AmericaKeralaLatest NewsLifeStyleNewsSports

ടെക്‌സസ് കപ്പ് സോക്കറിൽ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് തിളങ്ങി; എഫ്‌സിസി ഡാലസ് റണ്ണേഴ്‌സ് അപ്പ്

ഡാലസ്: എഫ്‌സിസി ഡാലസ് മലയാളി സോക്കർ ക്ലബ് സംഘടിപ്പിച്ച പത്താമത് ടെക്‌സസ് കപ്പ് സോക്കർ ടൂർണമെന്റിന്റെ പ്രധാന കാറ്റഗറിയിൽ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ് വിജയിച്ചു. ശക്തരായ എതിരാളികളായ എഫ്‌സിസി ഡാലസിനെതിരെ നടന്ന കഠിനമായ ഫൈനലിൽ ഒടുവിൽ ഓസ്റ്റിൻ ടീം ജയം സ്വന്തമാക്കി. എഫ്‌സിസി ഡാലസ് റണ്ണേഴ്‌സ് അപ്പായി.

ടെക്‌സസിലെ ഡെന്റണിലുള്ള ക്രോസ്‌ബാർ ഫീൽഡിൽ നടന്ന മത്സരത്തിൽ അമേരിക്കയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 16 മലയാളി ടീമുകൾ പങ്കെടുത്തു. മികച്ച പ്രകടനം നടത്തിയ ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സിന്റെ ഹയാൻ സാദിഖ് മികച്ച കളിക്കാരനുള്ള എംവിപി പുരസ്‌ക്കാരം നേടി. എഫ്‌സിസി ഡാലസിന്റെ റോവൻ ടൂർണമെന്റിലെ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം ആയതിനാൽ ഗോൾഡൻ ബൂട്ട് ട്രോഫി അദ്ദേഹത്തിനായി. എഫ്‌സിസിയുടെ ജെസ്‌വിൻ മികച്ച ഡിഫൻഡറായും, ഓസ്റ്റിൻ ടീം ഗോളികീപ്പർ തിമത്തി മികച്ച ഗോൾകീപ്പറായും തിരഞ്ഞടിക്കപ്പെട്ടു.

40 വയസ്സിനു മുകളിലുള്ള കളിക്കാർക്കായി നടത്തിയ മത്സരത്തിൽ ഡാലസ് ഡയനാമോസ് ചാമ്പ്യന്മാരായി. ഈ വിഭാഗത്തിലും എഫ്‌സിസി ഡാലസ് രണ്ടാമതായി. മികച്ച കളിക്കാരനുള്ള ട്രോഫി ഡാലസ് ഡയനാമോസിന്റെ പ്രദീപിനും, ഗോൾഡൻ ബൂട്ട് ബിനു തോമസിനും (ഡയനാമോസ്), മികച്ച ഡിഫൻഡർ എഫ്സിസിയുടെ ടൈറ്റസിനും, മികച്ച ഗോളികീപ്പർ ഡയനാമോസിന്റെ പ്രകാശിനും ലഭിച്ചു.

വിജയികളെയും മികച്ച കളിക്കാരെയും ആദരിച്ച് നടന്ന സമാപനച്ചടങ്ങിൽ ഡോ. വിന്നി സജി, ഷിനു പുന്നൂസ്, ഷിജു എബ്രഹാം, ഡോ. മനോജ് എബ്രഹാം എന്നിവർ ട്രോഫികൾ സമ്മാനിച്ചു. വിനോദ് ചാക്കോ, പ്രദീപ് ഫിലിപ്പ്, ആശിഷ് തെക്കേടം എന്നിവർ സംഘാടകസംഘത്തെ നയിച്ചു.

സന്തോഷവും ആവേശവുമായി നിറഞ്ഞ ഈ ടൂർണമെന്റ് മലയാളി കായിക പ്രേമികൾക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവമായി മാറി.

Show More

Related Articles

Back to top button