
ഇറാൻ : ഇറാന്റെ പരമോന്നത നേതാവായ മുജ്തബ ഖമനെയി യുദ്ധത്തിനിടെ ഗുരുതരമായി പരിക്കേറ്റെന്ന റിപ്പോർട്ടുകൾ വീണ്ടും ശക്തമായി ഉയരുന്നു. ഫെബ്രുവരി 28ന് ആരംഭിച്ച സംഘർഷത്തിനിടെ നടന്ന വ്യോമാക്രമണത്തിൽ മുജ്തബയുടെ മുഖം തകർന്നതായും ഇരുകാലുകൾക്കും സാരമായ പരുക്ക് സംഭവിച്ചതായും അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിറ്റേഴ്സിനോട് വെളിപ്പെടുത്തി.
മുജ്തബയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് അനിശ്ചിതത്വം തുടരുന്നതിനിടെ, അദ്ദേഹം യുദ്ധത്തിൽ കൊല്ലപ്പെട്ടിരിക്കാമെന്നോ ജീവനോടെ ഉണ്ടായാൽ സ്ഥിരമായ വൈകല്യം ഉണ്ടായിരിക്കാമെന്നോ മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചിരുന്നു. എന്നാൽ, മുജ്തബ സുഖം പ്രാപിച്ചുവരികയാണെന്നും ഗുരുതരമായ പരുക്കുകൾ ഉണ്ടായിരുന്നിട്ടും ഭരണകാര്യങ്ങളിൽ സജീവമായി ഇടപെടുന്നുവെന്നും, യുദ്ധവും സമാധാന ചർച്ചകളും ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങളിൽ അദ്ദേഹത്തിന്റെ പങ്കാളിത്തം തുടരുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഇതിനിടെ, നിലവിലെ ആരോഗ്യസ്ഥിതിയിൽ രാജ്യത്തിന്റെ ഭരണച്ചുമതലകൾ നിർവഹിക്കാൻ മുജ്തബയ്ക്ക് കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ആവശ്യമായാൽ പുതിയ നേതൃപരിവർത്തനം ഉണ്ടാകുമോയെന്ന ആശങ്കയും രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയാകുന്നു. മാർച്ച് 8ന് പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മുജ്തബയെക്കുറിച്ചുള്ള വിവരങ്ങൾ അതീവ രഹസ്യമായി തുടരുകയാണ്. പൊതുസ്ഥലങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടിട്ടില്ലെന്നും ചിത്രങ്ങളോ ശബ്ദങ്ങളോ പുറത്തുവന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഫെബ്രുവരി 28നുണ്ടായ യുഎസ്-ഇസ്രയേൽ സംയുക്ത വ്യോമാക്രമണത്തിൽ മുൻ പരമോന്നത നേതാവായ ആയത്തുല്ല അലി ഖമനെയിയെയും കുടുംബാംഗങ്ങളെയും മുജ്തബയ്ക്ക് നഷ്ടമായിരുന്നു. മുജ്തബയ്ക്ക് ഗുരുതരമായി പരിക്കേറ്റുവെന്നത് മാത്രമാണ് ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്.
മുജ്തബയ്ക്ക് ഒരു കാൽ നഷ്ടമായെന്ന വിവരവും യുഎസ് ഇന്റലിജൻസ് വൃത്തങ്ങൾ മുമ്പ് പുറത്തുവിട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവിടാൻ സിഐഎ തയ്യാറായിട്ടില്ല. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫിസും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.




