സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളവും പെൻഷനും നാളെ മുതൽ; ക്ഷേമപെൻഷൻ വിതരണം നവംബർ 20 മുതൽ

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ പുതുക്കിയ ശമ്പളം നാളെ മുതൽ ലഭിക്കും. പുതുക്കിയ ഡിഎയോടുകൂടിയ ശമ്പളമാണ് ഒക്ടോബറിലെ ശമ്പളത്തോടൊപ്പം നാളെ വിതരണം ചെയ്യുന്നത്. സർക്കാർ ജീവനക്കാർ, അധ്യാപകർ, എയ്ഡഡ് സ്കൂൾ ജീവനക്കാർ, തദ്ദേശസ്ഥാപനങ്ങളിലെ താൽക്കാലിക ജീവനക്കാർ എന്നിവർക്ക് പ്രയോജനം ലഭിക്കും.
വിരമിച്ചവർക്ക് പുതുക്കിയ പെൻഷനും നാളെ മുതൽ ലഭ്യമാകും. നവംബർ മാസത്തിൽ ക്ഷേമപെൻഷൻ 3600 രൂപയായി ലഭിക്കും. വർധിപ്പിച്ച 2000 രൂപയോടൊപ്പം കുടിശ്ശികയിലെ അവസാന ഗഡുവും നവംബർ മാസത്തോടൊപ്പം നൽകുമെന്ന് സർക്കാർ അറിയിച്ചു. ക്ഷേമപെൻഷൻ വിതരണം നവംബർ 20 മുതൽ ആരംഭിക്കും.
ക്ഷേമപെൻഷൻ വിതരണം അടുത്തമാസം മുതൽ തുടരുമെന്നും വർധന ഉൾപ്പെടെ 3600 രൂപ വീടുകളിലെത്തുമെന്നും ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. “ഒരു മാസത്തെ കുടിശ്ശികയും ഇതിനോടൊപ്പം തീർക്കും. പ്രതിപക്ഷനേതാവിന് ആശങ്കയുണ്ടാകുന്നത് നല്ലതാണ്,” എന്നും മന്ത്രി പ്രതികരിച്ചു.
അതേസമയം, ക്ഷേമപെൻഷൻ വർധനയിൽ ജനങ്ങൾ തൃപ്തരല്ലെന്നും എൽ.ഡി.എഫ് സർക്കാരിന്റെ നടപടി തെരഞ്ഞെടുപ്പ് സ്റ്റണ്ടാണെന്നും കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് വിമർശിച്ചു. “ക്ഷേമപെൻഷൻ 2500 രൂപയാക്കുമെന്ന് പറഞ്ഞ എൽ.ഡി.എഫ് സർക്കാർ ഇപ്പോൾ അതിൽ ചെറിയ വർധന മാത്രമാണ് വരുത്തിയത്,” എന്നും സണ്ണി ജോസഫ് പറഞ്ഞു.
വിമർശനങ്ങൾക്ക് അടിസ്ഥാനമില്ലെന്നും എൽ.ഡി.എഫ് സർക്കാർ ഉത്തരവാദിത്തത്തോടെ പ്രഖ്യാപനങ്ങൾ നടപ്പാക്കുന്നുവെന്നുമാണ് ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ മറുപടി.




