ വ്യവസായ വകുപ്പ് ജോയിന്റ് സെക്രട്ടറി ദേവേഷ് ദേവല്‍ , കെ – ബിപ്പ് സി ഇ ഒ സൂരജ് എസ് എന്നിവര്‍ സമീപം












































