CrimeKeralaLatest NewsNewsPolitics

പിണറായിയിൽ രാഷ്ട്രീയ സംഘർഷം; യൂത്ത് കോൺഗ്രസ്–ബിജെപി പ്രവർത്തകരുടെ വീടുകൾക്ക് നേരെ അക്രമം, സിപിഎമ്മിനെതിരെ ആരോപണം

കണ്ണൂർ : പിണറായി എരുവട്ടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകനും രണ്ട് ബിജെപി പ്രവർത്തകരും താമസിക്കുന്ന വീടുകൾക്ക് നേരെ അക്രമം നടന്നു. യൂത്ത് കോൺഗ്രസ് പ്രവർത്തകൻ പ്രനൂപിന്റെ വീടിനു നേരെയാണ് പ്രധാനമായും ആക്രമണം ഉണ്ടായത്. ഇന്ന് പുലർച്ചെ രണ്ട് മണിയോടെ യായിരുന്നു സംഭവം. അക്രമികൾ വീടിന്റെ ജനൽ ചില്ലുകളും ഗൃഹോപകരണങ്ങളും കല്ലെറിഞ്ഞ് തകർത്തു.

സമീപത്തെ ക്ഷേത്രത്തിൽ ഉത്സവം നടക്കുന്നതിനാൽ അക്രമസമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമെ ബിജെപി പ്രവർത്തകരായ ആദിത്യൻ, വൈശാഖ് എന്നിവരുടെ വീടുകൾക്കും നേരെ ആക്രമണമുണ്ടായതായി പരാതിയുണ്ട്. ഇവരെ ക്ഷേത്ര പരിസരത്ത് വച്ച് മർദിച്ചതായും റിപ്പോർട്ടുണ്ട്.

സംഘർഷാവസ്ഥ രൂക്ഷമായതിനെ തുടർന്ന് പ്രദേശത്ത് കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എരുവെട്ടി, പാനുണ്ട മേഖലകളിൽ നേരത്തെ ഉണ്ടായ സംഘർഷങ്ങളുടെ തുടർച്ചയായാണ് ഇപ്പോഴത്തെ സംഭവങ്ങളെന്ന വിലയിരുത്തലും ശക്തമാണ്.

അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് കോൺഗ്രസ് നേതൃത്വം ആരോപിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് കാലത്ത് പ്രനൂപിന് ഭീഷണിയുണ്ടായിരുന്നുവെന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Show More

Related Articles

Back to top button