ട്രംപ് ആവർത്തിച്ചത് 52 തവണ; ഇന്ത്യ–പാക് സംഘർഷത്തെ കുറിച്ച് മോദി മൗനം പാലിക്കുന്നത് എന്തെന്ന് കോൺഗ്രസ്

ന്യൂഡൽഹി: ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിച്ചത് താനാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ഗാസ സമാധാന ഉച്ചകോടിയിൽ വീണ്ടും ആവർത്തിച്ചതിനെ തുടർന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു.
ട്രംപിന്റെയും പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെയും പരാമർശങ്ങളെ കുറിച്ച് വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുന്നതിനെ കോൺഗ്രസ് വിമർശിച്ചു. “ഇന്ത്യ–പാക് സംഘർഷം തീർത്തെന്ന് ട്രംപ് 52 തവണ പറഞ്ഞിട്ടും, മോദി എന്തുകൊണ്ട് ഇതിനെ തള്ളുന്നില്ല?” എന്നായിരുന്നു പാർട്ടിയുടെ ചോദ്യം.
ഗാസ സമാധാന ഉച്ചകോടിയിൽ ട്രംപ് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനോട് “ഇത് സ്ഥിരീകരിക്കൂ” എന്ന് ആവശ്യപ്പെട്ടതായും, ഇന്ത്യ–പാക് സംഘർഷം അവസാനിപ്പിച്ചതിന് ട്രംപിന് നോബൽ സമ്മാനം ലഭിക്കണമെന്ന പരാമർശവും ഷെഹ്ബാസ് നടത്തിയതായും റിപ്പോർട്ടുകളുണ്ട്.
നൂറ് ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് സംഘർഷം അവസാനിപ്പിച്ചതെന്ന് ട്രംപ് ഇന്നലെയും പറഞ്ഞിരുന്നു.
അതേസമയം, ഗാസ സമാധാന പദ്ധതിക്ക് ട്രംപിനെ പുകഴ്ത്തിയാണ് പ്രധാനമന്ത്രി മോദി പ്രതികരിച്ചത്. ഈജിപ്തിൽ നടന്ന ഉച്ചകോടിയിൽ പാകിസ്ഥാൻ സേനാമേധാവി അസിം മുനീറിനെ “മഹാനായ ജനറൽ” എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പഹൽഗാമിൽ ഇന്ത്യക്കാരെ കൊലപ്പെടുത്തിയ ആ സൈനിക മേധാവിയെ ട്രംപ് പുകഴ്ത്തിയതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് എന്തെന്നു കോൺഗ്രസ് എംപി മാണിക്കം ടാഗൂർ ചോദിച്ചു.
വിദേശകാര്യമന്ത്രാലയം ഇതുസംബന്ധിച്ച് പ്രതികരിക്കേണ്ടതില്ലെന്ന നിലപാടാണ് സ്വീകരിച്ചതെന്ന റിപ്പോർട്ടുകളും പുറത്തുവന്നു.




