
കൊച്ചി ∙ തീപിടിച്ച് അപകടസ്ഥിതിയിലായ ചരക്കുകപ്പലിൽ നിന്നുള്ള വലിയ അപകടഭീഷണിയേയാണ് ഇന്ത്യൻ കോസ്റ്റ് ഗാർഡ് റിപ്പോർട്ട് ചെയ്യുന്നത്. വാൻ ഹായ് 503 എന്ന പേരിലുള്ള 269 മീറ്റർ നീളമുള്ള കപ്പലിലാണ് തീപിടിത്തമുണ്ടായതും രക്ഷാപ്രവർത്തനങ്ങൾ തുടങ്ങിയതും.
കപ്പലിൽ നാലു വിഭാഗങ്ങളിലായി അപകടകാരികളായ വസ്തുക്കളാണ് ഉണ്ടായിരുന്നത് – തീപിടിക്കാവുന്ന ദ്രാവകങ്ങൾ, തീപിടിക്കാവുന്ന ഖരവസ്തുക്കൾ, തനിയെ തീപിടിക്കാവുന്ന വസ്തുക്കൾ, രാസവിഷം അടങ്ങിയ വസ്തുക്കൾ എന്നിവയാണെന്ന് അഴീക്കൽ പോർട്ട് ഓഫിസർ ക്യാപ്റ്റൻ അരുണ്‍ കുമാര്‍ അറിയിച്ചു. ഈ വസ്തുക്കളെ അടിസ്ഥാനമാക്കി തീപിടിത്തം കൂടുതൽ വ്യാപിക്കാനാണ് സാധ്യത. ഇതിനിടെ ഒരു കണ്ടെയ്‌നർ പൊട്ടിത്തെറിച്ചുവെന്നും മറ്റ് കണ്ടെയ്‌നറുകളിൽ നിന്നും സ്ഫോടനം ഉണ്ടാകാമെന്ന മുന്നറിയിപ്പുമുണ്ട്.
അപകടസാധ്യത കണക്കിലെടുത്ത് അഞ്ചു കോസ്റ്റ് ഗാർഡ് കപ്പലുകളും മൂന്നു വിമാനങ്ങളും രക്ഷാദൗത്യത്തിനായി വിന്യസിച്ചിരിക്കുകയാണ്. ഐസിജിഎസ് രാജദൂത്, അർണവേഷ്, സചേത് തുടങ്ങിയ കപ്പലുകൾ അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ഏറ്റവും അടുത്തുള്ള ബേപ്പൂർ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കേന്ദ്രമായി മാറിയിരിക്കുകയാണ്. കേരള മാരിടൈം ബോർഡിന്റെ നിയന്ത്രണത്തിലുള്ള ബേപ്പൂർ തുറമുഖം ഇപ്പോൾ എല്ലാ അടിയന്തരപ്രവർത്തനങ്ങൾക്കും ഒരുക്കത്തിലാണ്.
കപ്പലിലുണ്ടായിരുന്ന 22 ജീവനക്കാരെയും രക്ഷപ്പെടുത്തി ബേപ്പൂർ തുറമുഖത്തേക്കാണ് എത്തിച്ചിരിക്കുന്നതെന്ന് ക്യാപ്റ്റൻ അരുണ്‍ കുമാർ അറിയിച്ചു. അപകടത്തെക്കുറിച്ചും തീപിടിത്തത്തിന്റെ ഉറവിടത്തെക്കുറിച്ചുമുള്ള അന്വേഷണങ്ങൾ തുടരുകയാണ്.