ഡിഫറന്റ് ആര്‍ട് സെന്ററില്‍ ടേബിള്‍ ടെന്നീസ് പരിശീലന പദ്ധതിക്ക് തുടക്കം.
ഉദ്ഘാടനം : മന്ത്രി വി.അബ്ദുറഹിമാന്‍
തിരുവനന്തപുരം: ഭിന്നശേഷിക്കാരുടെ കായികശാക്തീകരണത്തിന്റെ ഭാഗമായി ഡിഫറന്റ് ആര്‍ട് സെന്ററില്‍ ആരംഭിക്കുന്ന ടേബിള്‍ ടെന്നീസ് പരിശീലന പദ്ധതി ഇന്ന് (ബുധന്‍) വൈകുന്നേരം 4ന് കായിക മന്ത്രി വി.അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യും. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഫ്രാന്‍സില്‍ നടന്ന ഭിന്നശേഷിക്കാരുടെ ലോക ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച 15വയസ്സുകാരനായ ആരോണ്‍ അജിത്തിനെ ആദരിക്കും. ഡിഫറന്റ് ആര്‍ട് സെന്റര്‍ സി.എഫ്.ഒ അശ്വതി നിഷാന്ത്, ഇന്റര്‍വെന്‍ഷന്‍ ഡയറക്ടര്‍ ഡോ.അനില്‍നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
ഡിഫറന്റ് ആര്‍ട് സെന്ററില്‍ കുട്ടികളുടെ കായിക പരിശീലനത്തിനും പ്രഥമ പരിഗണന നല്‍കുന്നതിന്റെ ഭാഗമായി ജിബ്രാള്‍ട്ടര്‍ സ്വദേശി ജോയല്‍ റിച്ചാര്‍ഡ് വില്യംസിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്ക് ഫുട്‌ബോളില്‍ പരിശീലനം നല്‍കി വരികയാണ്. ഫുട്‌ബോളിന് പുറമെ അത്‌ലെറ്റിക്‌സ്, സൈക്കിളിംഗ്, തായ്‌കൊണ്ടോ, ചെസ് തുടങ്ങിയ ഇനങ്ങളിലും പരിശീലനം നല്‍കുന്നുണ്ട്. പാരാലിംപിക്‌സ്, ദേശീയ അന്തര്‍ദ്ദേശീയ മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനും ഭിന്നശേഷിക്കുട്ടികളെ പ്രാപ്തരാക്കുക ലക്ഷ്യത്തോടെയാണ് സെന്ററില്‍ കായിക പരിശീലന പദ്ധതികള്‍ നടപ്പിലാക്കുന്നത്.