മെഡിക്കെയ്ഡ് തട്ടിപ്പ്: 38 മില്യൺ ഡോളർ കുംഭകോണത്തിൽ പാകിസ്താൻ-അമേരിക്കൻ വ്യവസായി കുടുങ്ങി

ന്യൂയോർക്ക്: അമേരിക്കയിലെ ന്യൂയോർക്ക് നഗരത്തിലെ ബ്രൂക്ക്ലിനിൽ പ്രവർത്തിച്ചിരുന്ന രണ്ട് അഡൾട്ട് ഡേ കെയർ കേന്ദ്രങ്ങളെ കേന്ദ്രീകരിച്ച് 38 മില്യൺ ഡോളർ (ഏകദേശം ₹325 കോടി) വിലമതിക്കുന്ന മെഡിക്കെയ്ഡ് തട്ടിപ്പ് നടത്തിയെന്നാരോപിച്ച് പാകിസ്താൻ വംശജനായ അമേരിക്കൻ വ്യവസായി പെർവേസ് സിദ്ദിഖി ഉൾപ്പെടെ എട്ട് പേർക്കെതിരെ ഫെഡറൽ അധികൃതർ കുറ്റം ചുമത്തി.
2019 മുതൽ 2025 വരെ നീണ്ടുനിന്നതായി ആരോപിക്കപ്പെടുന്ന പദ്ധതിയിൽ, അഡൾട്ട് ഡേ കെയർ സേവനങ്ങൾ ലഭിക്കാത്തവർക്കോ വളരെ അപൂർവമായി മാത്രം സേവനം ഉപയോഗിച്ചവർക്കോ വേണ്ടി വ്യാജ ഹാജർ രേഖകൾ തയ്യാറാക്കി മെഡിക്കെയ്ഡിൽ നിന്ന് കോടിക്കണക്കിന് ഡോളർ അനധികൃതമായി കൈപ്പറ്റിയെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.
ചില മെഡിക്കെയ്ഡ് ഗുണഭോക്താക്കൾക്ക് പദ്ധതിയിൽ പേര് നിലനിർത്തുന്നതിനായി പണം നൽകിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. തട്ടിപ്പിലൂടെ ലഭിച്ച പണം മറച്ചുവെക്കാൻ ഷെൽ കമ്പനികൾ ഉപയോഗിക്കുകയും “ഗിഫ്റ്റ്”, “മെഡിസിൻ”, “ലഡ്ഡു” തുടങ്ങിയ കോഡ് വാക്കുകൾ ഉപയോഗിച്ച് സാമ്പത്തിക ഇടപാടുകൾ രേഖപ്പെടുത്തിയതായും പ്രോസിക്യൂട്ടർമാർ ആരോപിക്കുന്നു.
ഫെഡറൽ അന്വേഷണ ഏജൻസികൾ കേസ് അന്വേഷിച്ചുവരികയാണ്. കുറ്റം തെളിഞ്ഞാൽ പ്രതികൾക്ക് ദീർഘകാല തടവുശിക്ഷയും വൻ സാമ്പത്തിക പിഴയും നേരിടേണ്ടി വരും
വാർത്ത: പ്രസാദ് തീയാടിക്കൽ



