കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒന്നാം പതിപ്പിന് തുടക്കമായി: ഫെസ്റ്റിവല്‍ മാര്‍ച്ച് 25 വരെ

കേരളം എല്ലാ ആവിഷ്കാരങ്ങള്‍ക്കും വേദിയൊരുക്കുന്നതില്‍ മാതൃകയെന്ന് നീലം മാന്‍സിങ്
മുതിര്‍ന്ന നാടക പ്രവര്‍ത്തക പത്മശ്രീ ഡോ. നീലം മാന്‍സിങ് ചൗധരി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. നിലമ്പൂര്‍ ആയിഷയെ ആദരിച്ചു
അഞ്ച് ദിവസങ്ങളിലായി അഞ്ച് നാടകങ്ങള്‍ അരങ്ങേറും, നാല് വിശ്വോത്തര സിനിമകള്‍ പ്രദര്‍ശിപ്പിക്കും, ഒപ്പം അഞ്ച് പ്രഭാഷണങ്ങള്‍, അഞ്ച് നാടകപ്രതിഭകളെ ആദരിക്കും
പ്രവേശനം സൗജന്യം
കൊച്ചി: കൊച്ചി നഗരത്തെ ഒരു സജീവ നാടക കേന്ദ്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ വാര്‍ഷിക പരിപാടിയായി സംഘടിപ്പിക്കുന്ന പഞ്ചദിന ‘കൊച്ചി തീയേറ്റര്‍ ഫെസ്റ്റിവലിന്റെ ആദ്യപതിപ്പിന് ചാവറ കള്‍ച്ചറല്‍ സെന്ററില്‍ തുടക്കമായി. ലോകധര്‍മി ചെയര്മാന് ഡോ. കെ ജി പൗലോസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ നാടക പ്രവര്‍ത്തക പത്മശ്രീ ഡോ. നീലം മാന്‍സിങ് ചൗധരി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തു. നാടകത്തിനു മാത്രമല്ല എല്ലാത്തരം കലാ, സാംസ്കാരിക ആവിഷ്കാരങ്ങള്‍ക്കും വേദിയൊരുക്കുന്നതില്‍ കേരളത്തിന്റെ സ്ഥാനം ഏറ്റവും മുന്നിലാണെന്ന് ഡോ. നീലം മാന്‍സിങ് പറഞ്ഞു. ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചന്ദ്രദാസന്‍, നാടകകൃത്ത് ടി എം എബ്രഹാം, നടി നിലമ്പൂര്‍ ആയിഷ, ഫാദര്‍ അനില്‍ ഫിലിപ്പ് സിഎംഐ, സമൂഹ് സഹകരണ സംഘം സെക്രട്ടറി സി ബി വേണുഗോപാല്‍, പ്രൊഫ ഷാജി ജോസഫ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സാദത് ഹസന് മാന്റോയുടെ കഥകളെ ആസ്പദമാക്കി വിഭജനം, ലിംഗരാഷ്ട്രീയം തുടങ്ങിയ സങ്കീര്‍ണ്ണതകള്‍ വിഷയമാക്കിയ തമാശ എന്ന നാടകം അരങ്ങേറി. ഫെസ്റ്റിവലിന്റെ ഓരോ ദിവസവും ഓരോരുത്തരെ ആദരിക്കുന്നതിന്റെ ഭാഗമായി ഇന്നലെ 90 വയസ്സു പിന്നിട്ട പ്രശസ്ത നടി നിലമ്പൂര്‍ ആയിഷയെ ആദരിച്ചു. ചാവറ കള്‍ച്ചറല്‍ സെന്ററിലെ സെന്റ് ചാവറ കുര്യാക്കോസ് എലിയാസ് ഓഡിറ്റോറിയത്തിലാണ് നാടകാവതരണങ്ങള്‍ നടക്കുന്നത്. 400 സീറ്റുള്ള ഓഡിറ്റോറിയത്തില്‍ അത്രയും പ്രേക്ഷകര്‍ക്ക് സൗജന്യമായാണ് പ്രവേശനം നല്‍കുന്നത്. ജന്മശതാബ്ദി വര്‍ഷത്തില്‍ കൊച്ചിക്കാരനായ പി ജെ ആന്റണിയുടെ സ്മരണയ്ക്കാണ് ഫെസ്റ്റിവലിന്റെ ആദ്യപതിപ്പ് സമര്‍പ്പിക്കുന്നതെന്ന് ചന്ദ്രദാസന്‍ പറഞ്ഞു.
നാടകങ്ങള്‍ക്കൊപ്പം നാടകങ്ങളെ അടിസ്ഥാനപ്പെടുത്തി നിര്‍മിച്ച ലോകസിനിമയുടെ വിസ്മയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സിനിമാ പ്രദര്‍ശനങ്ങളും മേളയുടെ ഭാഗമാണ്. ഇതിന്റെ ഭാഗമായി ഇന്നലെ നിര്‍മാല്യം പ്രദര്‍ശിപ്പിച്ചു. നാടകവും സെന്സറിംഗും എന്ന വിഷയത്തില്‍ ടി എം എബ്രഹാം പ്രഭാഷണം നടത്തി. ചന്ദ്രദാസന്‍ തര്‍ജമ ചെയ്ത് ബ്രെഹ്തിന്റെ നാടതം മെഷേഴ്സ് ടേക്കണിന്റെ പരിഭാഷ നടപടി, നിണം പെര്‍ഫോര്‍മന്‍സ് ഇന്‍ കൂടിയാട്ടം എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു.
ഫെസ്റ്റിവലില്‍ ഇന്ന് (മാര്‍ച്ച് 22)
2 മണിക്ക് പിയര്‍ പൗലോ പസോളിനിയുടെ ‘മീഡിയ’ (യൂറിപ്പിഡിസിന്റെ ഗ്രീക്ക് ദുരന്തം), 4-30ന് തീയറ്റര്‍ മേക്കിംഗ് എന്ന വിഷയത്തില്‍ പത്മശ്രീ ഡോ. നീലം മാന്‍സിങ് ചൗധരിയുടെ പ്രഭാഷണം. 6-15ന് 15 തവണ മികച്ച രംഗശില്പത്തിനുള്ള സംസ്ഥാന അവാര്‍ഡ് നേടിയ ആര്‍ട്ടിസ്റ്റ് സുജാതനെ ആദരിക്കും. 6-30ന് അരുണ്‍ലാല്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘കൂ – ഹൂ – ആന്‍ ആന്തോളജി ഓണ്‍ റെയില്‍സ്’ നാടകാവതരണം. തീവണ്ടി സ്റ്റേഷനുകളുടെ പശ്ചാത്തലത്തില്‍ വാഗണ്‍ ട്രാജഡി മുതല്‍ പഥേര്‍ പാഞ്ചാലി വരെയും വിഭജനം മുതല്‍ ഗോധ്ര വരെയുള്ള ചരിത്രസംഭവങ്ങളെ കോര്‍ത്തിണക്കിയാണ് ഈ യാത്ര സമാധാനത്തിന്റെ പ്രതീക്ഷയിലേക്ക് നീങ്ങുന്നത്.
ഫോട്ടോ – ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന കൊച്ചി തീയറ്റര്‍ ഫെസ്റ്റിവല്‍ ആദ്യപതിപ്പ് നാടക പ്രവര്‍ത്തക പത്മശ്രീ ഡോ. നീലം മാന്‍സിങ് ചൗധരി ഉദ്ഘാടനം ചെയ്യുന്നു. ഇടത്തു നിന്ന് സമൂഹ് സഹകരണ സംഘം സെക്രട്ടറി സി ബി വേണുഗോപാല്‍, ലോകധര്‍മി ചെയര്മാന് ഡോ. കെ ജി പൗലോസ്, നടി നിലമ്പൂര്‍ ആയിഷ, ഫെസ്റ്റിവല്‍ ഡയറക്ടര്‍ ചന്ദ്രദാസന്‍, ഫാദര്‍ അനില്‍ ഫിലിപ്പ് സിഎംഐ, പ്രൊഫ ഷാജി ജോസഫ്, നാടകകൃത്ത് ടി എം എബ്രഹാം എന്നിവര്‍




