കത്തോലിക്കാ ശവസംസ്കാരത്തിൽ പുതിയ ചട്ടങ്ങൾ; കുടുംബ പ്രസംഗങ്ങൾക്ക് നിയന്ത്രണം.

ഇല്ലിനോയിസ്: കത്തോലിക്കാ ശവസംസ്കാര ചടങ്ങുകൾ കൂടുതൽ ക്രമബദ്ധവും സഭയുടെ ആരാധനാനിയമങ്ങൾക്ക് അനുസൃതവുമാക്കുന്നതിനായി അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ സ്പ്രിംഗ്ഫീൽഡ് രൂപത പുതിയ മാർഗനിർദേശങ്ങൾ നടപ്പാക്കി. ബിഷപ്പ് തോമസ് ജോൺ പാപ്രോക്കി പ്രഖ്യാപിച്ച പുതിയ ചട്ടങ്ങൾ ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വന്നു.
പുതിയ നിർദേശപ്രകാരം, അതേ ദിവസം തന്നെ ദർശനവും (Visitation) ശവസംസ്കാര തിരുക്കർമ്മവും നടത്താൻ ഇനി അനുവദിക്കില്ല. കൂടാതെ, ശവസംസ്കാര ചടങ്ങിൽ പറയുന്ന അനുസ്മരണ പ്രസംഗങ്ങൾ (Eulogies) ചടങ്ങിന് മൂന്ന് ദിവസം മുമ്പ് വൈദികന്റെ അനുമതിക്കായി സമർപ്പിക്കണം. പ്രസംഗം കുടുംബാംഗങ്ങൾക്ക് നേരിട്ട് നടത്താൻ അനുവാദമുണ്ടാകില്ല. അനുമതി ലഭിച്ചാൽ അത് വൈദികനോ ഡീക്കനോ വായിച്ചുകേൾപ്പിക്കുന്ന രീതിയിലായിരിക്കും.
സംസ്കാരശേഷം ശവദാഹം (Cremation) നടത്തിയാൽ, ഭസ്മം വിഭജിക്കുകയോ ചിതറിക്കുകയോ ചെയ്യരുതെന്നും, നിശ്ചിത സമയത്തിനുള്ളിൽ അനുയോജ്യമായ ശ്മശാനത്തിലോ വിശുദ്ധ സ്ഥലത്തോ സംസ്കരിക്കണമെന്നും രൂപത വീണ്ടും ഓർമ്മിപ്പിച്ചു.
കത്തോലിക്കാ സഭയുടെ ‘ഓർഡർ ഓഫ് ക്രിസ്ത്യൻ ഫ്യൂണറൽസ്’ (Order of Christian Funerals) എന്ന ഔദ്യോഗിക മാർഗനിർദേശങ്ങൾക്ക് അനുസൃതമായി ശവസംസ്കാര ചടങ്ങുകൾ നടത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ ചട്ടങ്ങൾ നടപ്പാക്കുന്നതെന്ന് രൂപത വ്യക്തമാക്കി.
ലോസ് ആഞ്ചലസ്, യങ്‌സ്‌ടൗൺ, വൂസ്റ്റർ തുടങ്ങിയ മറ്റ് കത്തോലിക്കാ രൂപതകളിലും സമാനമായ മാർഗനിർദേശങ്ങൾ ഇതിനകം നടപ്പാക്കിയിട്ടുണ്ട്. പുതിയ മാറ്റങ്ങൾ കത്തോലിക്കാ കുടുംബങ്ങൾക്കും ശവസംസ്കാര സേവനദാതാക്കൾക്കും ശ്രദ്ധേയമായ മാറ്റമായാണ് വിലയിരുത്തപ്പെടുന്നത്.
–വാർത്ത:പ്രസാദ് തീയാടിക്കൽ




