തൃശൂർ: പാലിയേക്കര ടോൾപ്ലാസയിലെ ടോൾ പിരിവ് ഇന്നും പുനരാരംഭിക്കില്ല. ഹൈക്കോടതി ഇടക്കാല സ്റ്റേ ഉത്തരവ് തുടരുകയാണ്. ടോൾ പിരിവ് സംബന്ധിച്ച ഹർജി വെള്ളിയാഴ്ച വീണ്ടും പരിഗണിക്കാനാണ് ഹൈക്കോടതി തീരുമാനിച്ചിരിക്കുന്നത്.
മുരിങ്ങൂർ ഭാഗത്ത് ദേശീയപാതയുടെ ഒരുവശം ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ സ്വീകരിച്ച പരിഹാരനടപടികളെക്കുറിച്ച് ജില്ലാ കലക്ടർ കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഗതാഗതക്കുരുക്ക് സംബന്ധിച്ച വിവരങ്ങളും കലക്ടർ കോടതിയെ അറിയിച്ചു.
ഓഗസ്റ്റ് 6-നാണ് പാലിയേക്കര ടോൾ പിരിവ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തരവിറക്കിയത്. ഉത്തരവ് തിരുത്തി ടോൾ പിരിവ് പുനരാരംഭിക്കാൻ അനുമതി നൽകണമെന്നതാണ് ദേശീയപാതാ അതോറിറ്റിയുടെയും കരാർ കമ്പനിയും ഉന്നയിച്ച ആവശ്യം.
എന്നാൽ കഴിഞ്ഞ ഏഴ് തവണയും ഹൈക്കോടതി ഈ ആവശ്യം അംഗീകരിച്ചിരുന്നില്ല. ഇതോടെ നാലാഴ്ചയായി മരവിപ്പിച്ചിരിക്കുന്ന ടോൾ പിരിവ് പുനരാരംഭിക്കാനുള്ള നീക്കങ്ങൾ വീണ്ടും പ്രതിസന്ധിയിലായി.














































