
അബുദാബി : അബുദാബിയിലേക്കുള്ള വിമാനയാത്രയ്ക്കിടെ ബോധരഹിതനായ യാത്രക്കാരന്റെ ജീവൻ രക്ഷിച്ച് രണ്ട് മലയാളി നഴ്സുമാർ മാതൃകയായി. വയനാട്ടുകാരനായ അഭിജിത് ജീൻസ്, ചെങ്ങന്നൂർ സ്വദേശിയായ അജീഷ് നെൽസൻ എന്നിവർ ചേർന്നാണ് ജീവൻ രക്ഷിച്ചത്.
ഈ മാസം 13നാണ് സംഭവം. കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് അബുദാബിയിലേക്കുള്ള എയർ അറേബ്യ 3എൽ 128 വിമാനത്തിലാണ് സംഭവം നടന്നത്. യുഎഇയിലെ റെസ്പോൺസ് പ്ലസ് മെഡിക്കൽ (ആർപിഎം) സ്ഥാപനത്തിൽ ജോലിയിൽ പ്രവേശിക്കാൻ ഇരുവരും യാത്രതിരിക്കുകയായിരുന്നു.
വിമാനം പറന്നുയർന്ന് കുറച്ച് സമയം കഴിഞ്ഞപ്പോൾ സമീപ സീറ്റിലുണ്ടായിരുന്ന യാത്രക്കാരൻ പെട്ടെന്ന് ചലനമറ്റ നിലയിൽ ആയത് അഭിജിത് ശ്രദ്ധിച്ചു. പൾസ് പരിശോധിച്ചപ്പോൾ ഹൃദയാഘാതമെന്നു മനസ്സിലാക്കി. ഉടൻ സിപിആർ തുടങ്ങി. അജീഷും ചേർന്ന് സഹായം നൽകി. രണ്ടു റൗണ്ട് സിപിആർ നൽകിയതോടെ യാത്രക്കാരൻ ശ്വാസം എടുക്കാൻ തുടങ്ങി. വിമാനത്തിലുണ്ടായിരുന്ന ഡോ. ആരിഫ് അബ്ദുൽ ഖാദർ ചേർന്ന് രോഗിക്ക് ഐവി ഫ്ലൂയിഡുകൾ നൽകി. അബുദാബിയിലെത്തുംവരെ അദ്ദേഹത്തിന്റെ നില നിയന്ത്രണത്തിൽ തന്നെയായിരുന്നു.
ഹൃദയാഘാതം വന്നത് തൃശൂർ സ്വദേശിയായ 34 വയസ്സുകാരനാണ്. വിമാനത്തിൽ ചികിത്സ നൽകിയതിനെ തുടർന്ന് അബുദാബിയിലെത്തിയപ്പോൾ രോഗിയുടെ നില മെച്ചപ്പെട്ടു. ആശുപത്രിയിൽ ചികിത്സ ലഭിച്ച ശേഷം രോഗിയും കുടുംബവും നഴ്സുമാരോടു നന്ദി അറിയിച്ചു.
വിമാനത്തിൽ ഉണ്ടായ സംഭവം നഴ്സുമാർ അധികമാരോടും പറഞ്ഞിരുന്നില്ല. എന്നാൽ, യാത്രയിൽ ഉണ്ടായിരുന്ന ആർപിഎം ജീവനക്കാരനായ ബ്രിൻറ് ആന്റോ ഈ കാര്യം സഹപ്രവർത്തകരോട് പങ്കുവെച്ചു. തുടർന്ന് ആർപിഎം മാനേജ്മെന്റ് ഇരുവരെയും ആദരിച്ചു.
ആർപിഎം ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ. രോഹിൽ രാഘവൻ ധൈര്യവും സമചിത്തതയും കൈവിടാതെ പ്രവർത്തിച്ച ഇരുവരെയും പ്രശംസിച്ചു. മെഡിക്കൽ ഡയറക്ടർ ഡോ. മുഹമ്മദ് അലി പറഞ്ഞു, “ഹൃദയാഘാതം പോലുള്ള സാഹചര്യങ്ങളിൽ ഓരോ സെക്കൻഡും വിലപ്പെട്ടതാണ്. സമയോചിതമായ പ്രതികരണത്തിന്റെ പ്രാധാന്യം ഇവർ തെളിയിച്ചു.”
അജീഷും അഭിജിത്തും പറഞ്ഞു, “അബുദാബിയിലേക്കുള്ള ഞങ്ങളുടെ ആദ്യ യാത്രയിൽ ഒരു ജീവൻ രക്ഷിക്കാനായത് ഞങ്ങൾക്ക് ഒരുപാട് സന്തോഷമാണ്. ആ അനുഭവം ജീവിതകാലം മുഴുവൻ മറക്കാനാകില്ല.”




