GulfLatest NewsNewsOther CountriesPolitics

മിസൈലുകള്‍ തലയ്ക്കു മുകളിലൂടെ; ഇറാനിയന്‍ കുടുംബം രക്ഷകനായി: ടെഹ്‌റാനില്‍ മലയാളി അഭിമുഖം മരണത്തോടൊപ്പം

ടെഹ്‌റാന്‍: ഇസ്രയേല്‍-ഇറാന്‍ സംഘര്‍ഷത്തില്‍ മരണത്തെ നേരില്‍ കണ്ട കനത്ത അനുഭവം പങ്കുവെക്കുകയാണ് മലപ്പുറം തിരൂരങ്ങാടി അബ്ദുറഹിമാന്‍ നഗര്‍ സ്വദേശിയായ അഫ്‌സല്‍. ദുബായില്‍ നിന്നും ബിസിനസിനായി ടെഹ്‌റാനില്‍ എത്തിയ അഫ്‌സലും സുഹൃത്ത് മുഹമ്മദ് കോട്ടയ്ക്കല്‍ പരപ്പൂര്‍ സ്വദേശിയും ഇപ്പോള്‍ ഇറാനിലെ യെസ്ദില്‍ തുടരുകയാണ്. യുദ്ധം മുറുകിയതോടെ ദിവസങ്ങളോളം ഭയത്തോടെ ഒളിച്ചിരുന്നിട്ടാണ് അവർ ഇപ്പോള്‍ ഒരു ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടില്‍ സുരക്ഷിതരായിരിക്കുന്നത്.

“കഴിഞ്ഞ തിങ്കളാഴ്ചയാണ് ഞങ്ങള്‍ ടെഹ്‌റാനില്‍ എത്തിയത്. ആക്രമണ സാധ്യതയുണ്ടെന്ന് വാര്‍ത്തകളിലൂടെ അറിഞ്ഞെങ്കിലും ഇങ്ങനെയൊരു രൂക്ഷത പ്രതീക്ഷിച്ചില്ല. ഹോട്ടലിലായിരുന്നു താമസം. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് മിസൈല്‍ ആക്രമണം ആരംഭിച്ചത്. രണ്ട് ദിവസം മുറിയില്‍ നിന്നു പോലും പുറത്തേക്കുപോകാന്‍ കഴിയാതിരുന്നതാണ് ഭീകരത. വലിയ ശബ്ദങ്ങള്‍, കറുത്ത പുക, ചുറ്റും ഭീതിയായിരുന്നു.”

“ഞങ്ങള്‍ ഹോട്ടലില്‍ ഇരുമ്പോള്‍ ഇന്ത്യന്‍ എംബസിയെ വിളിച്ചു. ‘ഏതാണോ നിങ്ങളുടെ സ്ഥാനം, അവിടെ തന്നെ തുടരുക’ എന്നായിരുന്നു മറുപടി. പക്ഷേ ഞങ്ങള്‍ തീരുമാനിച്ചു നേരില്‍ പോകാമെന്ന്. എംബസിയിലേക്ക് ഇറങ്ങുമ്പോഴാണ് സംഭവിച്ചത്. നൂറു മീറ്റര്‍ അകലെയാണ് ബോംബ് പൊട്ടിയത്. മൂന്ന് വശങ്ങളിലും കറുത്ത പുക. മിസൈലാണോ ഷെല്‍ ആണോ അറിയില്ല, വലിയ ശബ്ദത്തോടെയാണ് പൊട്ടിത്തെറിച്ചത്.”

“അടുത്തു കണ്ട ഒരു ഭൂഗര്‍ഭ മെട്രോ സ്‌റ്റേഷനിലേക്കാണ് ഞങ്ങള്‍ ഓടിയത്. അവിടത്തെ ആഴം ഞങ്ങളെ കുറേ നേരത്തേക്ക് സുരക്ഷിതമാക്കി. പിന്നീടാണ് വീണ്ടും ഹോട്ടലിലേയ്ക്ക് മടങ്ങിയത്. പല രാജ്യങ്ങളും പൗരന്മാരെ മാറ്റിനിര്‍ത്താന്‍ ശ്രമിക്കുന്നതാണെന്ന വാര്‍ത്തയും കിട്ടി. പിന്നീട് പുലര്‍ച്ചെ നാലുമണിക്ക് ഒരു ഇറാനിയന്‍ കുടുംബം സ്വന്തം വാഹനത്തില്‍ ഞങ്ങളെയും കൂട്ടി. ഏകദേശം പത്ത് മണിക്കൂര്‍ റോഡുമാര്‍ഗ്ഗം യാത്ര ചെയ്തു. മിസൈലുകള്‍ തലയ്ക്കു മുകളിലൂടെ പോകുന്നത് പോലെ തോന്നി. യാത്രയ്ക്കിടയിലൊരിക്കലും ഞങ്ങള്‍ക്ക് ഉറപ്പില്ലായിരുന്നു സുരക്ഷിതമായി ലക്ഷ്യത്തിലെത്തുമോയെന്ന്.”

“ദൈവകൃപ കൊണ്ടാണ് എന്തുമാകാതെ യാത്ര പൂര്‍ത്തിയാക്കാനായത്. ഒടുവില്‍ യെസ്ദില്‍ എത്തി. ഇപ്പോള്‍ അവിടെ ഒരു ഇറാനിയന്‍ കുടുംബത്തിന്റെ വീട്ടിലാണ് താമസം. ഇവിടെ സൈനികകേന്ദ്രങ്ങളോ ആണവകേന്ദ്രങ്ങളോ ഇല്ല. അതിനാല്‍ താല്‍ക്കാലികമായി സുരക്ഷിതമെന്ന് വിശ്വസിക്കുന്നു. എന്നാല്‍ സമീപത്ത് യുറേനിയം ഖനനം നടക്കുന്ന സ്ഥലമാകയാല്‍ കുറച്ച് ഭയമുണ്ട്.”

“നോര്‍ക്കയും ഇന്ത്യന്‍ എംബസിയും ബന്ധത്തിലുണ്ട്. ഇറാനിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളെ അര്‍മേനിയ അതിര്‍ത്തിയിലേക്കായി മാറ്റാന്‍ ശ്രമം തുടങ്ങിയതായാണ് വിവരം. അതിര്‍ത്തികള്‍ തുറക്കുമ്പോള്‍ നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമം നടത്താനാണ് തീരുമാനം. കടല്‍മാര്‍ഗ്ഗം ഷാര്‍ജയിലേക്കുള്ള യാത്ര സാധ്യതകളും പരിശോധിക്കുന്നുണ്ട്,” അഫ്‌സല്‍ പറഞ്ഞു.

Show More

Related Articles

Back to top button