ഫോമാ ന്യൂയോർക്ക് മെട്രോ റീജിയൻ വിപുലമായ ഉദ്ഘാടനം മാർച്ച് 1-ന് എൽമോണ്ടിൽ

ന്യൂയോർക്ക്: അമേരിക്കൻ മലയാളി സമൂഹത്തിന്റെ ശക്തമായ പ്രതിനിധിയായ ഫോമാ (FOMAA) ന്യൂയോർക്ക് മെട്രോ റീജിയൻ 2024-2026 പ്രവർത്തനകാലത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം മാർച്ച് 1 ശനിയാഴ്ച വൈകിട്ട് 5 മണിക്ക് എൽമോണ്ടിലെ സെൻറ് വിൻസെൻറ് ഡീപോൾ മലങ്കര കത്തോലിക്കാ കത്തീഡ്രലിൽ (1500 DePaul Street, Elmont, NY 11003) വെടിക്കെട്ട് സാക്ഷ്യപ്പെടുത്തും. പ്രമുഖ അതിഥികളുടെ സാന്നിധ്യവും വിസ്മയകരമായ കലാപരിപാടികളും നിറഞ്ഞ ഈ ഉൽഘാടന സമ്മേളനം, ന്യൂയോർക്കിലെ മലയാളി സമൂഹത്തിനൊരു ഓർമ്മയായിരിക്കും.ഫോമാ നാഷണൽ പ്രസിഡൻറ് ബേബി മണക്കുന്നേൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും. ന്യൂയോർക്ക് അസ്സംബ്ലിമാൻ തോമസ് മക്കെവിറ്റ് മുഖ്യപ്രഭാഷണം നിർവഹിക്കുമ്പോൾ, ടൗൺ ഓഫ് നോർത്ത് ഹെംപ്സ്റ്റഡ് സൂപ്പർവൈസർ ജെന്നിഫർ ഡിസേന വിമൻസ് ഫോറം ഉദ്ഘാടനം നിർവഹിക്കും. മലയാളി സമൂഹത്തിന് അഭിമാനമായ ന്യൂയോർക്ക് പോലീസ് ഇൻസ്‌പെക്ടർ ഷിബു മധു ചടങ്ങിൽ ആദരിക്കപ്പെടും. നിരവധി ഫോമാ നാഷണൽ നേതാക്കളും അംഗ സംഘടനകളുടെയും തദ്ദേശീയ സംഘടനകളുടെയും പ്രമുഖരും ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും.പരിപാടിയുടെ ഭാഗമായി, വിവിധ കലാകാരന്മാരുടെ സംഗീത-നൃത്ത പ്രകടനങ്ങളും മലയാളി രുചികൾ സമൃദ്ധമായ സ്നേഹവിരുന്നും ഒരുക്കിയിട്ടുണ്ട്. ഫോമാ മെട്രോ റീജിയൻറെ പുതിയ വെബ്സൈറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടത്തപ്പെടും. റെജിയണൽ വൈസ് പ്രസിഡൻറ് മാത്യു ജോഷ്വ, സെക്രട്ടറി ബോബി, ട്രഷറർ ബിഞ്ചു ജോൺ എന്നിവരുടെ നേതൃത്വത്തിൽ സംഘാടകസംഘം പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയാക്കിവരികയാണ്.മലയാളി സമൂഹത്തിന്റെ സജീവ പങ്കാളിത്തം പ്രതീക്ഷിക്കുന്ന ഈ ഭവ്യമായ ആഘോഷത്തിൽ പ്രവേശനം സൗജന്യമാണ്. എല്ലാവരെയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു.