ഒബാമയുടെ പ്രസ്താവനയിൽ ട്രംപിന്റെ പേര് ഒഴിവാക്കി; സമാധാന കരാറിനെ ചുറ്റിപ്പറ്റി അമേരിക്കൻ രാഷ്ട്രീയത്തിൽ വാക്കേറ്റം

വാഷിങ്ടൺ ∙ ഇസ്രയേലും ഹമാസും ഉൾപ്പെടെ മധ്യപൂർവദേശത്ത് നടപ്പാക്കിയ സമാധാന കരാറിനെ അഭിനന്ദിച്ച് ലോകനേതാക്കൾ രംഗത്തെത്തിയപ്പോൾ, മുൻ അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമയുടെ പ്രസ്താവന വിവാദമായി. കരാറിന്റെ യാഥാർഥ്യത്തിലേക്ക് നയിച്ച ഡോണൾഡ് ട്രംപിന്റെ പങ്ക് അദ്ദേഹം മനഃപൂർവം വിസ്മരിച്ചതായാണ് ട്രംപ് അനുകൂലികൾ ആരോപിക്കുന്നത്.
യുദ്ധത്തിന് വിരാമമുണ്ടാകാനും ബന്ധനസ്ഥരായവർക്ക് മോചനം ലഭിക്കാനും, ഗാസയിൽ മാനുഷിക സഹായം എത്തിക്കാനും ആശംസിച്ചുകൊണ്ട് ഒബാമ പ്രസ്താവന പുറത്തിറക്കി. “യുദ്ധം മൂലം ജീവിതം താറുമാറായവർക്ക് പുനരധിവാസം ലഭിക്കട്ടെ. ഇസ്രയേലികളും പലസ്തീനികളും യുഎസിന്റെയും ലോക സമൂഹത്തിന്റെയും പിന്തുണയോടെ ഗാസയുടെ പുനർനിർമാണം നടത്താനും ദീർഘകാല സമാധാനം കൈവരിക്കാനും കഴിയട്ടെ,” എന്ന് അദ്ദേഹം രേഖപ്പെടുത്തി.
എന്നാൽ, ഈ പ്രസ്താവനയിൽ ട്രംപിന്റെ പേര് ഉൾപ്പെടുത്താതിരുന്നതാണ് വലതുപക്ഷ നേതാക്കളെയും ട്രംപിന്റെ അനുയായികളെയും പ്രകോപിപ്പിച്ചത്. ട്രംപിന്റെ മകനായ ഡോണൾഡ് ട്രംപ് ജൂനിയർ, “ഞാൻ ഈ പ്രസ്താവന അവസാനിപ്പിച്ച് പറയട്ടെ — താങ്ക് യൂ, പ്രസിഡന്റ് ഡോണൾഡ് ട്രംപ്,” എന്ന് ട്വീറ്റ് ചെയ്തു.
ട്രംപിന്റെ ഉപദേഷ്ടാക്കൾ, “ഹേ, ബറാക്, നീ ‘താങ്ക് യൂ പ്രസിഡന്റ് ട്രംപ്’ എന്ന് പറയാൻ മറന്നു!” എന്ന അടിക്കുറിപ്പോടെ ഒബാമയെ പരിഹസിച്ചു. പിന്നാലെ വൈറ്റ് ഹൗസ് കമ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചെയൂങ്, “അദ്ദേഹത്തിന്റെ പേര് പറയൂ — പ്രസിഡന്റ് ഡോണൾഡ് ജെ. ട്രംപ്,” എന്ന് ആവശ്യപ്പെട്ടു.
യുഎസ് സ്പെഷൽ എൻവോയ് റിച്ചാർഡ് ഗ്രെനെൽ, ഒബാമയുടെ പോസ്റ്റ് പങ്കുവച്ച് “തീ കൊളുത്തിയയാൾ ഇപ്പോൾ അഗ്നിശമന സേനാംഗങ്ങളെ പ്രശംസിക്കുന്നു” എന്ന വാചകത്തോടെ പരിഹസിച്ചു. മിസോറി സെനറ്റർ എറിക് ഷ്മിറ്റ് ഇതിലും കടുത്ത ഭാഷയിൽ പ്രതികരിച്ചു. “ഒബാമയ്ക്ക് ട്രംപിന്റെ പേര് പോലും ഉച്ചരിക്കാൻ കഴിയുന്നില്ല. ആധുനിക അമേരിക്കയിലെ ഏറ്റവും വിഭാഗീയനായ പ്രസിഡന്റാണ് ഒബാമ. ഏറ്റവും മഹത്തായ സമാധാനനിമിഷത്തിലും ഐക്യത്തിന്റെ വക്താവാകാൻ അദ്ദേഹത്തിന് സാധിച്ചില്ല,” എന്നും ഷ്മിറ്റ് പറഞ്ഞു.
സമാധാന കരാറിനെച്ചൊല്ലിയുള്ള ലോകവ്യാപക അഭിനന്ദന പ്രവാഹത്തിനിടെ, മുൻ യുഎസ് പ്രസിഡന്റുമാരെ ചുറ്റിപ്പറ്റിയ ഈ വാക്കേറ്റം അമേരിക്കൻ രാഷ്ട്രീയത്തിലെ പഴയ വൈരങ്ങൾ വീണ്ടും പുറത്തെടുത്തിരിക്കുന്നു.




