ആദർശജീവിതത്തിന്റെ എൺപത്തിമൂന്നാണ്ടുകൾ

ചിന്തകൾ കൊണ്ടും പ്രവർത്തനങ്ങൾ കൊണ്ടും ഒരു ശുദ്ധ ഗാന്ധിയനായിരിക്കുക അത്ര എളുപ്പമല്ല. വലിയ ആദർശങ്ങൾ പ്രസംഗിക്കുന്നവരുണ്ട്. നീട്ടിപ്പിടിച്ച് എഴുതുന്നവരുണ്ട്. എന്നാൽ ജീവിതത്തിന്റെ നിസ്സാരവും വലുതുമായ ഓരോ ഘട്ടങ്ങളിലും മൂല്യബോധത്തോടെ ആദർശങ്ങളെ മുറുകെപ്പിടിക്കുന്ന ചിലരുണ്ട്, ചുരുക്കം ചിലർ. അങ്ങനെയൊരാളാണ് കുഞ്ഞുമോൻ ടി. ഓമല്ലൂർ എന്നറിയപ്പെടുന്ന മാത്യു ഈശോ. ധീരമായ മാധ്യമപ്രവർത്തനവും, കറ കളഞ്ഞ സാമൂഹ്യ സേവനങ്ങളും ശുദ്ധമായ രാഷ്ട്രീയ ഇടപെടലുകളും ഒരേപോലെ സമന്വയിപ്പിച്ച ഒരു ഭൂതകാലം അഭിമാനത്തോടെ അയവിറക്കി ഒരു വിശ്രമജീവിതം ആസ്വദിക്കുകയാണ് ഇന്നദ്ദേഹം.
അൻപതുകളിൽ ബാലജനസഖ്യത്തിലൂടെ സാമൂഹ്യ സേവനത്തിന്റെ ആദ്യപടികള്‍. പിന്നീട് നാഷണൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകൻ. വിദ്യാഭ്യാസാനന്തരം ദേശീയതലത്തിൽ മാധ്യമ മേഖല. അങ്ങനെ കേരളത്തിലെയും ദേശീയതലത്തിലെയും മുതിർന്ന നേതാക്കൾക്കൊപ്പം അചഞ്ചലമായ മൂല്യബോധത്തോടെയുള്ള മുഴുവൻ സമയ പ്രവർത്തനങ്ങൾ. മാനവികതയെന്ന മൂല്യം അക്ഷരാർത്ഥത്തിൽ ജീവിത വ്രതമാക്കിയ നേർസാക്ഷ്യമാണ് കുഞ്ഞുമോൻ ടി. ഓമല്ലൂരിന്റേത്.
ചൂടുപിടിച്ച രാഷ്ട്രീയ സംവാദങ്ങളിലും ആക്ടിവിസത്തിലും പാത തെളിയിച്ചത്, ബാലജനസഖ്യം വഴിയാണെന്ന് അദ്ദേഹം ഓർമ്മിക്കുന്നു. 1969 ൽ സി എം എസ് കോളേജിൽ പഠിക്കുമ്പോൾ അഖില കേരള ബാലജനസഖ്യത്തിന്റെ ജനറൽ സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. ആ സമയത്ത് ഉമ്മൻ ചാണ്ടി സഖ്യത്തിന്റെ ചാരിറ്റി വിഭാഗം ഓഫിസർ ആയിരുന്നു. അന്തരിച്ച ശ്രീ പാലാ കെ എം മാത്യു, ശങ്കരൻചേട്ടന്റെ വക്താവായി പ്രതിനിധാനം ചെയ്തിരുന്നു. വടശേരിക്കരയിൽ വച്ച് നടന്ന സഖ്യത്തിന്റെ വളരെ ചൂട് പിടിച്ച സംസ്ഥാന തല തിരെഞ്ഞെടുപ്പ് അദ്ദേഹം ഇന്നും ഓർമ്മിക്കുന്നു.
കോളേജിൽ പഠിക്കുമ്പോൾത്തന്നെ ചാരിറ്റി പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി കോട്ടയത്തെ പ്രമുഖ സ്വർണ്ണ വ്യാപാരകേന്ദ്രത്തിൽ മറ്റ് മൂന്ന് സുഹൃത്തുക്കളോടൊപ്പം ചേർന്ന് ചിട്ടി തുടങ്ങിയതും അതിൽ നിന്നും ഓരോരുത്തർക്കും കിട്ടിയ അഞ്ച് പവൻ വീതം ഉപയോഗിച്ച് മൂന്ന് പെൺകുട്ടികളുടെ വിവാഹം നടത്തിക്കൊടുത്തതും ഒക്കെ കുഞ്ഞുമോൻ സാർ ഒരു ചെറു പുഞ്ചിരിയോടെ സംഭാഷണമദ്ധ്യേ ഓർമിച്ചു.
ഓർത്തഡോക്സ് സഭാ നേതൃത്വത്തിന്റെ നിർബന്ധപ്രകാരം അദ്ദേഹം 1964 ൽ പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ ഇംഗ്ലീഷ് അധ്യാപകനായി സേവനം ചെയ്തു.
തുടർന്ന് ഡൽഹിയിലെത്തിയ അദ്ദേഹം ജേർണലിസം പഠിക്കുകയും മുഴുവൻ സമയ മാധ്യമ പ്രവർത്തനത്തിലേക്ക് ശ്രദ്ധ തിരിക്കുകയും ചെയ്തു. മുൻ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയുടെ ശുപാർശപ്രകാരം അദ്ദേഹം ലോക് സഭ റിപോർട്ടറായി.
പിന്നീട് ദീർഘകാലം ടൈംസ് ഓഫ് ഇന്ത്യയുടെ സീനിയർ റിപോർട്ടറായിരുന്നു. ആ കാലഘട്ടത്തിൽ മുൻപ്രധാനമന്ത്രിമാരായിരുന്ന മൊറാർജി ദേശായി, ഗുൽസാരിലാൽ
നന്ദ തുടങ്ങിയ ഉന്നത നേതാക്കളുമായി വളരെ അടുത്ത സൗഹൃദം സ്ഥാപിക്കാനായതായി കുഞ്ഞുമോൻ സാർ സംഭാഷണത്തിനിടെ ഓർമ്മിച്ചു.
1969 ൽ കോൺഗ്രസ് പാർട്ടി ദേശീയതലത്തിൽ വിഭജിക്കപ്പെട്ടശേഷം, സംഘടനാ കോൺഗ്രസിന്റെ അടിയുറച്ച പ്രവർത്തകനായി തുടർന്നു. ഒരുപക്ഷെ ഇന്ന് ഇന്ത്യയിലെ ഒരേയൊരു സംഘടനാ കോൺഗ്രസ് പ്രവർത്തകനും താനായിരിക്കുമെന്നും അദ്ദേഹം തമാശയായി പറഞ്ഞു. ഒരു കാലത്ത് കേരളത്തിലും ദേശീയതലത്തിലും മുൻ നിര കോൺഗ്രസ് നേതാക്കളുമായി തോളോട് തോൾ ചേർന്ന് പ്രവർത്തിച്ച അദ്ദേഹം കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ ശോചനീയാവസ്ഥയിൽ വളരെ ദുഖിതനാണ്.
ഉമ്മൻ ചാണ്ടി, വയലാർ രവി, തോമസ് കുതിരവട്ടം, സുരേഷ് കുറുപ്പ് തുടങ്ങി കേരളത്തിലെ ഒട്ടു മിക്ക സീനിയർ കോൺഗ്രസ് നേതാക്കളും കുഞ്ഞുമോൻ ടി. ഓമല്ലൂരിന്റെ വീട്ടിലെ പതിവ് സന്ദർശകരായിരുന്നു. രാഷ്ട്രീയ മുന്നണി ഭേദമില്ലാതെ എല്ലാ രംഗത്തും ധാരാളം സുഹൃത്തുക്കളെ സമ്പാദിക്കാൻ ശ്രീ കുഞ്ഞുമോന് സാധിച്ചു. ഈ അടുത്ത കാലത്തു അദ്ദേഹത്തിൻറെ ഭാര്യ മെറിയുടെ അകാല വേര്പാടിന് ശേഷം ഇപ്പോൾ മകളുടെ കൂടെ മാവേലിക്കരയിലെ വസതിയിൽ വിശ്രമ ജീവിതം നയിക്കുന്നു. സംസ്ഥാന – ദേശിയ തലങ്ങളിൽ പ്രവർത്തിച്ച മേഖലകളിൽ എല്ലാം തന്നെ വലിയൊരു സുഹൃദ് വലയം സൃഷ്ടിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു. തന്റെ ഗാന്ധിയൻ ആദർശങ്ങളോടുള്ള അടങ്ങാത്ത ആദരസൂചകമായി ലാറി ബേക്കർ വിഭാവനം ചെയ്തു പണിയിച്ച ഓമല്ലൂരിലെ വീട് ഇപ്പോഴും ഗ്രാമ്യഭംഗിയിൽ തലയുയർത്തി നിൽക്കുന്നു.
രണ്ടായിരത്തി നാലിൽ കലാവേദി യു എസ് എ യുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ലേഖകൻ ശ്രീ കുഞ്ഞുമോൻ ടി ഓമല്ലൂരുമായി ആദ്യമായി ബന്ധപ്പെടുന്നത്. പ്രശസ്ത ബാലസാഹിത്യകാരനായിരുന്ന ശ്രീ ജോയൻ കുമരകമാണ് അന്ന് ആ പരിചയപ്പെടലിന് വഴിയൊരുക്കിയത്. അന്ന് ആരംഭിച്ച കലാവേദി ഓൺ ലൈൻ എന്ന മലയാളം പോർട്ടലിന് വേണ്ട ഏതാനും വിഭവങ്ങൾ ഒരുക്കിക്കൊണ്ടായിരുന്നു പ്രാരംഭപ്രവർത്തനങ്ങൾ.
രണ്ടായിരത്തി ആറിൽ ഒരു പ്രമുഖ മലയാള പ്രസിദ്ധികരണത്തിൽ പ്രസിദ്ധികരിച്ച ഒരു ഫീച്ചർ, ഇടുക്കിയിലെ കല്ലാർ പട്ടം കോളനിയിലെ നൂറിലധികം സ്‌കൂൾ കുട്ടികൾ പഠനം ഉപേക്ഷിച്ച് ബാലവേല, മദ്യാസക്‌തി, അക്രമവാസന തുടങ്ങിയ വിഷയങ്ങളിൽ അകപ്പെട്ടിരിക്കുന്നുവെന്ന വാർത്ത, കലാവേദി പ്രവർത്തകരുടെ കണ്ണ് തുറപ്പിച്ചു. കുഞ്ഞുമോൻ സാർ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്തു. ലേഖകൻ ന്യൂ യോർക്കിൽ നിന്നും പത്തനംതിട്ടയിലെത്തുകയും കുഞ്ഞുമോൻ സാറുമായി ഒരുമിച്ച് ഇടുക്കിയിലെ പട്ടം കോളനിയിലുള്ള ഗവർമെന്റ് ഹയ്യർ സെക്കണ്ടറി സ്‌കൂൾ പ്രിൻസിപ്പാൾ ഫാദർ സാജു മത്തായിയെയും മറ്റു സ്‌കൂൾ അധികൃതരെയും സന്ദർശിക്കുകയും ചെയ്തു.
രണ്ടായിരത്തി ആറിൽ തിരുവനന്തപുരത്തുവച്ച് അരങ്ങേറിയ കലാവേദി ചലച്ചിത്ര അവാർഡ് വേദിയിൽ വച്ച് ‘ആര്ട്ട് ഫോർ ലൈഫ് – കല ജീവന് വേണ്ടി’ എന്നൊരു സഹായ പദ്ധതി പഠനത്തിൽ ഈ കുട്ടികൾക്കായി ആരംഭിച്ചു. നടൻ ശ്രീനിവാസനായിരുന്നു അത് ഉത്ഘാടനം ചെയ്തത്.
ഈ കൂട്ടികളെ തിരിച്ചറിയാനുള്ള ക്രമീകരണങ്ങൾ ഓരോ ക്ലാസ് ടീച്ചർമാർ മുഖേന ആരംഭിക്കുകയും ചെയ്തു. അങ്ങനെ നൂറിലധികം കുട്ടികളെ തിരിച്ചറിയുകയും അവർക്കു വേണ്ട കൗൺസിലിംഗ് സെഷനുകൾ, ബോധവൽക്കരണ സെമിനാറുകൾ, പുസ്‌തവിതരണം തുടങ്ങി പല സേവനങ്ങളും ആരംഭിച്ചു. ഇക്കാര്യത്തിൽ മാനേജ്‌മെന്റും പി ടി എ യും പൂർണമായി സഹകരിക്കുകയും വേണ്ടുന്ന നേതൃത്വം നൽകുകയും ചെയ്തു. തുടർന്ന്, ആ പ്രദേശത്തെ സാഹചര്യം പരിഗണിച്ച് ഈ കുട്ടികളുടെ അമ്മമാർക്കുള്ള ഒരു തയ്യൽ ശാല വളരെ വിജയകരമായി പ്രവർത്തിച്ചുപോരുകയും ചെയ്തിരുന്നു. KVI എന്നായിരുന്നു ഉൽപ്പന്നങ്ങളുടെ ടാഗ് നെയിം. കൂടാതെ, ഓരോ കുട്ടികൾക്കും പോസ്റ്റ് ഓഫിസ് കേന്ദ്രികരിച്ച് സേവിങ്സ് അക്കൗണ്ട് പദ്ധതിയും അന്ന് ആരംഭിച്ചിരുന്നു.
മദ്യാസക്തിയുള്ള കുട്ടികളെ പുളിയന്മലയിൽ സ്ഥിതി ചെയ്യുന്ന ഡി അഡിക്ഷൻ സെന്ററിൽ രണ്ടായിരത്തിഅഞ്ചിനു മുൻപ് ചികിത്സയ്ക്ക് കൊണ്ടുവന്നിരുന്ന കാര്യം അതിന്റെ ഡയറക്‌ടർ ആയിരുന്ന ഫാദർ ജോസഫ് വലിയത്താഴത്ത് സ്ഥിരീകരിച്ചിരുന്നു. അച്ചന്റെ ഉപദേശവും കലാവേദിയുടെ ‘ആര്ട്ട് ഫോർ ലൈഫ്’ എന്ന സഹായ പദ്ധതിയുടെ വികസനത്തിന് സഹായമായിരുന്നു.
പ്രേത്യകിച്ചു്, കലാവേദിയുടെ കേരളത്തിലെ സാമൂഹ്യ ഇടപെടലുകളുടെ തുടക്കസമയത്ത് കുഞ്ഞുമോൻ സാറിന്റെ നേതൃത്വവും മാർഗ്ഗോപദേശങ്ങളും പ്രവർത്തനങ്ങളെ നേരായ വഴിയിൽ ഏകോപിപ്പിക്കാൻ വളരെ സഹായിച്ചു. ഈ പ്രവർത്തനങ്ങളുടെ ഫലമായി നിരവധി കുട്ടികൾ പഠനത്തിലേക്ക് ശ്രദ്ധിക്കുകയും ജീവിതത്തിൽ മെച്ചപ്പെട്ടതായും പിന്നീട് മനസിലാക്കിയിട്ടുണ്ട്. പഠന വൈകല്യമുള്ള കുട്ടികൾക്കായി പ്രവർത്തനം ലക്ഷ്യമാക്കി പത്തനംതിട്ടയിലും കലാവേദി ചാരിറ്റബിള് ഓർഗനൈസേഷനായി 2006 ൽ രജിസ്റ്റർ ചെയ്തിരുന്നു.
എൺപത്തിമൂന്നാം ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, ഹൃദയംഗമായ അനുമോദനങ്ങളും ആശംസകളും ഹൃദയപൂർവം അർപ്പിക്കുന്നു.
സിബി ഡേവിഡ്
ന്യൂ യോർക്ക്