സൗമ്യമുഖത്തിന് ആഭ്യന്തര ചുമതല; രമേശ് ചെന്നിത്തല ഇനി ആഭ്യന്തര-വിജിലൻസ് മന്ത്രി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ സൗമ്യമുഖങ്ങളിലൊരാളായ രമേശ് ചെന്നിത്തല ഇനി ആഭ്യന്തര-വിജിലൻസ് മന്ത്രിയായി ചുമതലയേൽക്കും. പാർട്ടിയിലെ സീനിയോറിറ്റിയും നേതൃപാടവവും പരിഗണിച്ച് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പേരുയർന്നിരുന്നെങ്കിലും ഗ്രൂപ്പ് രാഷ്ട്രീയമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. എന്നാൽ സർക്കാരിലെ പ്രധാന വകുപ്പുകളിലൊന്നായ ആഭ്യന്തര വകുപ്പ് തന്നെയാണ് ചെന്നിത്തലയ്ക്ക് ലഭിച്ചിരിക്കുന്നത്.
കെഎസ്‌യുവിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നുവന്ന രമേശ് ചെന്നിത്തല 1980ൽ കെഎസ്‌യു സംസ്ഥാന അധ്യക്ഷനായി. 1982ൽ എൻഎസ്‌യുഐ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം അതേ വർഷം തന്നെ കെ കരുണാകരൻ മന്ത്രിസഭയിൽ അംഗമായി. 28-ാം വയസിലായിരുന്നു ആദ്യമായി മന്ത്രിസ്ഥാനത്തെത്തിയത്.
ഉമ്മൻചാണ്ടി സർക്കാരിൽ ആഭ്യന്തര മന്ത്രിയായിരിക്കെ ‘ഓപ്പറേഷൻ കുബേര’, ‘ക്ലീൻ ക്യാമ്പസ്’, ‘സേഫ് ക്യാമ്പസ്’ തുടങ്ങിയ പദ്ധതികളിലൂടെ പൊലീസിന് ജനകീയ മുഖം നൽകാൻ ചെന്നിത്തല ശ്രമിച്ചു. 2016 മുതൽ 2021 വരെ പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് എൽഡിഎഫ് സർക്കാരിനെതിരെ ശക്തമായ രാഷ്ട്രീയ ആക്രമണങ്ങളാണ് അദ്ദേഹം നയിച്ചത്.
സ്പ്രിങ്ക്ളർ വിവാദം, ആഴക്കടൽ മത്സ്യബന്ധന കരാർ, ലൈഫ് മിഷൻ ക്രമക്കേട് തുടങ്ങിയ വിഷയങ്ങൾ ഉയർത്തിക്കാട്ടി സർക്കാരിനെ പ്രതിരോധത്തിലാക്കുന്നതിൽ ചെന്നിത്തല നിർണായക പങ്കുവഹിച്ചു. കോൺഗ്രസ് പ്രതിസന്ധി നേരിട്ട ഘട്ടങ്ങളിലൊക്കെയും രക്ഷകന്റെ റോളിൽ എത്തിയ നേതാവെന്ന വിലയിരുത്തലും അദ്ദേഹത്തിനുണ്ട്.
കെ കരുണാകരൻ പാർട്ടി വിട്ട സമയത്ത് കെപിസിസി പ്രസിഡന്റായിരുന്ന ചെന്നിത്തല, തളരുമെന്ന് കരുതിയ കോൺഗ്രസിനെ വീണ്ടും സജീവമാക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. ഉമ്മൻചാണ്ടിക്കൊപ്പമുള്ള രാഷ്ട്രീയ കൂട്ടുകെട്ടും ആ ഘട്ടത്തിൽ ശ്രദ്ധേയമായി. നിലവിൽ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റിയിലെ സ്ഥിരം ക്ഷണിതാവും മഹാരാഷ്ട്രയുടെ ചുമതലയുള്ള നേതാവുമാണ് രമേശ് ചെന്നിത്തല.




