മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ സമാധാന നീക്കം പരാജയപ്പെട്ടതോടെ മണിപ്പൂരിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിയാകുന്നു. സുരക്ഷാ സേനയുടെ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടതോടെയാണ് മേഖലയിൽ വീണ്ടും വലിയ ആശങ്ക പരന്നത്.
സംഭവത്തെ തുടർന്ന് കുക്കികൾ സ്വാധീനമുള്ള പ്രദേശങ്ങളിൽ സമ്പൂർണ്ണ അടച്ചിടൽ പ്രഖ്യാപിച്ചു. ഇംഫാലിൽ നിന്ന് സർവീസ് നടത്തിയ ബസ് കാങ്പോക്പിയിൽ കുക്കികൾ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി. പ്രതിഷേധം അതിരു കടക്കുമ്പോൾ ഉണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെടുകയും 16 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംസ്ഥാനത്ത് സമാധാനസ്ഥാപനത്തിനായി കേന്ദ്ര സർക്കാർ നടത്തിയ ശ്രമങ്ങൾ പ്രതീക്ഷിച്ച ഫലമെത്തിച്ചില്ലെന്നാണ് വിലയിരുത്തൽ. കൃത്യമായ ചർച്ചകളില്ലാതെയാണ് ബസ് സർവീസ് ആരംഭിച്ചത് എന്നതാണ് ഇപ്പോൾ ഉയരുന്ന വലിയ വിമർശനം. ഒരു വിഭാഗത്തെ മാത്രം ലക്ഷ്യമിട്ട് സുരക്ഷാസേന അമിതബലപ്രയോഗം നടത്തുകയായിരുന്നുവെന്നാണ് കുക്കികളുടെ ആരോപണം.
തങ്ങളുടെ നിയന്ത്രണ മേഖലയിൽ മെയ്-തെയി വിഭാഗക്കാരെ കടത്തിവിടില്ലെന്നും ഇനിയുണ്ടാകുന്ന പ്രശ്നങ്ങൾക്ക് ഉത്തരവാദിത്തമേൽക്കില്ലെന്നും കുക്കി സംഘടനകൾ മുന്നറിയിപ്പ് നൽകി. സുരക്ഷാ സേനയ്‌ക്കെതിരെ പ്രതിഷേധക്കാർ വെടിയുതിർത്തിയതിനെ തുടർന്ന് പ്രതിരോധ നടപടിയായിട്ടാണ് തിരിച്ചടി നടത്തിയതെന്നു മണിപ്പൂർ പൊലീസ് വിശദീകരിച്ചു.
നിലവിലെ സംഘർഷാവസ്ഥയോടെ മണിപ്പൂർ ജില്ലകളിൽ സുരക്ഷ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.