AssociationsBlogKeralaLatest NewsNews

ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണം: കൊച്ചിയില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ വാക്കത്തോണ്‍ നടത്തി

കൊച്ചി: കാരുണ്യകേരളം എന്ന മുദ്രാവാക്യവുമായി ലോക പാലിയേറ്റീവ് കെയര്‍ ദിനാചരണത്തോടനുബന്ധിച്ച് ആല്‍ഫ പാലിയേറ്റീവ് കെയറിന്റെയും സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയറിന്റോേയും (എസ്.എ.പി.സി) ആഭിമുഖ്യത്തില്‍ കൊച്ചിയില്‍ വിദ്യാര്‍ത്ഥികളുടെ വാക്കത്തോണ്‍ നടത്തി. തിരുവനന്തപുരം മുതല്‍ വയനാട് വരെ ജില്ലാ കേന്ദ്രങ്ങളില്‍ സംഘടിപ്പിക്കുന്ന വാക്കത്തോണിന്റെ തുടര്‍ച്ചയായാണ് വാക്കത്തോണ്‍ സംഘടിപ്പിച്ചത്. രാവിലെ 10ന് മറൈന്‍ ഡ്രൈവില്‍നിന്നാരംഭിച്ച വാക്കത്തോണ്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.എസ്. സുദര്‍ശന്‍ ഐ.പി.എസ്. ഫ്‌ളാഗ് ഓഫ് ചെയ്തു. എറണാകുളം അസിസ്റ്റന്റ് കളക്ടര്‍ അന്‍ജീത് സിംഗ് ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ അധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ മനു ജേക്കബ് ആശംസകള്‍ നേര്‍ന്നു. സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ ഓഫ് പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ ഓഫീസര്‍ എല്‍ദോസ് തങ്കച്ചന്‍ സ്വാഗതവും എസ്.എ.പി.സി. സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ വിജിന്‍ വില്‍സന്‍ നന്ദിയും പറഞ്ഞു.

എണ്ണൂറില്‍പ്പരം വിദ്യാര്‍ത്ഥികളും പാലിയേറ്റീവ് കെയര്‍ സന്നദ്ധപ്രവര്‍ത്തകരും പങ്കെടുത്ത വാക്കത്തോണ്‍ രാജേന്ദ്ര മൈതാനിയില്‍ സമാപിച്ചതിനുശേഷം നടന്ന സമ്മേളനത്തില്‍ ആല്‍ഫ പാലിയേറ്റീവ് കെയര്‍ ചെയര്‍മാന്‍ കെ.എം.നൂര്‍ദീന്‍ ദിനാചരണ സന്ദേശം നല്‍കുകയും ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്തു. ആല്‍ഫ പാലിയേറ്റീവ് കെയര്‍ കമ്യൂണിറ്റി ഡയറക്ടര്‍ സുരേഷ് ശ്രീധരന്‍ ആമുഖപ്രഭാഷണം നടത്തി. കൊച്ചി ലിങ്ക് സെന്റര്‍ സെക്രട്ടറി പ്രൊഫ. രവി ദിവാകരന്‍ സ്വാഗതം പറഞ്ഞു.

ആല്‍ഫ ഗവേണിംഗ് കൗണ്‍സില്‍ അംഗം ഡോ. ജമീല പരീത്, കൊച്ചി ലിങ്ക് സെന്റര്‍ പ്രസിഡന്റ് സുബൈദ റഹീം, പറവൂര്‍ ലിങ്ക് സെന്റര്‍ ഭാരവാഹി സത്യന്‍ മാസ്റ്റര്‍, സെന്റ് തെരേസാസ് കോളജ് ഫാക്കല്‍റ്റി റിട്ട. ലഫ്. കേണല്‍ ബി.കെ. ലളിത, സെന്റ് ആല്‍ബര്‍ട്‌സ് കോളജ് അസി. പ്രൊഫസര്‍ ഡോ. ടോണിമോന്‍ എ.ഒ, മഹാരാജാസ് കോളജ് എന്‍.സി.സി. വിങ് പ്രതിനിധി ഷിദ ടി.കെ തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. കൊച്ചി ലിങ്ക് സെന്റര്‍ ട്രഷറര്‍ തോമസ് വര്‍ഗീസ് നന്ദി പറഞ്ഞു.

പ്രകൃതി ദുരന്തത്തില്‍ ദുരിതമനുഭവിക്കുന്ന വയനാട്ടിലെ ജനങ്ങളോട് വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് വിവിധ ജില്ലകളിലെ പരിപാടികള്‍ക്ക് ശേഷം വയനാട്ടിലാണ് കൂട്ടനടത്തം ഒക്ടോബര്‍ 10ന് അവസാനിക്കുക. ഒപ്പം കല്‍പ്പറ്റയില്‍ ആല്‍ഫയുടെ മാതൃകാ പാലിയേറ്റീവ് കെയര്‍ സേവനകേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിനും തുടക്കമാകും.

2030ന് മുമ്പ് കേരളം മുഴുവന്‍ കാര്യക്ഷമമായ പാലിയേറ്റീവ് കെയര്‍ കേന്ദ്രങ്ങളൊരുക്കുകയെന്ന ലക്ഷ്യത്തോടെ, വിഷന്‍ 2030 പദ്ധതിയുമായി മുന്നോട്ടുപോകുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന്റെ കേന്ദ്രങ്ങള്‍ തെക്കന്‍ ജില്ലകളില്‍ പ്രവര്‍ത്തനമാരംഭിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരികയാണ്. തൃശൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആല്‍ഫ ചാരിറ്റബിള്‍ ട്രസ്റ്റിനുകീഴില്‍ 2005 മുതല്‍ പ്രവര്‍ത്തിച്ചുവരുന്ന ആല്‍ഫ പാലിയേറ്റീവ് കെയറിന് നിലവില്‍ വിവിധ ജില്ലകളിലായി 19 കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 60,000ല്‍പ്പരം പേര്‍ക്ക് പരിചരണം നല്‍കിക്കഴിഞ്ഞ ആല്‍ഫ നിലവില്‍ 10,000 ലേറെ പേര്‍ക്ക് സൗജന്യ ഗൃഹകേന്ദ്രീകൃത പാലിയേറ്റീവ് പാലിയേറ്റീവ് പരിചരണം നല്‍കുന്ന രാജ്യത്തെതന്നെ വലിയ ശൃംഖലയാണ്. കാന്‍സര്‍ പോലുള്ള ഗുരുതര രോഗങ്ങളുള്ളവര്‍ക്കും വാര്‍ധക്യം മൂലവും അപകടങ്ങള്‍ മൂലവും കിടപ്പിലായവര്‍ക്കു ഹോം കെയര്‍ സേവനവും അപകടങ്ങള്‍, സ്‌ട്രോക്ക് തുടങ്ങിയവ മൂലം ചലനശേഷി പരിമിതപ്പെട്ടവര്‍ക്ക് പാലിയേറ്റീവ് ഫിസിയോ തെറാപ്പി സേവനവും എല്ലാ കേന്ദ്രങ്ങളിലും നല്‍കി വരുന്നു.

Show More

Related Articles

Back to top button