മിഗ്–21ന് വീരവിടവാങ്ങല്‍; അനുസ്മരണ സ്റ്റാമ്പ് പുറത്തിറക്കി

ചണ്ഡിഗഡ്∙ ആറു പതിറ്റാണ്ടിലേറെ നീണ്ട ഐതിഹാസിക സേവനത്തിന് വിരാമം കുറിച്ച് മിഗ്–21 യുദ്ധവിമാനങ്ങള്‍ക്ക് രാജ്യം വീരോചിത യാത്രയയപ്പ് നല്‍കി. വാട്ടര്‍ സല്യൂട്ടോടെയായിരുന്നു വിടവാങ്ങല്‍.
രാജ്യത്തിന്റെ ശക്തിയുടെ പ്രതീകമായിരുന്നു മിഗ്–21 എന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അനുസ്മരിച്ചു. 62 വര്‍ഷക്കാലം ഇന്ത്യയുടെ ആകാശം കാത്തുവെന്ന മഹത്തായ സേവനത്തിന് രാജ്യത്തിന്‍റെ ബിഗ് സല്യൂട്ട് അര്‍പ്പിച്ചതായി മന്ത്രി പറഞ്ഞു.
ചണ്ഡിഗഡില്‍ നടന്ന വ്യോമസേനയുടെ യാത്രയയപ്പ് ചടങ്ങില്‍ മിഗ്–21 വിമാനങ്ങള്‍ അവസാന ശക്തിപ്രകടനം നടത്തി. വിവിധ ഫോര്‍മേഷനുകളില്‍ വിമാനം പറത്തിയപ്പോള്‍ ആകാശവിസ്മയമായിരുന്നു കാഴ്ച. പ്രതിരോധ മന്ത്രി, സേനാ മേധാവിമാര്‍ എന്നിവര്‍ ചടങ്ങിന് സാക്ഷികളായി.
അവസാന ഫ്ലൈപാസ്റ്റില്‍ എയര്‍ ചീഫ് മാര്‍ഷല്‍ എ.പി. സിങ് മിഗ്–21 പറത്തി. ചരിത്രപരമായ ദൗത്യങ്ങള്‍ നടന്നപ്പോഴൊക്കെ മിഗ്–21 ത്രിവര്‍ണ പതാകയുടെ അഭിമാനം കാത്തുവെന്ന് മന്ത്രി ഓര്‍മിപ്പിച്ചു.
വ്യോമസേനയുടെ സേവനത്തിലുണ്ടായിരുന്ന തൊള്ളായിരത്തിലധികം മിഗ്–21കളില്‍ അവസാന ബാച്ചിലെ 36 വിമാനങ്ങളാണ് ഇപ്പോള്‍ യാത്രപറയുന്നത്. അനുസ്മരണ കവറും സ്റ്റാമ്പും പ്രതിരോധമന്ത്രി പ്രകാശനം ചെയ്തു. മിഗ്–21 ഇനി ഇന്ത്യയുടെ അഭിമാന സ്മരണയായി.




