ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ത്രിദിന പക്ഷി ഫോട്ടോ പ്രദര്‍ശനം തിങ്കള്‍ മുതല്‍

പ്രദര്‍ശനം ദര്‍ബാര്‍ ഹാള്‍ കലാകേന്ദ്രത്തില്‍ 18, 19, 20 തീയതികളില്‍
മമ്മൂട്ടി, ലോകപ്രശസ്ത പക്ഷിഛായാഗ്രാഹക ഡോ. ജെയ്‌നി കുര്യാക്കോസ് എന്നിവരുള്‍പ്പെടെ 21 പേരുടെ 51 ഫോട്ടോകള്‍ കാണാം, കിളിയൊച്ചകള്‍ കേള്‍ക്കാം
കൊച്ചി: ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ തുടക്കമിടുന്ന വാര്‍ഷിക പക്ഷി ഫോട്ടോ പ്രദര്‍ശനത്തിന്റെ ആദ്യപതിപ്പിന് എറണാകുളം ദര്‍ബാര്‍ ഹാള്‍ ആര്‍ട്ട് സെന്ററില്‍ ഓഗസ്റ്റ് 18 തിങ്കളാഴ്ച രാവിലെ 11ന് തുടക്കമാകും. പ്രസിദ്ധ ചിത്രകാരനും ക്യൂറേറ്ററുമായ ബോസ് കൃഷ്ണമാചാരി ഉദ്ഘാടനം ചെയ്യും. ഓഗസ്റ്റ് 18, 19, 20 തീയിതികളിലാണ് പ്രദര്‍ശനം. പ്രദര്‍ശന സമയം രാവിലെ 11 മണി മുതല്‍ വൈകിട്ട് 7 മണി വരെ.
സിനിമാതാരം മമ്മൂട്ടിയും ലോകപ്രശസ്ത ഛായാഗ്രാഹകയായ ഡോ. ജെയ്‌നി കുരിയാക്കോസുമടക്കം 31 ഛായാഗ്രഹകര്‍ എടുത്ത 52 പക്ഷിച്ചിത്രങ്ങള്‍ പ്രപദര്‍ശനത്തിലുണ്ടാകും. പതിവു രീതിയില്‍ നിന്നു മാറി കാന്‍വാസില്‍ പ്രിന്റു ചെയ്ത് പുതിയ കെട്ടിലും മട്ടിലുമാണ് ഇത്തവണത്തെ പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്. പശ്ചാത്തലത്തില്‍ വിവിധ കിളിയൊച്ചകളുടെ ഓഡിയോയും പ്രദര്‍ശനത്തിന് അകമ്പടിയായുണ്ടാകും. കേരളത്തില്‍ സാമാന്യമായി കണ്ടുവരുന്ന പക്ഷികളുടെ ചിത്രങ്ങളും അവയെക്കുറിച്ച് ഇന്ദുചൂഡന്‍ തന്റെ ‘കേരളത്തിലെ പക്ഷികള്‍’ എന്ന പുസ്തകത്തിലെ കുറിപ്പുകളുടെ അകമ്പടിയോടെയാണ് ചിത്രങ്ങളുടെ പ്രദര്‍ശനം. ഈ പ്രദര്‍ശനത്തിലെ ചിത്രങ്ങളെല്ലാം തന്നെ വില്‍പ്പനയ്ക്ക് ലഭ്യമായിരിക്കും.
പ്രസിദ്ധ പക്ഷിനിരീക്ഷകനും ഗ്രന്ഥകര്‍ത്താവുമായ ഇന്ദുചൂഡന്റെ (പ്രൊഫ. കെ. കെ. നീലകണ്ഠന്‍) ജീവിതസന്ദേശവും ചുറ്റുമുള്ള ജീവജാലങ്ങളോടുള്ള കരുണയും സ്‌നേഹവും മലയാളഭാഷയോടുള്ള പ്രതിപത്തിയും ഉണര്‍ത്തിയെടുക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും വേണ്ടിയാണ് സക്കറിയ ചെയര്‍മാനായി ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ രൂപീകരിച്ചു പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷം മുമ്പ് രൂപം കൊണ്ട ഇന്ദുചൂഡന്‍ ഫൗണ്ടേഷന്‍ ഇതുവരെ എറണാകുളം ദര്‍ബാര്‍ ഹാളില്‍ തുടങ്ങി തൃശൂര്‍, കോഴിക്കോട്, പാലക്കാട്, കല്പറ്റ, മണ്ണുത്തി, കുന്നംകുളം, ആലുവ, ആലത്തൂര്‍, ഇരിങ്ങാലക്കുട പ്രദര്‍ശനങ്ങളും പ്രഭാഷണങ്ങളും മറ്റനുബന്ധ പരിപാടികളും നടത്തിക്കഴിഞ്ഞു.




