ഇഡി ഉദ്യോഗസ്ഥർക്കെതിരെ സിപിഐഎം പ്രവർത്തകരുടെ അക്രമം: സംസ്ഥാന സര്‍ക്കാരിനോട് റിപ്പോർട്ട് തേടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം.

സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗവും പ്രതിപക്ഷനേതാവുമായ പിണറായി വിജയന്റെയും മുൻമന്ത്രി മുഹമ്മദ് റിയാസിൻ്റെയും വീടുകളിൽ നടന്ന ഇഡി റെയ്ഡിൽ പ്രതിഷേധിച്ച സിപിഐഎം പ്രവർത്തകർ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സംഘത്തിനെതിരായി നടത്തിയ ആക്രമണത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടും. തങ്ങളുടെ കൃത്യനിര്‍വഹണത്തിനിടെയാണ് ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ ആക്രമണ ശ്രമമുണ്ടായതെന്നും ഡ്രൈവര്‍ക്ക് പരുക്കേറ്റ സാഹചര്യമുണ്ടായതെന്നും ഇതില്‍ സുരക്ഷാ വീഴ്ചയുണ്ടായെന്നുമുള്ള വിലയിരുത്തലിലേക്ക് ആഭ്യന്തര മന്ത്രാലയം കടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.
സംഭവത്തിൽ സംസ്ഥാന പൊലീസ് മേധാവിയോടും വിശദീകരണം തേടിയേക്കും. ആക്രമണത്തിനെതിരെ ഇ ഡി ഉദ്യോഗസ്ഥര്‍ പരാതി നല്‍കാനും സാധ്യതയുണ്ട്. ഉടന്‍ തന്നെ പരാതി തയ്യാറാക്കി നല്‍കാനാണ് സാധ്യത. ഇഡിയുടെ മൂന്ന് വാഹനങ്ങളുടെ ചില്ലുകൾ പ്രവർത്തകർ തകർത്തിരുന്നു.അതേസമയം, പശ്ചിമ ബംഗാളില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്ക് നേരെ സമാനമായി ആക്രമണ നീക്കമുണ്ടായപ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കനത്ത നടപടികളാണ് സ്വീകരിച്ചിരുന്നത്.
രണ്ട് വാഹനങ്ങള്‍ അടിച്ചുതകര്‍ത്ത പശ്ചാത്തലത്തില്‍ ഗുരുതര സുരക്ഷാ വീഴ്ച പൊലീസിനുണ്ടായെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. സംഭവത്തില്‍ കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുടെ ചുമതലയുള്ള അഡീഷണല്‍ ഡയറക്ടറോട് ഇഡി ഡയറക്ടര്‍ രാഹുല്‍ നവീൻ റിപ്പോര്‍ട്ട് തേടി.




