America

“ആത്മീകത ബലികഴിച്ചു ഭൗതീകതയെ പുണരുന്നവർ “

ചില സമയങ്ങളിലെങ്കിലും ചില പ്രായമായവർ പറയുന്നത് കേൾക്കാനിടയായിട്ടുണ്ട് “എനിക്ക് വയസ്സ് ഏറെയായെങ്കിലും മനസ്സിൽ ഇപ്പോഴും യുവത്വം നിറഞ്ഞു തുളുമ്പുകയാണെന്നു”,എന്നാൽ ഒരിക്കലെങ്കിലും ഒരു യുവാവ് അവകാശപ്പെടുന്നതായി  കേട്ടിരിക്കാൻ സാധ്യതയില്ല “ഞാൻ ഒരു യുവാവാണെങ്കിലും എന്റെ മനസ്സിന് വാർധിക്യം ബാധിച്ചിരിക്കുകയാണെന്നു. ” യുവ തലമുറക്കുവേണ്ടി , മക്കൾക്കുവേണ്ടിയാണ് ഞങ്ങൾ ഇതെല്ലാം ചെയ്യുന്നതെന്ന് മാതാപിതാക്കൾ പറയുമെങ്കിലും പ്രായമുള്ളവർക്കുവേണ്ടി ,മാതാപിതാക്കൾക്കു വേണ്ടിയാണ് യുവതലമുറ അല്ലെങ്കിൽ മക്കൾ ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നത് കേൾക്കാൻ എന്നെങ്കിലും ആർക്കെങ്കിലും കഴിഞ്ഞിട്ടുണ്ടോ? മനുഷ്യ മനസ്സും,കാലവും ഒരുപോലെ അതിവേഗം പുരോഗതിയുടെ പാതയിലൂടെ മുന്നോട്ടു കുതിച്ചുകൊണ്ടിരിക്കുകയാണ് . ഈ കാലഘട്ടത്തിൽ ആരെങ്കിലും ആർക്കെങ്കിലും വേണ്ടി എന്തെങ്കിലും കരുതിവെക്കുന്നു എന്ന് പറയുന്നതിൻറെ നിരർത്ഥകത മനസ്സിലാക്കുമ്പോൾ അവർക്ക് മൂഢന്മാരെന്നല്ലാതെ മറ്റെന്തു വിശേഷണമാണ് കൊടുക്കുവാൻ കഴിയുക ? ഭാവി തലമുറക്കുവേണ്ടി , നാളേക്കുവേണ്ടിയാണ് ഇതെല്ലാം ചെയ്യുന്നതെന്ന് പറയുന്നവരെ വിശുദ്ധ ബൈബിൾ ഉൾപ്പെടെ നിരവധി മതഗ്രന്ഥങ്ങൾ മൂഢന്മാരാണെന്നാണ് അഭിസംബോധന ചെയ്‌തിരിക്കുന്നത്‌ .

ഇത്രയും ആമുഖമായി എഴുതുവാൻ പ്രേരിപ്പിച്ചത് , ആത്മീകതയുടെ പാരമ്പര്യവും കുത്തകയും അവകാശപ്പെടുന്ന ചില മതവിഭാഗങ്ങൾ , മത നേതാക്കന്മാർ ഭാവി തലമുറക്കെന്നവകാശപെട്ടു ആത്മീകതയുടെ ഒരു കണികപോലും ദർശിക്കാനാവാത്ത പ്രവർത്തനങ്ങളിലേർപ്പെടുന്നതിലെ ചില വിരോധാഭാസംങ്ങൾ തുറന്നു കാണിക്കുക എന്ന ലക്ഷ്യത്തോടെയാണ് . സ്വാർത്ഥ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനും പേരിനും പ്രശസ്തിക്കും വേണ്ടി ലക്ഷ്യബോധമില്ലാതെ ആത്മീകതയെ ബലികഴിച്ച ഭൗതീകതയെ പുണരുന്ന പ്രവണത സമീപ കാല സംഭവങ്ങൾ പരിശോധി ക്കുമ്പോൾ വര്ധിച്ചുവരുന്നുവെന്നത് വളരെ ഭീതിയോടും നിരാശയോടും നോക്കി കാണേണ്ടിയിരികുന്നു.

 ആരാധനാലയത്തിൽ ആരാധനക്കായി എത്തിച്ചേരുന്നവരെ കുറിച്ച് സസൂക്ഷ്മം പഠനം നടത്തുന്നവർക്ക് ഒരു കാര്യം ബോധ്യമാകും “യുവതലമുറയുടെ സാന്നിധ്യം അനുദിനം കുറഞ്ഞുവരുന്നുവെന്നു ” .ആരാധനകളിൽ കാലാനുശ്രത മാറ്റങ്ങൾ ഉൾകൊള്ളുമെന്ന പ്രതീക്ഷയിൽ എത്തിച്ചേരുന്നവരാണ് യുവതലമുറ. പഴയ ആചാരാനുഷ്ഠാനങ്ങളും വിശ്വാസപ്രമാണങ്ങളും ,പൂർവ പിതാക്കന്മാർ ഉയർത്തിപ്പിടിച്ച സനാതന മൂല്യങ്ങളും കാത്തുസൂക്ഷിക്കുവാൻ ബാധ്യസ്ഥാരാണെന്ന പ്രതീക്ഷയിൽ എത്തിച്ചേരുന്നവരാണ് പഴയ തലമുറ. എന്നാൽ ഇവർ തമ്മിലുള്ള ആശയ സംഘർഷങ്ങളുടെ ഒരു വേദി യായി മാറുകയാണിന്നു ഇന്നത്തെ ആരാധനാലയങ്ങൾ. ഇതേ സമയം ഇരുവരുടെയും പ്രതീക്ഷകളെ നിരുത്സാഹപ്പെടുത്തുകയോ ,പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയുന്നതാണ് ചില മത നേതാക്കന്മാരുടെ പ്രസംഗങ്ങളെന്നത് വിചിത്രമായി തോന്നാം. വിശുദ്ധ കുര്ബാനക്കായി വിശ്വാസ സമൂഹത്തെ സജ്ജമാക്കുക എന്ന പ്രഥമ കർത്തവ്യം ബോധപൂർവം വിസ്മരിച്ചു വിവിധ സാമ്പത്തിക വിഷയങ്ങളെക്കുറിച്ചു സവിസ്തരം പ്രതിപാദിക്കുകയും , മനഃസാക്ഷിയുള്ളവർ സംഭാവനകൾ നൽകി സഹായിക്കണമെന്നും അല്ലാത്തപക്ഷം ദൈവകോപത്തിനിരയാകുമെന്നും മുന്നറിയിപ്പ് നൽകുന്ന സ്ഥിരം പ്രസംഗങ്ങൾ ആവർത്തനവിരസതയോടെ കേട്ടതിനു ശേഷം കലുഷിത മനസുമായിട്ടാണ് ഇരു കൂട്ടരും പുറത്തിറങ്ങുന്നത് .

ഇത്തരത്തിലുള്ള ഗുരുതര സ്ഥിതി വിശേക്ഷമാണ് അമേരിക്കയിൽ കുടിയേറി പാർക്കുന്ന ഇന്ത്യക്കാരിൽ പ്രത്യേകിച്ച് മലയാളി സമൂഹത്തിൽ പ്രകടമായിരിക്കുന്നുവെന്നതിൽ ഒട്ടും അതിശയോക്തിയില്ല . ഇതിനെ ശരിയായി വിശകലനം ചെയ്‌തു സ്വീകരിക്കേണ്ടവയെ സ്വീകരിച്ചും ,തിരുത്തേണ്ടവയെ തിരുത്തിയും ആത്മീയ ഔന്ന്യത്യത്തിലേക്കു വിശ്വാസസമൂഹത്തെ നയിക്കുവാൻ എന്തെല്ലാം മാർഗങ്ങൾ സ്വീകരിക്കണമെന്ന് ആലോചിച്ചു തീരുമാനിക്കാൻ ബാധ്യസ്‌ഥരായവർ അഥവാ മതനേത്ര്വത്വം നിശ്ശബ്ദത പാലിക്കുന്നു . അതെ സമയം ഭൗതീക വിഷയങ്ങൾക്ക് ഊന്നൽ നൽകി ഭൗതീക നേട്ടങ്ങൾ എങ്ങനെ കൊയ്‌തെടുക്കാം എന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുവാൻ ശ്രമിക്കുന്നുവെന്നത് ക്രിസ്തീയമൂല്യങ്ങളുടെ നിലനിൽപിന് തന്നെ ഭീഷിണിയുയർത്തുന്നു.

 മാതാപിതാക്കളുടെ തിരക്കേറിയ ജീവിതചര്യകൾക്കിടയിലും ശരിയായി ശിക്ഷണം നൽകുന്നതിന് സമയം കണ്ടെത്തി ഭയഭക്തിയിൽ വളർത്തികൊണ്ടുവരുന്ന കുട്ടികൾ പോലും പ്രായപൂർത്തിയാകുന്നതോടെ ചുറ്റുപാടുകളുടെ സമ്മർദ്ദങ്ങൾക്കു വിധേയമായി തെറ്റുകളിൽനിന്നും തെറ്റുകളിലേകു വഴുതി വീഴുന്നു, അതെ സമയം യാതൊരു ശിക്ഷണവും നൽകാതെ ചോദി ക്കുന്നതിലപ്പുറവും നൽകി സുഖലോലുപതയിൽ വളർന്നു വരുന്ന കുട്ടികൾ ഇതിലും മ്ലേച്ഛമായ സ്ഥിതിയിലേക്ക് അധംപതിക്കുന്നു . ഇത്തരം സന്ദർഭങ്ങളിൽ അവരെ ദൈവകരങ്ങളിൽ പൂർണമായും സമർപ്പിച്ചു പ്രതീക്ഷകൾ കൈവിടാതെ മടങ്ങിവരവിനായി നോക്കിനിൽകുകയല്ലാതെ പിന്നെന്താണ് മാതാപിതാക്കൾക്ക് കരണീയമായിട്ടുള്ളത്. യുവതലമുറക്ക് നേർവഴികാണിക്കുവാൻ , അത്താണിയായിമാറുവാൻ ,ഇവരിൽ അൽപമെങ്കിലും സ്വാധീനം ചെലുത്തുവാൻ കഴിയുമെന്നു ചുരുക്കം ചില മാതാപിതാക്കളെങ്കിലും വിശ്വസിക്കുന്ന കൈവെപ്പു ലഭിച്ച ഒരു വിഭാഗം മതനേതാക്കന്മാരും അത്മീയ ഗുരുക്കന്മാരും അവരിൽ അർപ്പിതമായിട്ടുള്ള ഉത്തരവാദിത്വം ഭാഗീകമായെങ്കിലും നിറവേറ്റപെടുന്നുണ്ടോ എന്ന സംശയം വലിയൊരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു . ഒരു പക്ഷെ ഇതൊരു പരാജയമായി പരിഗണിക്കപ്പെട്ടാൽ യുവജനങ്ങളിൽ മാത്രമല്ല മുതിർന്നവരിലും ഇവരെ കുറിച്ച് അവമതി ഉളവാകുമെന്നത് തീർത്തും ശരിയാണ്. “സ്വന്തം മാതാപിതാക്കൾക്ക് കുട്ടികളെ നിയന്ത്രിക്കുവാനാകുന്നില്ല പിന്നെയല്ലേ ഞങ്ങൾക്ക് , ഒരു നിശ്ചിത കാലഘട്ടത്തിലേക്ക് മാത്രം നിയോഗിക്കപ്പെട്ട ഞങ്ങൾ എന്തിനാണ് വെറുതെ അവരുടെ അപ്രീതി സമ്പാദിക്കുന്നത്” എന്ന നിഷേധാത്മക സമീപനം വെച്ചുപുലർത്തി ഉത്തരവാദിത്വത്തിൽ നിന്നും ഒളിച്ചോടുന്നവരും ഇല്ലാതില്ല .അനന്തരഫലമോ ദേവാലയങ്ങളുടേയും മതനേതാക്കന്മാരുടെയും പ്രസക്തി തന്നെ നഷ്ടപെടുന്ന സ്ഥിതിവിശേക്ഷം സ്വാഭാവികമായും ഉടലെടുക്കപ്പെടുന്നു . 

ഇവിടെയാണ് ആമുഖമായി ചൂണ്ടിക്കാട്ടിയ വിഷയങ്ങളുടെ പ്രസക്തി വർധിക്കുന്നത് . എന്തിനുവേണ്ടിയാണ് ഭാവിതല മുറയ്ക്കാണെന്നു അവകാശപ്പെട്ടു ഭൗതീക നേട്ടങ്ങളുടെ പുറകെ മതനേതൃത്വം നെട്ടോട്ടമോടുന്നത്‌ ? ആത്മാര്ഥതയില്ലായ്മയുടെയും, വിശ്വാസ വഞ്ചനയുടെയും, ശത്രുത മനോഭാവത്തിന്റെയും ,സ്വജനപക്ഷവാദത്തിന്റെയും ഭൗതീകവാദത്തിന്റെയും പര്യായമാറിക്കഴിഞ്ഞിരിക്കുന്ന വലിയൊരു വിഭാഗം യുവതലമുറക്ക് വ്യാജ വാക്ദാനങ്ങൾ നൽകി കൂടുതൽ അപായപ്പെടുത്തുന്ന , ചൂക്ഷണം ചെയ്യുന്ന തലത്തിലേക്ക് ഉയരുംമുമ്പേ ഇവരിൽ നിന്നും അല്പമകലം പാലിക്കുകയല്ലേ അത്യുത്തമം?എന്നാൽ തങ്ങളുടെ വിശ്വാസം ആരിൽ അർപ്പിച്ചിരിക്കുന്നുവോ അവനിൽ പൂർണമായും ആശ്രയിക്കുന്നു എന്ന ഉത്തമ ബോധ്യത്തോടും, ആത്മസംതൃപ്തിയോടെ ജീവിതം മുനോട്ടു നയിക്കുന്നതല്ലെ ഏറ്റവും അനുയോജ്യമായിരിക്കുക

-പി പി ചെറിയാൻ

Show More

Related Articles

Back to top button