AmericaGulfLatest NewsNewsPolitics

ഹോർമുസ് നിഴലിൽ യുദ്ധനയതന്ത്രം: ട്രംപിന്റെ ഇടവേള സമാധാനത്തിനോ, വലിയ ആക്രമണത്തിനോ?

ഹൂസ്റ്റൺ : യുഎസ്–ഇറാൻ സംഘർഷം രൂക്ഷമായി തുടരുന്നതിനിടെ, ഇറാന്റെ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ നടത്താനിരുന്ന വ്യോമാക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നീട്ടിവെക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതിരോധ വകുപ്പിന് നിർദ്ദേശം നൽകി. ഹോർമുസ് കടലിടുക്ക് പൂർണമായും തുറന്നുകൊടുക്കാത്ത പക്ഷം ഇറാന്റെ പവർ പ്ലാന്റുകൾ തകർക്കുമെന്ന് 48 മണിക്കൂർ സമയപരിധി നിശ്ചയിച്ച് ട്രംപ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആ സമയപരിധി അവസാനിക്കാനിരിക്കെയാണ് ഈ അപ്രതീക്ഷിത നീക്കം.

കഴിഞ്ഞ ദിവസങ്ങളിലായി ഇറാനുമായി നടന്ന ചർച്ചകൾ സമാധാനപരമായ പരിഹാരത്തിലേക്ക് നീങ്ങുന്നതായാണ് ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ‘ട്രൂത്ത് സോഷ്യൽ’ വഴി വ്യക്തമാക്കിയത്. പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി ഇരുപക്ഷവും ക്രിയാത്മകമായി ആശയവിനിമയം നടത്തുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. സ്റ്റീവ് വിറ്റ്‌കോഫ്, ജാറെഡ് കുഷ്നർ എന്നിവരടങ്ങുന്ന സംഘമാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നാണ് വിവരം.

ഇതിനിടെ, യുഎസ് ആക്രമണം ഉണ്ടായാൽ അമേരിക്കൻ സൈനിക താവളങ്ങളും ഊർജ്ജ കേന്ദ്രങ്ങളും ലക്ഷ്യമാക്കി ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനും ഇറാൻ സന്നദ്ധമാണെന്ന സൂചനകളും പുറത്തുവന്നു. യുദ്ധം മൂലം ആഗോളതലത്തിൽ എണ്ണവില ഉയരുന്നതും, അമേരിക്കയിലെ ആഭ്യന്തര സാമ്പത്തിക സമ്മർദ്ദവും ട്രംപിനെ നയതന്ത്ര നീക്കങ്ങളിലേക്ക് നയിച്ചുവെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

ഫെബ്രുവരി അവസാനത്തോടെ ആരംഭിച്ച ഈ സംഘർഷം ഇതിനോടകം തന്നെ മേഖലയിൽ വൻ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് ദിവസങ്ങൾ നിർണായകമാണെന്ന് വിലയിരുത്തപ്പെടുന്നു. ഈ കാലയളവിനുള്ളിൽ ഹോർമുസ് കടലിടുക്കിലൂടെ ഗതാഗതം സാധാരണ നിലയിലാക്കുന്നതിലും വെടിനിർത്തൽ കരാറിലേക്കുള്ള നീക്കങ്ങളിലും പുരോഗതി ഉണ്ടാകുകയാണെങ്കിൽ മാത്രമേ ഈ താൽക്കാലിക ശമനം സ്ഥിരതയാർജിക്കുകയുള്ളു. പാക്കിസ്ഥാൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾ മധ്യസ്ഥതയ്ക്ക് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ട്രംപിന്റെ ഈ ഇടവേള യുദ്ധത്തിന്റെ അവസാനഘട്ടത്തിലേക്കുള്ള നീക്കമാണോ, അതോ കൂടുതൽ ശക്തമായ ആക്രമണത്തിന് മുന്നോടിയായ തന്ത്രമാണോ എന്നതിൽ ലോകത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണ്.

Show More

Related Articles

Back to top button