AmericaKeralaLatest NewsNews

ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം”

(ജൂൺ ആറിന്, കഴിഞ്ഞ ശനിയാഴ്ച അന്തരിച്ച ജോർജ് മണ്ണിക്കരോട്ട് സാർ രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന ബൃഹത്തായ, ഈടുറ്റ ഗ്രന്ഥത്തെക്കുറിച്ച് ഈ ലേഖകൻ 2021-ൽ എഴുതിയ ഒരു ലേഖനം അദ്ദേഹത്തെ അനുസ്മരിച്ചുകൊണ്ട് ഒരിക്കൽക്കൂടി പ്രസിദ്ധീകരിക്കുകയാണ്. ഈ വിഷയത്തിൽ ഇത്രയധികം ഗവേഷണാത്മകമായ ഒരു രചനാഗ്രന്ഥം ഈ ലേഖകൻ ഇതുവരെ കണ്ടിട്ടില്ല. ഈ വർഷം ഈ പുസ്തകം ഇംഗ്ലീഷിലേക്കും വിവർത്തനം ചെയ്ത് പ്രസിദ്ധീകരിക്കുകയുണ്ടായി.)

അമേരിക്കയിൽ അധിവസിക്കുന്ന പ്രശസ്ത മലയാള ഭാഷാ-സാഹിത്യകാരനും ചരിത്രകാരനുമായ ജോർജ് മണ്ണിക്കരോട്ട് രചിച്ച “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” പ്രസിദ്ധീകരിച്ചു. വടക്കേ അമേരിക്കയ്ക്കു പുറമെ കാനഡയിലെയും ആധുനിക മലയാള സാഹിത്യ ചരിത്രം ഈ ബൃഹത്തായ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അമേരിക്കയിൽ ആദ്യമായി 2007-ൽ “അമേരിക്കയിലെ മലയാള സാഹിത്യ ചരിത്രം” എന്ന ഒരു ചരിത്രപുസ്തകം ജോർജ് മണ്ണിക്കരോട്ട് രചിച്ചിരുന്നു. 2021-ൽ കൂടുതൽ വസ്തുതകളും ചരിത്രവും വിവരണങ്ങളും ഉൾപ്പെടുത്തി ഏകദേശം 400 പേജുകളുള്ള പരിഷ്കരിച്ച ഈ ചരിത്രഗ്രന്ഥത്തിന് “അമേരിക്കയിലെ ആധുനിക മലയാളസാഹിത്യ ചരിത്രം” എന്ന് നാമകരണം ചെയ്തിരിക്കുന്നു.

കാരണം ഈ പുസ്തകത്തിൽ ആധുനിക ഡിജിറ്റൽ, ഓൺലൈൻ, ബ്ലോഗ് മലയാള സാഹിത്യകാരന്മാരെയും അവരുടെ രചനാചരിത്രങ്ങളെയും സമഗ്രമായി പ്രതിപാദിക്കുകയും ചേർത്തിരിക്കുകയും ചെയ്തിട്ടുണ്ട്. 2007 മുതൽ 2021 വരെ ഉണ്ടായ മലയാള സാഹിത്യത്തിലെ മാറ്റങ്ങളും പരിണാമങ്ങളും ഈ പുതിയ ചരിത്രഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ചരിത്രങ്ങൾ കഴിയുന്നത്ര വിശദമായും സത്യസന്ധമായും കണ്ടെത്തുകയും രേഖപ്പെടുത്തുകയും ചെയ്യുക എന്നത് വളരെ വിഷമകരമായ ഒരു ദൗത്യമാണ്. അതിനായി ഗ്രന്ഥകാരൻ അമേരിക്കയിലെ വിവിധ പ്രസാധകരെയും എഴുത്തുകാരെയും സംഘടനാ പ്രതിനിധികളെയും മതനേതാക്കളെയും നേരിൽ കാണുകയും, ഫോൺ വഴിയും ഇ-മെയിൽ വഴിയും വിവരങ്ങൾ ശേഖരിക്കുകയും, അനേകം റഫറൻസ് ഗ്രന്ഥങ്ങൾ പഠിക്കുകയും ഗവേഷണം നടത്തുകയും ചെയ്തതായി ഗ്രന്ഥത്തിന്റെ ആമുഖത്തിൽ വ്യക്തമാക്കുന്നു.

നോവൽ, ചെറുകഥ, ലേഖനം, നിരൂപണം തുടങ്ങിയ സാഹിത്യശാഖകളിൽ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുള്ള ജോർജ് മണ്ണിക്കരോട്ടിന്റെ ആഴത്തിലുള്ള പഠനവും നിരീക്ഷണങ്ങളും ഈ ചരിത്രരചനയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് നിസ്സംശയം പറയാം.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button