ജോര്‍ജിയ ടെക്കില്‍ ഇന്ത്യന്‍ വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു; അക്രമിയെ പിടികൂടാനായില്ല

ജോര്‍ജിയ: അമേരിക്കയിലെ ജോര്‍ജിയ ടെക് യൂണിവേഴ്‌സിറ്റിയില്‍ പഠിച്ചിരുന്ന ഇന്ത്യയില്‍ നിന്നുള്ള 22കാരനായ ആകാശ് ബാനര്‍ജി തലയില്‍ വെടിയേറ്റു മരിച്ചു. മേയ് 18ന് രാത്രി ക്യാമ്പസിനു സമീപമുള്ള എട്ടാം നിലയിലെ അപ്പാര്‍ട്‌മെന്റില്‍ വച്ചായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ ആകാശിനെ ഉടന്‍ തന്നെ ഗ്രാഡി ഹോസ്പിറ്റലിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഹോള്‍വെയിലൂടെ ഒരാള്‍ പോക്കറ്റില്‍ തോക്കുമായി നടക്കുന്നത് കാണാം. കുറച്ച് നിമിഷങ്ങള്‍ക്കുള്ളിലാണ് കൊലപാതകം നടക്കുന്നത്. ഈയാള്‍ നേരത്തെയും ആകാശിനെ അന്വേഷിച്ചുകൊണ്ട് കെട്ടിടത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസ് പറയുന്നു. കെട്ടിടത്തില്‍ ഉണ്ടായിരുന്ന ഒരാള്‍ വലിയ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസിനെ വിവരം അറിയിച്ചുവെന്നാണ് റിപ്പോര്‍ട്ട്.
ആകാശിനെ ലക്ഷ്യംവെച്ചുള്ള അക്രമമെന്നാണ് പ്രാഥമിക സൂചന. അദ്ദേഹത്തിന് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്ന് പൊലീസിന്റെ ഭാഗത്ത് നിന്ന് സൂചനകളുണ്ടെങ്കിലും, അതുമായി ബന്ധപ്പെട്ട് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൊലയാളിയെ ഇതുവരെ പിടികൂടാന്‍ പൊലീസിന് സാധിച്ചിട്ടില്ല. അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്.