ഒബാമയെ വധിക്കുമെന്ന് ഭീഷണിയുമായി അമേരിക്കൻ പൗരൻ; ഗുരുതര കുറ്റങ്ങൾ ചുമത്തി

വാഷിംഗ്ടൺ: മുൻ അമേരിക്കൻ പ്രസിഡന്‍റ് ബരാക് ഒബാമയെ വധിക്കുമെന്ന് ഭീഷണി മുഴക്കി, നോർത്ത് ഡക്കോട്ട സ്വദേശിയായ ഒരാൾക്കെതിരെ ഫെഡറൽ ഗ്രാൻഡ് ജൂറി ഗുരുതരമായ കുറ്റങ്ങൾ ചുമത്തി. 2024 മെയ് മാസത്തിൽ നോർത്ത് ഡക്കോട്ടയിലെ വിൽലിസ്റ്റൺ നഗരത്തിൽ മൂന്നോളം വ്യക്തികളെ ഭീഷണിപ്പെടുത്തുകയും ശാരീരിക ഉപദ്രവത്തിനും ശ്രമിച്ചിട്ടുണ്ടെന്നും ഫെഡറൽ കോടതി രേഖകൾ പറയുന്നു.
ഇയാൻ പാട്രിക് സ്റ്റുവർട്ട് എന്നയാളാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞത്. ഇയാൾക്കെതിരെ യുഎസ് സ്വത്ത് നശിപ്പിക്കൽ, കവർച്ച, മുൻ പ്രസിഡന്റിനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തൽ, ഔദ്യോഗിക ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തൽ, ഇന്റർസ്റ്റേറ്റ് ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് ഭീഷണി മുഴക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്.
ഏപ്രിൽ 20 മുതൽ മെയ് 13 വരെയുള്ള കാലയളവിലാണ് ഇയാൻ ശാരീരിക അതിക്രമം ചെയ്യാൻ ശ്രമിച്ചതെന്നും ഡെമോക്രാറ്റിക് നേതാവിനെ കൃത്യമായ ഉദ്ദേശത്തോടെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്നും കുറ്റപത്രം വ്യക്തമാക്കുന്നു. ഇതിന് പുറമെ, പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത സമയത്ത് ഫോർട്ട് യൂണിയൻ ട്രേഡിംഗ് പോസ്റ്റ് നാഷണൽ ഹിസ്റ്റോറിക് സൈറ്റിൽ ഇയാൻ അനധികൃതമായി പ്രവേശിക്കുകയും ആയുധം കൈവശം വെച്ചിരുന്നെന്നും വ്യക്തീകരിച്ചു.
ഇത്തരം ഭീഷണികൾ രാജ്യസുരക്ഷക്ക് നേരിട്ട് ഭീഷണിയാകുന്നവയാണെന്നും, ഫെഡറൽ അന്വേഷണ ഏജൻസികൾ സംഭവത്തെ അതീവ ഗൗരവത്തോടെ കാണുകയാണെന്നും അധികൃതർ വ്യക്തമാക്കി.