
ഡാലസ് : ക്ഷേത്രകലകളുടെ വൈവിധ്യവും പാരമ്പര്യ ആചാരങ്ങളും നിറഞ്ഞുനിന്ന ഡാലസ് മലയാളി അസോസിയേഷന്റെ ഓണാഘോഷം ഭംഗിയായി നടന്നു. നൂറുകണക്കിന് മലയാളികൾ പങ്കെടുത്ത ചടങ്ങ് കരോൾട്ടൺ സിറ്റി മേയർ സ്റ്റീവ് ബാബിക് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് ജൂഡി ജോസ് സ്വാഗതം പറഞ്ഞു. വിദേശരാജ്യങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന സാംസ്കാരിക പാരമ്പര്യങ്ങളെ അമേരിക്കൻ ജനത ആവേശത്തോടെയും സ്നേഹത്തോടെയും സ്വീകരിക്കുന്നുണ്ടെന്ന് മേയർ അഭിപ്രായപ്പെട്ടു. മേയറിനെ സദസിനു പരിചയപ്പെടുത്തിയത് സുനി ലിന്‍ഡ ഫിലിപ്പ് ആയിരുന്നു.
നോർത്ത് ടെക്സസിലെ മലയാളി കുടുംബങ്ങൾക്കൊപ്പം കേരളത്തിലെ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന അഞ്ച് അഗതിമന്ദിരങ്ങളിലെ ആയിരത്തിലഞ്ഞുറിലധികം വരുന്ന അഗതികൾക്കും അനുഭവിക്കാവുന്ന തരത്തിൽ ഓണം ആഘോഷിക്കുന്നതിനുള്ള അവസരം ലഭിച്ചതിൽ തികഞ്ഞ ചാരിതാർഥ്യമുണ്ടെന്ന് ജൂഡി ജോസ് പറഞ്ഞു.
ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും ഇൻഡോ അമേരിക്കൻ നഴ്സസ് അസോസിയേഷൻ സ്ഥാപകനേതാവുമായ ജീവകാരുണ്യ പ്രവർത്തക എലിക്കുട്ടി ഫ്രാൻസിസിനെ മേയർ പൊന്നാടയണിച്ച് ഫലകം നൽകി ആദരിച്ചു.
ഫോമ മുൻ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ, അസോസിയേഷൻ ട്രസ്റ്റ് ബോർഡ് ചെയർമാൻ ബിനോയി സെബസ്റ്റ്യൻ, ഫോമ സൗത്ത് റീജിയൻ വൈസ് പ്രസിഡന്റ് ബിജു തോമസ്, മുൻ പ്രസിഡന്റ് സാം മത്തായി, സാംസ്കാരിക പ്രവർത്തകൻ ജോജോ കോട്ടാക്കൽ എന്നിവർ പ്രസംഗിച്ചു.
കലാപരിപാടികളുടെ ഭാഗമായി നിയ ചേരിപാറക്കൽ അവതരിപ്പിച്ച മോഹിനിയാട്ടം ഹൃദ്യമായി. പ്രശസ്ത നർത്തകിയും അവതാരകയുമായ ജ്യോതിയും സംഘവും അവതരിപ്പിച്ച തിരുവാതിരയും ഫോക് ഡാൻസും ആകർഷകമായി. ഡാലസ് വാദ്യകലാകേന്ദ്രം ഒരുക്കിയ വാദ്യമേളം, ബിജുവും ടിന്‍റു ഡോറും സംഘാംഗങ്ങളും അവതരിപ്പിച്ച സംഗീതമേള, യുവാക്കൾ നിറഞ്ഞാടിയ മാർഗംകളി എന്നിവയും ശ്രദ്ധനേടി.
ചടങ്ങിൽ ഐറിൻ കല്ലൂർ അവതാരകയായിരുന്നു. വിനോദ് കോണ്ടണ്ടൂർ നന്ദി പറഞ്ഞു. ഡക്സ്റ്റർ ഫേരേര, രഷ്മ രഞ്ജിത്, സൈജു വർഗീസ്, ഷാജി അലപ്പാട്ട്, മനോജ് മഠത്തിൽ, ശ്രീനാഥ് ഗോപാലകൃഷ്ണൻ, അബീഷ്, സുനു ആന്റണി, മധു, ജോഷി, ബിനോ കല്ലങ്കൽ, സിന്‍ജോ തോമസ് പ്രവീൺ, ജോഫിൻ എന്നിവർ അടങ്ങുന്ന അമ്പതംഗ സംഘാടകസമിതി പരിപാടികൾക്ക് നേതൃത്വം നൽകി.




