യുഡിഎഫിന് അനുകൂലമായി ജനവോട്ടെടുപ്പ്; ഭരണവിരുദ്ധ തരംഗം ശക്തമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണി

തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് അനുകൂലമായി ശക്തമായ ജനവിധിയാണ് രൂപപ്പെട്ടിരിക്കുന്നതെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് എ . കെ . ആന്റണി വ്യക്തമാക്കി. ഇടതുപക്ഷത്തെയും സിപിഎമ്മിനെയും സിപിഐയെയും സ്നേഹിക്കുന്ന വലിയൊരു വിഭാഗം ജനങ്ങൾ പോലും ഇത്തവണ യുഡിഎഫിന് വോട്ട് ചെയ്യുകയാണെന്നും, അത് ഇടതുപക്ഷത്തെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
തുടർഭരണം കേരളത്തിലെ ഇടതുപക്ഷത്തിന് ദോഷകരമാകുമെന്ന് തിരിച്ചറിഞ്ഞവരാണ് ഈ നിലപാട് സ്വീകരിച്ചതെന്ന് ആന്റണി ചൂണ്ടിക്കാട്ടി. ബംഗാളിലെപ്പോലെ ഇടതുപക്ഷം തകർന്നുപോകുന്ന സാഹചര്യം കേരളത്തിൽ ഉണ്ടാകരുതെന്ന ആശങ്കയാണ് പലരെയും യുഡിഎഫിനൊപ്പം നിർത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരമാണ് നിലനിൽക്കുന്നതെന്നും, തിരഞ്ഞെടുപ്പിന് മുൻപുള്ള ദിവസങ്ങളിൽ അത് ജനരോഷമായി ശക്തിപ്രാപിച്ചതായും അദ്ദേഹം വിലയിരുത്തി. പത്ത് വർഷത്തെ ഭരണകാലത്ത് ഉണ്ടായ ജനവിരുദ്ധ നടപടികൾക്ക് ജനാധിപത്യപരമായ മറുപടി ഈ തിരഞ്ഞെടുപ്പിലൂടെ ലഭിക്കുമെന്നും ആന്റണി പറഞ്ഞു.
പോളിംഗ് അവസാനിക്കുന്നതോടെ നിലവിലെ സർക്കാർ പ്രായോഗികമായി അവസാനഘട്ടത്തിലേക്ക് കടക്കുമെന്നും, തുടർന്ന് കെയർടേക്കർ സർക്കാർ മാത്രമേ ഉണ്ടാകൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. വോട്ടെണ്ണലിന് ശേഷം യുഡിഎഫ് അധികാരത്തിലെത്തുമെന്ന് ആത്മവിശ്വാസവും അദ്ദേഹം പ്രകടിപ്പിച്ചു.
കേരളത്തിൽ ബിജെപിക്ക് വലിയ സ്വാധീനം നേടാൻ കഴിയില്ലെന്നും, സംസ്ഥാനത്തിന്റെ സാമൂഹിക-രാഷ്ട്രീയ സാഹചര്യങ്ങൾ ആ പാർട്ടിക്ക് അനുകൂലമല്ലെന്നും ആന്റണി പറഞ്ഞു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ലഭിച്ച വിജയം പ്രത്യേക സാഹചര്യങ്ങളാൽ ഉണ്ടായതാണെന്നും, പൊതുവേ കേരളത്തിൽ ബിജെപിക്ക് ശക്തമായ വേരോട്ടം നേടാൻ സാധ്യത കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.




