AmericaCrime

ഫ്ലോറിഡ:സ്കൂൾ ബസിൽ 10 വയസ്സുകാരന് ക്രൂരമർദ്ദനം: ആയയും ഡ്രൈവറും അറസ്റ്റിൽ

ഫ്ലോറിഡ:ഫ്ലോറിഡയിലെ ഹിൽസ്‌ബറോ കൗണ്ടിയിൽ സ്കൂൾ ബസിനുള്ളിൽ വെച്ച് ഓട്ടിസം ബാധിച്ച പത്തു വയസ്സുകാരനെ നിരന്തരം മർദ്ദിച്ച സംഭവത്തിൽ സ്കൂൾ ജീവനക്കാരായ രണ്ട് സ്ത്രീകൾ അറസ്റ്റിലായി. ജുവാനിറ്റ റൈറ്റ് (79) എന്ന ബസ് സഹായിയും ടോണിയ റൈസ്-കോൺസ്റ്റന്റ് (62) എന്ന ഡ്രൈവറുമാണ് പിടിയിലായത്.

സംസാരശേഷി കുറഞ്ഞ കുട്ടിയെ 14 വ്യത്യസ്ത ദിവസങ്ങളിലായി ജുവാനിറ്റ മർദ്ദിച്ചതായി പോലീസ് കണ്ടെത്തി. കുട്ടിയുടെ തലയിൽ അടിക്കുകയും മുടിക്ക് പിടിച്ചു വലിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ബസിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

കുട്ടി ക്രൂരമായി മർദ്ദിക്കപ്പെടുമ്പോൾ ഡ്രൈവർ ടോണിയ ഇത് നോക്കി ചിരിക്കുകയും ആസ്വദിക്കുകയും ചെയ്തതായി അധികൃതർ പറഞ്ഞു. കുട്ടിയെ രക്ഷിക്കാൻ ഇവർ ശ്രമിച്ചില്ല.

ജുവാനിറ്റയ്‌ക്കെതിരെ 14 കുറ്റപത്രങ്ങളും, ഡ്രൈവർക്കെതിരെ അക്രമം റിപ്പോർട്ട് ചെയ്യാത്തതിനും കേസെടുത്തു. താൻ കുട്ടിയുമായി തമാശ കളിക്കുകയായിരുന്നു എന്നാണ് ജുവാനിറ്റ പോലീസിനോട് പറഞ്ഞത്.

 സംഭവം പുറത്തറിഞ്ഞതോടെ ജുവാനിറ്റയെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഡ്രൈവർ അന്വേഷണം തുടങ്ങിയതോടെ സ്വയം വിരമിച്ചു.

“സംരക്ഷിക്കേണ്ടവർ തന്നെ കുട്ടിയെ ഉപദ്രവിക്കുന്നതും അത് കണ്ട് മറ്റൊരാൾ ചിരിക്കുന്നതും അങ്ങേയറ്റം ക്രൂരമാണ്” എന്ന് ഹിൽസ്‌ബറോ ഷെരീഫ് ചാഡ് ക്രോണിസ്റ്റർ പ്രതികരിച്ചു.

പി പി ചെറിയാൻ

Show More

Related Articles

Back to top button