ബസ് സ്റ്റാൻഡിൽ നിർത്തിയിട്ട ബസിനുള്ളിൽ യുവതി ബലാത്സംഗത്തിന് ഇരയായി; പ്രതിയ്ക്കായി തിരച്ചിൽ

മുംബൈ: പോലീസ് സ്റ്റേഷന്റെ സമീപത്ത് നിർത്തിയിട്ട ബസിനുള്ളിൽ 26കാരി ബലാത്സംഗത്തിനിരയായി. സ്വർഗേറ്റ് ഡിപ്പോയിലെ മഹാരാഷ്ട്ര സ്റ്റേറ്റ് ട്രാൻസ്പോർട്ട് ബസിലാണ് സംഭവം.
സി.സി.ടി.വി ദൃശ്യങ്ങളിൽ നിന്നു പ്രതിയെ തിരിച്ചറിഞ്ഞെങ്കിലും പിടികൂടാനായില്ല. നിരവധി കേസുകളിൽ പ്രതിയായ ദത്താത്രേയ ഗഡെ (36) എന്നയാളെ പിടികൂടാൻ വൻ തിരച്ചിലിലാണ് പോലീസ്.
നാട്ടിലേക്ക് പോകാനായുള്ള ബസാണെന്ന് തെറ്റിധരിപ്പിച്ച് യുവതിയെ ബസിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയാണ് സംഭവം നടന്നത്.
ബസ് കാത്തുനിന്നിരുന്ന യുവതിയോട് എങ്ങോട്ടാണെന്നു ചോദിച്ച പ്രതി സമീപത്തെ ബസ് ആണെന്ന് പറഞ്ഞ് ബസിലേക്കു കൂട്ടിക്കൊണ്ടുപോയി. വെളിച്ചമില്ലാത്തതിനെ കുറിച്ച് യുവതി സംശയം പ്രകടിപ്പിച്ചപ്പോള്‍, യാത്രക്കാർ ഉറങ്ങുന്നതിനാൽ ലൈറ്റുകൾ ഓഫ് ചെയ്തിരിക്കുന്നതാണെന്ന് പറഞ്ഞ് അവളെ വിശ്വസിപ്പിച്ചു. ബസിനുള്ളിൽ കയറിയ ശേഷം യുവതിയെ ബലാത്സംഗം ചെയ്യുകയായിരുന്നു.
പിന്നീട്, അടുത്ത ബസിൽ കയറിയപ്പോൾ സുഹൃത്തിനെ കാണുകയും പീഡനവിവരം വെളിപ്പെടുത്തുകയും ചെയ്തു. സുഹൃത്തിന്റെ നിർദേശപ്രകാരം യുവതി പൊലീസിൽ പരാതി നൽകുകയായിരുന്നു.