
വാഷിംഗ്ടൺ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) ഒൻപതു മാസത്തോളമായി തുടരുന്ന ഇന്ത്യൻ വംശജ സുനിത വില്യംസിനും കൂട്ടാളി ബുച്ച് വില്‍മോറിനും മടങ്ങിവരാൻ കഴിയാതെ വീണ്ടും പ്രതിസന്ധി. ഇവരെ തിരിച്ചെത്തിക്കാനുള്ള നാസ–സ്പേസ് എക്സിന്റെ ക്രൂ-10 ദൗത്യം സാങ്കേതിക തടസ്സത്തെ തുടർന്ന് വീണ്ടും നിര്‍ത്തിവച്ചു.
ഫാൽക്കൺ റോക്കറ്റ് വിക്ഷേപിക്കാൻ നാസയുടെ കെന്നഡി സ്‌പേസ് സെന്ററിൽ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയിരുന്നെങ്കിലും വിക്ഷേപണത്തിന് നാലു മണിക്കൂർ മുമ്പ് ഹൈഡ്രോളിക് സിസ്റ്റത്തിൽ തകരാറുണ്ടെന്ന് എൻജിനീയർമാർ കണ്ടെത്തി. ഇതോടെ ദൗത്യം നിര്‍ത്തിവയ്ക്കുകയായിരുന്നു. പുതിയ വിക്ഷേപണ തീയതി നാസയും സ്പേസ് എക്സും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
ഇതോടെ, ബഹിരാകാശ നിലയത്തിൽ തുടരുന്ന സുനിത വില്യംസിനും ബുച്ച് വിൽമോറിനും അടുത്ത തീരുമാനമുണ്ടാകുന്നതുവരെ കാത്തിരിക്കേണ്ടി വരും. പകരം സംഘമായ ക്രൂ-10 ബഹിരാകാശ നിലയത്തിലെത്തിയതിന് ശേഷമേ ഇരുവരും മടങ്ങാനാവൂ. നേരത്തെ മാർച്ച് 16ന് ഇവർ തിരികെയെത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു.