അപകടസൂചനയുള്ള സംഭാഷണങ്ങൾ പൊലീസിനെ അറിയിക്കും; സുരക്ഷാ നിബന്ധനകൾ ശക്തമാക്കി OpenAI.

എഡ്മിന്റൻ : കാനഡയിലെ ടംബ്ലർ റിഡ്ജ് സ്കൂളിൽ നടന്ന വെടിവെപ്പിൽ എട്ട് പേർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ OpenAI സുരക്ഷാ പ്രോട്ടോക്കോളുകൾ ശക്തിപ്പെടുത്തുന്നതായി അറിയിച്ചു. പ്രതിയായ ജെസ്സി വാൻ റൂട്ട്സെലർ ചാറ്റ് സേവനം ഉപയോഗിക്കാൻ രണ്ടാമതൊരു അക്കൗണ്ട് സൃഷ്ടിച്ചിരുന്നുവെന്ന വിവരവും കമ്പനി വെളിപ്പെടുത്തി.
അക്രമാസക്തമായ ഉള്ളടക്കം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഇയാളുടെ ആദ്യ അക്കൗണ്ട് കഴിഞ്ഞ ജൂണിൽ തന്നെ നിരോധിച്ചിരുന്നു. എന്നാൽ ആ നിരോധനം മറികടന്ന് മറ്റൊരു അക്കൗണ്ട് ഉപയോഗിച്ചതായി വെടിവെപ്പിന് ശേഷമാണ് കമ്പനി കണ്ടെത്തിയത്.
ഇതുവരെ കൃത്യമായ സ്ഥലവും സമയവും സൂചിപ്പിച്ച വ്യക്തമായ ഭീഷണികൾ മാത്രമാണ് പൊലീസിനെ അറിയിച്ചിരുന്നത്. എന്നാൽ ഇനി മുതൽ അപകടസൂചനയുള്ളതോ ഹിംസയ്ക്ക് പ്രേരിപ്പിക്കുന്നതോ എന്ന് തോന്നുന്ന ഏത് തരത്തിലുള്ള സംഭാഷണങ്ങളും ബന്ധപ്പെട്ട നിയമപ്രവർത്തകരെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കി.
അപകട സാധ്യതയുള്ള ഉപയോക്താക്കളെ തിരിച്ചറിയാനും ആവശ്യമായ വിവരങ്ങൾ കൈമാറാനും കനേഡിയൻ പൊലീസുമായി ചേർന്ന് പ്രത്യേക സംവിധാനം ഒരുക്കുമെന്നും അറിയിച്ചു. അതേസമയം, മതിയായ സുരക്ഷാ നടപടികൾ ഉറപ്പാക്കാത്ത പക്ഷം എഐ ചാറ്റ്ബോട്ടുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് കാനഡ സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.




