അമേരിക്കയിൽ മാവേലിയുടെ വരവ് വലിയ കൗതുകമായി.

ജീമോൻ റാന്നി
ലീഗ് സിറ്റി, (ഹ്യൂസ്റ്റൺ) ടെക്സാസ് : ലീഗ് സിറ്റി മലയാളി സമാജത്തിന്റെ ഓണാഘോഷം വളരെ വ്യത്യസ്തവും കൗതുകവും ഉണർത്തി അമേരിക്കൻ മലയാളി സമൂഹത്തിൽ വേറിട്ട് നിന്നു. എന്നും വ്യത്യസ്തമായതും കൗതുകമുണർത്തുന്നതുമായ രീതിയിലാണ് ലീഗ് സിറ്റി മലയാളികൾ പരിപാടികൾ സംഘടിപ്പിക്കുന്നത്.
ഡിക്കിൻസൺ ബേയിൽ നിന്നും ജലമാർഗ്ഗം ചെണ്ടമേളവും, താലപ്പൊലിയുമേന്തിയ ബോട്ടുകളുടെയും, വള്ളങ്ങളുടെയും അകമ്പടിയോടെ എത്തിയ മാവേലിയെ വൻജനാവലിയാണ് വരവേറ്റത്. തുടർന്ന് നൂറുകണക്കിന് ആളുകൾ പങ്കെടുത്ത ഘോഷയാത്രയിൽ പഞ്ചാരിമേളത്തിന്റെയും, പുലികളിയുടെയും അകമ്പടിയോടെ താലപ്പൊലിയേന്തിയ മലയാളി മങ്കകളുടെ മധ്യത്തിൽ വിശിഷ്‌ടാതിഥികളെയും മഹാബലി തമ്പുരാനേയും ഓണ അരങ്ങിലേക്ക് എഴുന്നള്ളിക്കുകയുണ്ടായി. തുടർന്ന് മഹാബലിയും ലീഗ് സിറ്റി മലയാളി സമാജം ഭാരവാഹികളും ഒന്നിച്ചു ചേർന്ന് നിലവിളക്കു കൊളുത്തി.
ആനകളും, കഥകളിയും, കേരളത്തിന്റെ മറ്റു കലാരൂപങ്ങളുമെല്ലാം ഒരുക്കികൊണ്ടുള്ള ഓഡിറ്റോറിയം തന്നെ വളരെ കൗതുകമുണർത്തുന്നതായിരുന്നു.
2024 സെപ്റ്റംബർ 7ന് വാൾട്ടർ ഹാൾ പാർക്കിലെ ഓഡിറ്റോറിയത്തിൽ നടന്ന ഈ ആഘോഷം, സമാജത്തിലെ അംഗങ്ങളും, ഗാൽവസ്റ്റൻ കൗണ്ടി ഒഫീഷ്യൽസും ഒരുപോലെ ആസ്വദിച്ചു. ആദ്യകാല അമേരിക്കൻ മലയാളികളിൽ പലർക്കും ഇത് അവരുടെ ജീവിതത്തിലെ മറക്കാനാവാത്തതും സന്തോഷം നൽകുന്നതുമായ ഒരു അനുഭവമായിരുന്നു എന്നവർ സാക്ഷ്യപ്പെടുത്തി.
എമി ജെയ്‌സന്റെയും, എലേന ടെൽസന്റെയും നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ ഓണപ്പൂക്കളം ഏവരുടേയും ശ്രദ്ധ പിടിച്ചുപറ്റി.
ഉച്ചയോടെ നാടൻ വാഴയിലയിൽ വിളമ്പിയ വളരെ രുചികരമായ ഓണസദ്യയും എല്ലാവരും ആസ്വദിച്ചു.
ഈ ഓണാഘോഷം വഴി സമത്വത്തിന്റെയും, സാഹോദര്യത്തിന്റെയും, സ്നേഹത്തിന്റെയും സന്ദേശം പരത്തി സമാജത്തിലെ അംഗങ്ങളുടെ ഇടയില്‍ ബന്ധങ്ങള്‍ ശക്തപ്പെടുത്തുക എന്ന ലക്ഷ്യം സാധിച്ചെടുത്തു.
സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ : പ്രസിഡന്റ്-ബിനീഷ് ജോസഫ് 409-256-0873, വൈസ് പ്രസിഡന്റ് – ലിഷ ടെൽസൺ 973-477-7775, വൈസ് പ്രസിഡന്റ് – സോജൻ ജോർജ് 409-256-9840, സെക്രട്ടറി – ഡോ.രാജ്കുമാർ മേനോൻ 262-744-0452, ജോയിന്റ് സെക്രട്ടറി – സിഞ്ചു ജേക്കബ് 240-426-1845, ജോയിന്റ് സെക്രട്ടറി – ബിജോ സെബാസ്റ്റ്യൻ 409-256-6427, ട്രെഷറർ-രാജൻകുഞ്ഞ് ഗീവർഗ്ഗീസ് 507-822-0051, ജോയിന്റ് ട്രെഷറർ – മാത്യു പോൾ 409-454-3472.















