AmericaCanadaEducationLatest NewsLifeStyleNewsPolitics

കാനഡയില്‍ വിദ്യാര്‍ത്ഥി വിസ, വര്‍ക്ക് പെര്‍മിറ്റ് അപേക്ഷകള്‍ക്ക് കർശന നിയന്ത്രണം; ഇന്ത്യന്‍ വിദ്യാര്‍ത്ഥികളില്‍ ആശങ്ക

ന്യൂഡല്‍ഹി : വിദേശ വിദ്യാഭ്യാസവും ജോലിയുമെല്ലാം ഇന്ത്യയിലെ യുവാക്കളില്‍ വലിയൊരു ശതമാനം ആളുകളുടെ സ്വപ്നമാണ്. എന്നാല്‍, ഒരിക്കല്‍ കുടിയേറ്റക്കാര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഏറ്റവും സ്വാഗതാര്‍ഹമായ രാജ്യങ്ങളില്‍ ഒന്നായി കണക്കാക്കപ്പെട്ടിരുന്ന കാനഡയില്‍ ഇപ്പോള്‍ കാര്യങ്ങള്‍ മാറിമറിയുകയാണ്.

2025 ജനുവരി മുതല്‍ ഏപ്രില്‍ വരെ വിദ്യാര്‍ത്ഥി വിസ അപേക്ഷകളില്‍ വെറും 43 ശതമാനവും വര്‍ക്ക് പെര്‍മിറ്റ് അഭ്യര്‍ത്ഥനകളില്‍ 69 ശതമാനവും മാത്രമാണ് അംഗീകരിച്ചതെന്ന് ഇമിഗ്രേഷന്‍, റെഫ്യൂജീസ് ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് കാനഡ (IRCC) പുറത്തുവിട്ട പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ഇത് വിദേശ വിദ്യാര്‍ത്ഥികളില്‍ വലിയ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്.

കാനഡയുടെ സാമ്പത്തിക വളര്‍ച്ചയിലും തൊഴില്‍ മേഖലകളിലും അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളും വിദേശ തൊഴിലാളികളും വര്‍ഷങ്ങളായി നിര്‍ണായക പങ്കുവഹിച്ചുവരുന്നു. സര്‍വകലാശാലകളുടെയും കോളേജുകളുടെയും ട്യൂഷന്‍ വരുമാന വര്‍ധന, തൊഴില്‍ മേഖലയിലെ ക്ഷാമം നിറയ്ക്കല്‍, സാംസ്‌കാരിക വൈവിധ്യങ്ങളുടെ വളര്‍ച്ച തുടങ്ങി നിരവധി മേഖലകളില്‍ ഇവരുടെ സംഭാവനകള്‍ ശ്രദ്ധേയമാണ്. എന്നാല്‍, ഏറ്റവും പുതിയ വിസാ-പെര്‍മിറ്റ് നിയന്ത്രണങ്ങള്‍ കാനഡയിലേക്കുള്ള പ്രവേശനത്തിന് തടസ്സങ്ങളാണ് സൃഷ്ടിക്കുന്നത്.

2025-ലെ ആദ്യ നാല് മാസങ്ങളില്‍ 1,82,404 വിദ്യാര്‍ത്ഥി വിസ അപേക്ഷകളില്‍ 78,620 പേര്‍ക്കാണ് മാത്രമേ അനുമതി ലഭിച്ചിട്ടുള്ളു. അപേക്ഷകളുടെ അമിത ഒഴുക്കും അതിനൊപ്പമുള്ള ഭവന ക്ഷാമവും തൊഴിലില്ലായ്മയും ആണ് കാനഡ സര്‍ക്കാരിനെ കര്‍ശന നടപടിയിലേക്ക് തള്ളിയതെന്നാണ് വിലയിരുത്തല്‍. കോളേജുകള്‍ക്കു സമീപമുള്ള പ്രദേശങ്ങളിലും നഗരങ്ങളിലും ഭവനസൗകര്യങ്ങളുടെ കുറവ് വര്‍ധിക്കുകയും, ബിരുദധാരികള്‍ക്കിടയില്‍ തൊഴിലില്ലായ്മ പ്രശ്നമാകുകയും ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ സ്ഥിരതാമസത്തിലേക്കുള്ള ഏറ്റവും എളുപ്പവഴിയായി കണക്കാക്കപ്പെട്ടിരുന്ന വിദ്യാര്‍ത്ഥി വിസ മാര്‍ഗം ഇപ്പോള്‍ ഭാരമായി മാറിക്കൊണ്ടിരിക്കുകയാണ്. അക്കാദമികമായും സാമ്പത്തികമായും പ്രൊഫഷണലായും വിജയിക്കാന്‍ ഏറ്റവും സാധ്യതയുള്ളവര്‍ക്കു മാത്രമാണ് ഭാവിയില്‍ കാനഡ മികച്ച അവസരങ്ങള്‍ നല്‍കുക എന്നതാണ് പുതിയ സാഹചര്യത്തില്‍ വ്യക്തമായ സന്ദേശം.

Show More

Related Articles

Back to top button