CrimeKeralaLatest News

‘സൗന്ദര്യവും സ്വർണ്ണവും കുറഞ്ഞു’; യുവതിക്ക് ഭർത്താവിന്റെയും കുടുംബത്തിന്റെയും ക്രൂര പീഡനം — കണ്ണൂരിൽ കേസ്

കണ്ണൂർ: പെരുമ്പട്ടയിൽ സൗന്ദര്യവും സ്ത്രീധനവും കുറഞ്ഞുവെന്നാരോപിച്ച് യുവതിക്ക് ഭർത്താവിന്റെയും ഭർതൃമാതാപിതാക്കളുടെയും ഭാഗത്ത് നിന്ന് ക്രൂര പീഡനം. ആഹാരവും മരുന്നും നിഷേധിച്ചുവെന്ന ആരോപണവുമായി യുവതി പൊലീസിൽ പരാതി നൽകി.

ഭർത്താവ് ലിന്റ്, മാതാപിതാക്കളായ ടോമി, ലില്ലി എന്നിവർക്കെതിരെയാണ് കരിക്കോട്ടകരി പൊലീസ് കേസ് എടുത്തത്. മാറി താമസിച്ചിട്ടും ഭർത്താവ് ഉപദ്രവം തുടർന്നതായി യുവതി സഹോദരനോട് പറഞ്ഞ ശബ്ദസന്ദേശം പുറത്തുവന്നിട്ടുണ്ട്.

ജോലി ചെയ്യുന്ന ഫാർമസിയിലേക്ക് എത്തി ബഹളം വയ്ക്കുകയും, മറ്റ് പുരുഷന്മാരുമായി ബന്ധമുണ്ടെന്ന വ്യാജാരോപണം ഉന്നയിക്കുകയും ചെയ്തിരുന്നുവെന്ന് യുവതി പറഞ്ഞു. അസഭ്യവാക്കുകളും നിരന്തരമായ തെറിയും സഹിക്കേണ്ടി വന്നതായി അവൾ വിശദീകരിച്ചു.

“ഈ കുരങ്ങച്ചിയെ പോലെ ഇരിക്കുന്ന സാധനത്തെയോ കെട്ടാന്‍ കിട്ടിയുള്ളോ” എന്നായിരുന്നു ഭര്‍തൃവീട്ടുകാര്‍ പറയാറുണ്ടായിരുന്നതെന്നും യുവതി ശബ്ദസന്ദേശത്തില്‍ വെളിപ്പെടുത്തി. കല്യാണം കഴിഞ്ഞതുമുതല്‍ തന്നെ നിരന്തരമായ അപമാനമാണ് നേരിട്ടതെന്നും, പല ദിവസങ്ങളിലും ആഹാരം കിട്ടാതെ കഴിഞ്ഞതായി അവള്‍ പറഞ്ഞു. കഴിക്കുമ്പോഴും അമ്മായിയമ്മ കണക്ക് പറയുമായിരുന്നു.

മുൻപും യുവതി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നുവെങ്കിലും ഒത്തുതീർപ്പ് വഴിയാണ് സംഭവം അവസാനിപ്പിച്ചത്. ഇപ്പോഴിതാ പീഡനം വീണ്ടും ശക്തമായതോടെ കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്.

സൗന്ദര്യവും സ്വർണ്ണവും കുറഞ്ഞുവെന്നാരോപിച്ചാണ് ഭർതൃവീട്ടിൽ യുവതിയെ ക്രൂരമായി പീഡിപ്പിച്ചതെന്ന് ബന്ധുക്കൾ ആരോപിച്ചു. ശാരീരിക പീഡനത്തിനൊപ്പം ജാതി-വംശീയ അധിക്ഷേപങ്ങളും നേരിട്ടതായി യുവതി പൊലീസിനോട് വ്യക്തമാക്കി. ഇരുവര്‍ക്കും രണ്ടു വയസ്സ് പ്രായമുള്ള ഒരു കുഞ്ഞുണ്ട്.

Show More

Related Articles

Back to top button