KeralaLatest NewsLifeStyleNewsUpcoming Events

അച്ഛന്റെ പ്രചോദനത്തിന് സമര്‍പ്പണവുമായി ഗോപിനാഥ് മുതുകാട് ; ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ ആഗസ്റ്റ് 9ന് കോഴിക്കോട്

കോഴിക്കോട്: അച്ഛന്‍ പകര്‍ന്നു നല്‍കിയ ആത്മവിശ്വാസത്തിന്റെ പിന്‍ബലത്തില്‍ ഇന്ദ്രജാല രംഗത്ത് അഞ്ച് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ ഗോപിനാഥ് മുതുകാടിന്റെ ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ മാജിക് ഷോ ആഗസ്റ്റ് 9-ന് കോഴിക്കോട് അരങ്ങേറും.

ജാലവിദ്യ ഒരിക്കലും ഉപേക്ഷിക്കരുതെന്ന ആത്മവിശ്വാസം പകര്‍ന്നുനല്‍കിയ തന്റെ പിതാവ് കുഞ്ഞുണ്ണിനായര്‍ക്കുള്ള സ്‌നേഹാര്‍ദ്രമായ സമര്‍പ്പണമാണ് ഈ പരിപാടി. കോഴിക്കോട് പ്രോവിഡന്‍സ് കോളേജ് ഓഡിറ്റോറിയത്തില്‍ വൈകുന്നേരം 5.30നാണ് ഷോ.ഭിന്നശേഷി മേഖലയുടെ ഉന്നമത്തിനും ക്ഷേമത്തിനുമായി പ്രവര്‍ത്തിക്കുന്നതിന്റെ ഭാഗമായി ഇന്ദ്രജാല രംഗത്തുനിന്നും 2021ല്‍ വിടപറഞ്ഞ മുതുകാട് നീണ്ട 4 വര്‍ഷങ്ങള്‍ക്കുശേഷമാണ് വീണ്ടും ഒരിക്കല്‍ക്കൂടി മാത്രം മാന്ത്രിക കുപ്പായമണിയുന്നത്. കാണികള്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ദ്രജാല പരിപാടിയുടെ സമ്പൂര്‍ണ വിജയത്തിനായി രാവും പകലും പരിശീലനത്തിലാണ് മുതുകാടും സംഘവും.  തിരുവനന്തപുരം മാജിക് പ്ലാനറ്റിലെ ഫന്റാസിയ തീയേറ്ററിലാണ് പരിശീലനം തുടരുന്നത്.  ഇന്ദ്രജാലവും സംഗീതവും നൃത്തവും ഹ്രസ്വചിത്രങ്ങളുമൊക്കെ സമന്വയിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ മേമ്പൊടിയോടെയാണ് പുതിയ ദൃശ്യവിസ്മയം അരങ്ങിലെത്തുന്നത്. തന്റെ അമ്പത് വര്‍ഷത്തെ പ്രകടനങ്ങളില്‍ ഒപ്പം പ്രവര്‍ത്തിച്ച കലാകാരന്മാരെയും സാങ്കേതിക വിദഗ്ദ്ധരെയും ഉള്‍പ്പെടുത്തിയാണ് ഈ ഷോ ഒരുക്കുന്നത്.


പത്താം വയസ്സുമുതല്‍ ജാലവിദ്യയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച മുതുകാട്, 1985-ല്‍ ബിരുദ പഠനശേഷം നിയമം പഠിക്കാനായി ബാംഗ്ലൂരില്‍ ചേര്‍ന്നെങ്കിലും മാജിക്കിനോടുള്ള അഭിനിവേശം കാരണം പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. മകന്റെ താല്‍പ്പര്യം മനസ്സിലാക്കിയ പിതാവ്, ഏറ്റെടുത്ത കര്‍മ്മപാതയില്‍ നിന്ന് വ്യതിചലിക്കരുതെന്ന് ഉപദേശിച്ച് പൂര്‍ണ്ണ പിന്തുണ നല്‍കുകയായിരുന്നു. ഈ പ്രോത്സാഹനമാണ് മുതുകാടിന്റെ അമ്പതിലേറെ വര്‍ഷം നീണ്ടുനില്‍ക്കുന്ന ഇന്ദ്രജാല യാത്രയ്ക്ക് വഴിയൊരുക്കിയത്.  
തന്റെ ജീവിതത്തിലെ ഒരു പ്രധാന നിമിഷമാണിത്. മാജിക്കിന്റെ ലോകത്തു നിന്ന് വിരമിച്ച ശേഷവും അച്ഛനുള്ള സമര്‍പ്പണമായി ഇത്തരമൊരു കലാപ്രകടനം കാഴ്ച്ചവെക്കണമെന്നത് അതിയായ ആഗ്രഹമായിരുന്നു. അതുകൊണ്ടാണ് ഒരിക്കല്‍ക്കൂടി മാത്രം ജാലവിദ്യാവതരണത്തിന് തയ്യാറെടുക്കുന്നതെന്നും ഇനി ഇത്തരമൊരു ഷോ ഉണ്ടാവുകയില്ലെന്നും മുതുകാട് പറഞ്ഞു.


‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’ ജാലവിദ്യാപരിപാടി ഇന്ത്യന്‍ മാന്ത്രിക ലോകത്തെ അതികായന്‍ പി.സി. സര്‍ക്കാര്‍ ജൂനിയര്‍ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കും. പ്രോഗ്രാമിന് മുന്നോടിയായി ആഗസ്റ്റ് 7ന് ദേവഗിരി സെന്റ് ജോസഫ് കോളേജില്‍ ‘മൈ പാരന്റ്സ് മൈ ഹീറോസ്’ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികളുമായി ചര്‍ച്ച നടത്തും. മുതുകാടിന്റെ മാന്ത്രിക ജീവിതത്തെ ആസ്പദമാക്കി തയ്യാറാക്കിയ ‘റിയല്‍ ലൈഫ് മജീഷ്യന്‍’ ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും നടക്കും. ചടങ്ങില്‍ ‘എന്റെ അച്ഛന്‍ എന്റെ ഹീറോ’ ഉപന്യാസ മത്സരത്തില്‍ വിജയിച്ചവര്‍ക്കുള്ള സമ്മാനം വിതരണം ചെയ്യും.
ഭിന്നശേഷി വിഭാഗത്തിന്റെ സമഗ്രവികാസത്തിനായി ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡിഫറന്റ് ആര്‍ട്‌സ് സെന്ററിന്റെ മറ്റൊരു പദ്ധതിയാണ് കാസര്‍ഗോഡ് ആരംഭിക്കുന്ന ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പീപ്പിള്‍ വിത്ത് ഡിസെബിലിറ്റീസ് (IIPD).  ഈ പദ്ധതിക്കുള്ള പിന്തുണയും കൂടിയാണ് ഈ ഇന്ദ്രജാല പരിപാടി.  ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കും ഈ പരിപാടി അദ്ദേഹം സമര്‍പ്പിക്കുന്നുണ്ട്. കാസര്‍ഗോഡ് പദ്ധതിയിലേക്കുള്ള ഒരു ചുവടുവെപ്പുകൂടിയാണ് ‘ഇല്യൂഷന്‍ ടു ഇന്‍സ്പിരേഷന്‍’.
തിരുവനന്തപുരം ഡിഫറന്റ് ആര്‍ട്‌സ് സെന്റര്‍ (DAC), ഓയ്സ്‌ക ഇന്റര്‍നാഷണല്‍, മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ്, ഇന്ത്യന്‍ യൂത്ത് അസോസിയേഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Show More

Related Articles

Back to top button