സാംസ്കാരിക നഗരിയിൽ യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് ആവേശ തിരമാല.

തൃശൂർ : പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന യുഡിഎഫ് പുതുയുഗ യാത്രയ്ക്ക് സാംസ്കാരിക നഗരിയായ തൃശൂരിൽ ആവേശോജ്വല സ്വീകരണം ലഭിച്ചു. ഒല്ലൂർ–തൃശൂർ നിയമസഭാ മണ്ഡലങ്ങളുടെ സംയുക്ത സ്വീകരണം തേക്കിൻകാട് മൈതാനിയിൽ വൈകിട്ട് ആറിന് നിശ്ചയിച്ചിരുന്നെങ്കിലും യാത്ര നഗരത്തിലെത്തിയത് രാത്രി എട്ടോടെയായിരുന്നു.

യാത്ര എത്തുന്നതിനു മണിക്കൂറുകൾ മുൻപേ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രവർത്തകരും അനുയായികളും സ്വരാജ് റൗണ്ടിലും തേക്കിൻകാട് മൈതാനത്തെ സമ്മേളന വേദിക്കരികിലും എത്തി നിറഞ്ഞിരുന്നു. രാത്രി എട്ടോടെ സ്വരാജ് റൗണ്ടിലൂടെ അലങ്കരിച്ച തുറന്ന വാഹനത്തിൽ വി.ഡി. സതീശൻ ജനക്കൂട്ടത്തെ അഭിവാദ്യം ചെയ്ത് സമ്മേളന വേദിയിലേക്കു നീങ്ങി.
പാറമേക്കാവ് ക്ഷേത്രം പരിസരത്ത് നിന്നാരംഭിച്ച ഘോഷയാത്രയിൽ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മേയർ നിജി ജസ്റ്റിൻ, ഡപ്യൂട്ടി മേയർ എ. പ്രസാദ് എന്നിവർ പങ്കെടുത്തു. ത്രിവർണ അലങ്കാരങ്ങൾ, പതാകകൾ, ബലൂണുകൾ, കാവടികൾ എന്നിവയാൽ സ്വരാജ് റൗണ്ട് ഉത്സവമാക്കി മാറ്റിയ പ്രവർത്തകർ യാത്രയെ ആവേശഭരിതമാക്കി.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു. വി.ഡി. സതീശൻ അടക്കമുള്ള നേതാക്കളുടെ ചിത്രങ്ങൾ ശരീരത്തിൽ വരച്ച പുലിക്കളി വേഷം ധരിച്ച കലാകാരന്മാരും ആഘോഷത്തിന്റെ ആകർഷണമായി. ബാൻഡ് മേളവും നാസിക് ധോൾ വാദ്യങ്ങളുമൊപ്പമുണ്ടായിരുന്നു.
മണികണ്ഠനാൽ പരിസരത്തെ സമ്മേളന വേദിയിലേക്ക് പ്രവർത്തകർ വി.ഡി. സതീശനെ തോളിലേറ്റി കൊണ്ടുവന്നു. വേദിയിൽ ഒരുക്കിയ പറയിൽ നെല്ല് നിറച്ച ശേഷമാണ് സമ്മേളനത്തിന് തുടക്കമായത്. പ്രസംഗത്തിന് ശേഷം ബാലമഞ്ചിലെ കുട്ടികൾ സതീശന് റോസാപ്പൂക്കൾ നൽകി ആദരിച്ചു.




