ഖഷോഗി വധത്തിൽ എംബിഎസിന് പങ്കില്ലെന്ന് ട്രംപ്; സൗദി–യുഎസ് ബന്ധം പുതിയ ഉയരങ്ങളിലേക്ക്

വാഷിങ്ടൻ : 2018ൽ തുർക്കിയിലെ സൗദി കോൺസുലേറ്റിൽ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയെ കൂട്ടക്കൊല ചെയ്ത സംഭവത്തിൽ സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ പങ്കുണ്ടെന്ന യുഎസ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുകൾ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. സംഭവം സൽമാന്റെ അറിവോടെയല്ല നടന്നതെന്നു ട്രംപ് മാധ്യമങ്ങളോട് വ്യക്തമാക്കി.
സൗദി കിരീടാവകാശിയുമായി വൈറ്റ് ഹൗസിൽ നടന്ന സംയുക്ത വാർത്താസമ്മേളനത്തിലാണ് ചോദ്യമുയർന്നത്. ഖഷോഗി വധവുമായി സൽമാനെ ബന്ധപ്പെടുത്തി ചോദ്യങ്ങൾ ചോദിക്കരുതെന്ന് മാധ്യമങ്ങളെ ട്രംപ് മുന്നറിയിപ്പും നൽകി. ട്രംപിന്റെ വാക്കുകളിൽ, സൽമാൻ “അസാധാരണമായ നേതാവും യുഎസിന്റെ വിലമതിക്കാനാവാത്ത പങ്കാളിയും” എന്നായിരുന്നു വിലയിരുത്തൽ.
യുഎസിലുള്ള സൗദി നിക്ഷേപം 600 ബില്യൺ ഡോളറിൽ നിന്നു 1 ട്രില്യൺ ഡോളറായി ഉയർത്തിയതായി സൽമാൻ പ്രഖ്യാപിച്ചു. കഴിഞ്ഞ മേയിൽ ട്രംപിന്റെ സൗദി സന്ദർശന വേളയിലാണ് 600 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ചത്. പുതിയ നിക്ഷേപ വർധനയോടെ ഇരുരാജ്യങ്ങളുടെയും സാമ്പത്തികബന്ധം നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്.
ഖഷോഗി വധത്തെക്കുറിച്ചുള്ള ആദ്യ വിശദമായ രഹസ്യാന്വേഷണ റിപ്പോർട്ട് ട്രംപ് ഭരണകാലത്ത് തയ്യാറായെങ്കിലും, 2021ൽ ജോ ബൈഡൻ അധികാരമേറ്റപ്പോഴാണ് അത് പൊതുജനങ്ങൾക്കു മുന്നിൽ വന്നത്. അതിൽ സൽമാന്റെ അറിവും ഉത്തരവാദിത്വവും സൂചിപ്പിച്ചിരുന്നുവെങ്കിലും, ട്രംപ് ഇപ്പോൾ അതിനെ നിരസിച്ചിരിക്കുകയാണ്.
വൈറ്റ് ഹൗസിൽ സൽമാനെ ആദരിച്ച് സംഘടിപ്പിച്ച വിരുന്നിൽ പ്രമുഖ അതിഥികളും പങ്കെടുത്തു. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ചടങ്ങിൽ ശ്രദ്ധനേടി. റൊണാൾഡോയെ തന്റെ ഇളയ മകൻ ബേറന്റെ പ്രിയ താരമാണെന്ന് ട്രംപ് പറഞ്ഞു. ആപ്പിൾ സിഇഒ ടിം കുക്ക്, ടെസ്‌ല സ്ഥാപകൻ ഇലോൺ മസ്ക് തുടങ്ങിയ പ്രമുഖ വ്യവസായ നേതാക്കളും വിരുന്നിൽ പങ്കാളികളായിരുന്നു.
സൗദിയെ യുഎസിന്റെ നാറ്റോ ഇതര മുഖ്യ സഖ്യകക്ഷിയായി പ്രഖ്യാപിച്ചതും, എഫ്–35 പോർവിമാനങ്ങൾ വിൽക്കാനുള്ള യുഎസ് തീരുമാനം അന്താരാഷ്ട്രതലയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
2022 അവസാനം സൗദി ക്ലബ് അൽ നാസറിലേക്ക് ചേർന്ന റൊണാൾഡോയുടെ സാന്നിധ്യം ചടങ്ങിന് കൂടുതൽ ശ്രദ്ധയും നിറവും പകർന്നു.




