AmericaLatest NewsNews

റൺവേയിലെ പിഴവ് ദാരുണമായി: ലാഗ്വാർഡിയയിൽ വിമാനം–ട്രക്ക് കൂട്ടിയിടി, രണ്ട് പൈലറ്റുമാർ മരിച്ചു.

ന്യൂയോർക്ക് : ലോകത്തെ നടുക്കിയ ദാരുണ വിമാനാപകടം ലാഗ്വാർഡിയ എയർപോർട്ട് ൽ അരങ്ങേറി. മാർച്ച് 22 രാത്രി 11:30ഓടെ റൺവേയിൽ ലാൻഡ് ചെയ്തതിനു പിന്നാലെ എയർ കാനഡ എക്സ്പ്രസ് വിമാനവും അഗ്നിശമന സേനയുടെ ട്രക്കും തമ്മിൽ ഉണ്ടായ ശക്തമായ കൂട്ടിയിടിയിൽ രണ്ട് പൈലറ്റുമാർ മരിച്ചു. മോൺട്രിയലിൽ നിന്നെത്തിയ 72 യാത്രക്കാരും നാല് ക്രൂ അംഗങ്ങളുമായി പറന്ന ബൊംബാർഡീർ CRJ900 വിമാനമാണ് അപകടത്തിൽപ്പെട്ടത്.

അപകടത്തിൽ ക്യാപ്റ്റൻ അന്റോയിൻ ഫോറസ്റ്റും കോ-പൈലറ്റ് മക്കെൻസി ഗുന്തറും ജീവൻ നഷ്ടമായി. കൂട്ടിയിടിയുടെ ആഘാതത്തിൽ വിമാനത്തിന്റെ മുൻഭാഗവും കോക്ക്പിറ്റും തകർന്നപ്പോൾ യാത്രക്കാരിൽ 41 പേർക്ക് പരുക്കേറ്റു; ഇതിൽ ഒൻപത് പേരുടെ നില അതീവ ഗുരുതരമാണ്. വിമാനത്തിനുള്ളിലുണ്ടായിരുന്ന ഒരു ഫ്ലൈറ്റ് അറ്റൻഡന്റ് തകർന്ന ഭാഗത്തിലൂടെ പുറത്തേക്ക് തെറിച്ചുപോയെങ്കിലും അത്ഭുതകരമായി രക്ഷപ്പെട്ടു.

മറ്റൊരു വിമാനത്തിൽ പുക ഉയർന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് അടിയന്തര സഹായത്തിനായി അഗ്നിശമന ട്രക്ക് റൺവേ മുറിച്ച് കടക്കുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ഇതിനിടെ എയർ ട്രാഫിക് കൺട്രോൾ ടവറിൽ നിന്നുള്ള നിർദ്ദേശങ്ങളിൽ ഉണ്ടായ പിഴവാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിന് തൊട്ടുമുമ്പ് ‘ട്രക്ക് 1, നിർത്തൂ!’ എന്ന് ഉദ്യോഗസ്ഥൻ ഉച്ചത്തിൽ വിളിക്കുന്ന ഓഡിയോ റെക്കോർഡിംഗ് പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ തന്റെ ഭാഗത്തുണ്ടായ വീഴ്ച ഉദ്യോഗസ്ഥൻ സമ്മതിച്ചതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

സംഭവത്തെ തുടർന്ന് നാഷണൽ ട്രാൻസ്പോർടാഷൻ സേഫ്റ്റി ബോർഡ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. റൺവേ ക്ലിയറൻസ് നൽകുന്നതിലെ പിഴവുകളും ഗ്രൗണ്ട് സർവൈലൻസ് സംവിധാനങ്ങളുടെ പ്രവർത്തനക്ഷമതയും ഉൾപ്പെടെ വിവിധ വശങ്ങൾ പരിശോധിച്ചുവരികയാണ്. അപകടത്തെ തുടർന്ന് വിമാനത്താവളം താൽക്കാലികമായി അടച്ചതോടെ നൂറുകണക്കിന് സർവീസുകൾ റദ്ദാക്കി. വ്യോമയാന രംഗത്ത് ഒഴിവാക്കാമായിരുന്ന ഗുരുതര സുരക്ഷാ വീഴ്ചയെന്ന നിലയിലാണ് വിദഗ്ധർ ഈ ദുരന്തത്തെ വിലയിരുത്തുന്നത്.

Show More

Related Articles

Back to top button