അമേരിക്കൻ മദ്യത്തിന് ഇന്ത്യ 150% തീരുവ ചുമത്തുന്നു; വീണ്ടും പ്രതിഷേധവുമായി യു.എസ്.

വാഷിംഗ്ടൺ: അമേരിക്കൻ മദ്യത്തിനും കാർഷിക ഉൽപ്പന്നങ്ങൾക്കുമേൽ ഇന്ത്യ ഉയർന്ന തീരുവ ചുമത്തുന്നതിൽ വീണ്ടും കടുത്ത വിമർശനവുമായി യു.എസ്. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ്, ഒരു പത്രസമ്മേളനത്തിനിടെ കാനഡയേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുമ്പോൾ ഇന്ത്യയെയും ജപ്പാനെയും ഉദാഹരണമായി പരാമർശിച്ചു.
“നിങ്ങൾ ഇന്ത്യയെ നോക്കൂ, അമേരിക്കൻ മദ്യത്തിന് 150% തീരുവ! കെന്റക്കി ബർബൺ ഇന്ത്യയിലേക്ക് കയറ്റുമതി ചെയ്യാൻ നിങ്ങൾ കരുതുന്നുണ്ടോ? എനിക്ക് അങ്ങനെ തോന്നുന്നില്ല,” ലീവിറ്റ് പറഞ്ഞതായി പി.ടി.ഐ റിപ്പോർട്ട് ചെയ്യുന്നു. കാർഷിക ഉൽപ്പന്നങ്ങൾക്ക് 100% തീരുവ, ജപ്പാനിൽ അരിക്ക് 700% തീരുവ ചുമത്തുന്നതും അവർ ചൂണ്ടിക്കാട്ടി.
അമേരിക്കയുടെ തീരുവ നയം ന്യായീകരിക്കാനായി ഇന്ത്യ, കാനഡ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളുടെ തീരുവ നിരക്കുകൾ ഉൾക്കൊള്ളുന്ന ചാർട്ട് ലീവിറ്റ് കൈവശം വച്ചിരുന്നതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയുടെ പ്രതികരണം
ഇന്ത്യ, അമേരിക്കൻ ഉത്പന്നങ്ങൾക്കായുള്ള തീരുവ ഗണ്യമായി കുറയ്ക്കുമെന്ന് അംഗീകരിച്ചിട്ടില്ല. കഴിഞ്ഞ വെള്ളിയാഴ്ച ട്രംപ് ഇതു സംബന്ധിച്ച് പരാമർശിച്ചിരുന്നെങ്കിലും തീരുവ കുറയ്ക്കാനുള്ള തീരുമാനത്തെക്കുറിച്ച് ഇന്ത്യ ഔദ്യോഗികമായി ഉറപ്പുനൽകിയിട്ടില്ല.