AmericaGulfLatest NewsNewsPolitics

ആണവനീക്കത്തിൽ പിടിവാശി തുടർന്നു; യുറേനിയം ശേഖരം വിട്ടുകൊടുക്കാൻ ഇറാൻ തയ്യാറല്ല

ന്യൂഡൽഹി: ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷാവസ്ഥയിൽ സമാധാനത്തിനായുള്ള ചർച്ചകൾ പുരോഗമിക്കുമ്പോഴും ആണവ വിഷയത്തിൽ നിർണായകമായ ഭിന്നത തുടരുന്നു. യുറേനിയം സമ്പുഷ്ടീകരണ പ്രവർത്തനങ്ങൾ പൂർണമായി നിർത്തിവയ്ക്കണമെന്ന അമേരിക്കയുടെ ആവശ്യം ഇറാൻ ഇതുവരെ അംഗീകരിച്ചിട്ടില്ല. എന്നാൽ യുദ്ധവിരാമത്തിലേക്കുള്ള ചർച്ചകൾ മുന്നേറുന്നതായി നയതന്ത്ര വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ ആദ്യം താൽക്കാലിക യുദ്ധവിരാമത്തിനും തുടർന്ന് സമാധാന ചർച്ചകൾക്കുമുള്ള ചട്ടക്കൂട് രൂപപ്പെടുത്താനാണ് ശ്രമം. ഇറാൻ യുറേനിയം സമ്പുഷ്ടീകരണം നിർത്തിയാൽ അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ സാമ്പത്തിക നിക്ഷേപങ്ങൾ വിട്ടുകൊടുക്കാമെന്ന ധാരണയിലേക്കാണ് ചർച്ചകൾ നീങ്ങുന്നതെന്നാണ് വിവരം.

ഒരു മാസം നീളുന്ന സമാധാന ചർച്ചകൾക്കു ശേഷമാകും വിശദമായ കരാർ രൂപപ്പെടുത്തുക. അതിനുശേഷം മാത്രമേ ഇറാനും അമേരിക്കയും തമ്മിലുള്ള നേരിട്ടുള്ള ചർച്ചകൾ ആരംഭിക്കൂ എന്നും സൂചനയുണ്ട്.

ഹോർമുസ് കടലിടുക്ക് വീണ്ടും അന്താരാഷ്ട്ര കപ്പൽഗതാഗതത്തിനായി തുറക്കുന്നതും ചർച്ചയിലെ പ്രധാന വിഷയമാണ്. എന്നാൽ പേർഷ്യൻ ഗൾഫ് മേഖലയിൽ നിന്നുള്ള അമേരിക്കൻ യുദ്ധക്കപ്പലുകളുടെ പിന്മാറ്റം ഇറാൻ ശക്തമായി ആവശ്യപ്പെടുന്നുണ്ട്. യുദ്ധത്തിൽ ഉണ്ടായ നഷ്ടങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും ഇറാൻ ആവശ്യപ്പെട്ടിട്ടുണ്ട്. തെക്കൻ ലെബനനിൽ നിന്ന് ഇസ്രയേൽ പിന്മാറണമെന്ന ആവശ്യവും ഇറാൻ മുന്നോട്ടുവെച്ചിട്ടുണ്ട്.

ഇറാൻ കുറഞ്ഞത് ഇരുപത് വർഷത്തേക്കെങ്കിലും യുറേനിയം സമ്പുഷ്ടീകരണം നിർത്തിവയ്ക്കണമെന്നാണ് അമേരിക്കയുടെ നിലപാട്. എന്നാൽ അഞ്ച് വർഷത്തേക്ക് മാത്രം നിർത്തിവയ്ക്കാൻ തയ്യാറാണെന്ന സൂചനയാണ് ഇറാൻ നൽകുന്നത്. ഇതിനൊപ്പം ഇറാന്റെ കൈവശമുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം പൂർണമായി കൈമാറണമെന്ന അമേരിക്കൻ ആവശ്യം ചർച്ചകളിലെ പ്രധാന തടസ്സമായി തുടരുകയാണ്.

ഇതിന് ഇറാൻ ഇതുവരെ സമ്മതം നൽകിയിട്ടില്ലെങ്കിലും, ഇരുരാജ്യങ്ങൾക്കും വിശ്വാസമുള്ള മൂന്നാം രാജ്യത്തേക്ക് യുറേനിയം ശേഖരം മാറ്റാനുള്ള സാധ്യത ഉയർന്നുവരുന്നതായി റഷ്യൻ വൃത്തങ്ങൾ അറിയിച്ചു. ഇറാന്റെ അടുത്ത സഖ്യകക്ഷിയായ റഷ്യ ഇതിനുള്ള തയ്യാറെടുപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും അമേരിക്ക ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, ഹോർമുസ് കടലിടുക്ക് ഒഴിവാക്കി യൂറോപ്പിനെയും സൗദി അറേബ്യയെയും ബന്ധിപ്പിക്കുന്ന പുതിയ വ്യാപാരപാതയും സജീവമാകുന്നു. ലോകത്തിലെ പ്രമുഖ കണ്ടെയ്നർ കപ്പൽഗതാഗത കമ്പനികളിലൊന്നായ എംഎസ്‌സിയാണ് പുതിയ ചരക്കുനീക്ക പാത ആരംഭിക്കുന്നത്. യൂറോപ്പിൽ നിന്ന് ചെങ്കടൽ വഴി സൗദിയിലെ ജിദ്ദ, റാബിഗ് തുറമുഖങ്ങളിലെത്തുന്ന ചരക്കുകൾ കരമാർഗം ദമാം തുറമുഖത്ത് എത്തിച്ച ശേഷം ഗൾഫ് രാജ്യങ്ങളിലേക്കും ഇന്ത്യയിലേക്കും വിതരണം ചെയ്യാനാണ് പദ്ധതി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button